മേപ്പടിയാന്‍ ചിത്രത്തിന്റെ പോസ്റ്റര്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിതിന് പിന്നാലെ ഡിലീറ്റ് ചെയ്തതിന് ശേഷം നടി മഞ്ജു വാര്യര്‍ക്കെതിരെ നടക്കുന്ന സംഘി സൈബര്‍ അക്രമത്തില്‍ പ്രതികരിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍.
റിലീസ് പോസ്റ്റുകള്‍ അവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ നിന്ന് ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് മഞ്ജു വാര്യരുടെ സോഷ്യല്‍ മീഡിയ ടീം മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഉണ്ണിമുകുന്ദന്റെ പ്രതികരണം.
‘സുഹൃത്തുക്കളെ, മേപ്പടിയാന്‍ എന്ന എന്റെ സിനിമയുടെ പ്രചരണാര്‍ത്ഥം മഞ്ജു ചേച്ചി പങ്കുവെച്ച ഒരു സൗഹാര്‍ദപരമായ പോസ്റ്റുമായി ബന്ധപ്പെട്ട് അനാവശ്യ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഇത്തരത്തിലുള്ള ഏതെങ്കിലും റിലീസ് പോസ്റ്റുകള്‍ അവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ നിന്ന് ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് മഞ്ജു വാര്യരുടെ സോഷ്യല്‍ മീഡിയ ടീം മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്ന് ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.
അതിനാല്‍ ഞങ്ങള്‍ ഇവിടെ ഒരു പ്രശ്‌നവും കാണുന്നില്ല. പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുര്‍ബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും ഇവിടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
മഞ്ജു വാര്യര്‍ക്കെതിരെ അധിക്ഷേപ പോസ്റ്റുമായി വലതുനിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ അടക്കമുള്ള സംഘപരിവാര്‍ പ്രൊഫൈലുകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.