വമ്പന്‍ അടിപിടികളും വിറപ്പിക്കുന്ന വില്ലന്മാരുമില്ലാതെ തന്നെ, അത്യാവശ്യം ആകാംക്ഷയോട് കൂടി കാണാന്‍ സാധിക്കുന്ന ഒരു ചിത്രമാണ് ഉണ്ണി മുകുന്ദന്‍ നായകനും നിര്‍മ്മാതാവുമായ മേപ്പടിയാന്‍. പക്ഷെ കെട്ടിലും മട്ടിലും വളരെ പഴക്കമുള്ള സിനിമയെന്ന ഒരു പ്രതീതി നല്‍കുന്ന ഈ ചിത്രം, വളരെ വ്യക്തമായി സംഘപരിവാര്‍ നരേറ്റീവുകളെ കഥാപശ്ചാത്തലത്തിലും പ്രതീകങ്ങളിലും കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്.
2010ലാണ് മേപ്പടിയാന്റെ കഥ നടക്കുന്നത്. പക്ഷെ അതിനേക്കാള്‍ പഴക്കം ചെന്നതല്ലേ കഥാസന്ദര്‍ഭങ്ങളും കഥാപാത്രസൃഷ്ടിയുമെന്ന ഒരു തോന്നല്‍ സിനിമ കാണുന്നവരിലുണ്ടാകും. സ്ഥലകച്ചവടവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഒരു കൂട്ടം പ്രശ്‌നങ്ങളാണ് സിനിമയുടെ പ്ലോട്ട്. വളരെ സാങ്കേതികവും നിയമപരവുമായ പ്രശ്‌നങ്ങളും അതിനൊപ്പം ചില വൈകാരിക മുഹൂര്‍ത്തങ്ങള്‍ കൂടി കലര്‍ന്നാണ് സിനിമ മുന്നോട്ടുപോകുന്നത്. ഈ പ്ലോട്ടിനെ ആകാംക്ഷയോടെ കണ്ടിരിക്കാന്‍ തോന്നുന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നതാണ് മേപ്പടിയാന്റെ തിരക്കഥയുടെ പ്ലസ് പോയിന്റ്.
പ്രധാന കഥയിലേക്ക് പ്രവേശിച്ച ശേഷം, സിനിമയില്‍ നായകന് നേരെ ഒന്നിനു പിന്നാലെ ഒന്നായി പ്രശ്‌നങ്ങള്‍ വരുന്നത്, ‘ഇത് കുറച്ച് കൂടിപ്പോയില്ലേ’ എന്ന് തോന്നിച്ചിരുന്നു. എന്നാല്‍ ഓരോ പുതിയ പ്രതിസന്ധികളെയും പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിച്ചുകൊണ്ട് അവതരിപ്പിക്കാനും സ്ഥലവില്‍പനയിലെ നൂലാമാലകളിലൂടെ മാത്രം അവരെ ത്രില്ലടിപ്പിച്ചിരുത്താനും മേപ്പടിയാന് സാധിക്കുന്നുണ്ട്.
പക്ഷെ, നായകനുണ്ടാകുന്ന അപ്രതീക്ഷിതമായ സാമ്പത്തിക പരാധീനതകളും, ആരെയെങ്കിലും സഹായിക്കാനായി എല്ലാം വിട്ടുകൊടുക്കാനും എന്തും സഹിക്കാനും തയ്യാറാകുന്ന അയാളുടെ സ്വഭാവവുമൊന്നും ഒരു പുതുമയും നല്‍കുന്നുണ്ടായിരുന്നില്ല. ടൈറ്റില്‍ എഴുതുന്ന സമയത്തെ പാട്ടും ഷോട്ടുകളുമെല്ലാം സിനിമക്ക് തുടക്കത്തിലെ പഴഞ്ചന്‍ ലുക്ക് നല്‍കുന്നുണ്ട്.
സിനിമയിലെ പ്രധാന മോട്ടീവായി അവതരിപ്പിച്ച ‘എന്തുവന്നാലും ഒരു പെണ്‍കുട്ടിയുടെ കല്യാണം മുടങ്ങരുത്’ എന്ന ഡയലോഗും, വിവിധ കഥാപാത്രങ്ങളിലൂടെ ഇത് പല തവണ ആവര്‍ത്തിക്കപ്പെട്ടതും ഈ പഴകിയ അനുഭവത്തിന്റെ അളവ് കൂട്ടുന്നുണ്ട്.
കഥാസന്ദര്‍ഭങ്ങളില്‍ കാണിച്ച വൈദഗ്ധ്യവും ഭംഗിയും സംഭാഷണങ്ങളില്‍ കൊണ്ടുവരാന്‍ മേപ്പടിയാന് കഴിഞ്ഞിട്ടില്ല. പല പ്രധാന ഘട്ടങ്ങളിലെയും ഡയലോഗുകളില്‍ കൃത്രിമത്വം നിറഞ്ഞിരുന്നു. സിനിമയുടെ ഡബ്ബിങ്ങിലും ചില പ്രശ്‌നങ്ങളുള്ളതായി തോന്നിയിരുന്നു (പടം കണ്ട തിയേറ്ററിന്റെ പ്രശ്‌നവുമായിരിക്കാനും സാധ്യതയുണ്ട്)
ഇനി ചിത്രത്തില്‍ വളരെ വ്യക്തമായി തന്നെ പറഞ്ഞുവെക്കുന്ന സംഘപരിവാര്‍ നരേറ്റീവുകളെ കുറിച്ച് പറയാം. നല്ലവനും നന്മമരുവുമായ ഒരു ഹിന്ദു ചെറുപ്പക്കാരന്‍, ഒരു ക്രിസത്യന്‍ കുടുംബത്തെ സഹായിക്കാന്‍ ശ്രമിക്കുന്നതും എന്നാല്‍ ചിത്രത്തിലെ മറ്റു ക്രിസ്ത്യന്‍ – മുസ്‌ലിം കഥാപാത്രങ്ങള്‍ ചേര്‍ന്ന് ഈ ഹിന്ദു നായകനെ അങ്ങേയറ്റം ബുദ്ധിമുട്ടിക്കുന്നതുമാണ് സിനിമയുടെ കഥയെന്ന് തന്നെ ഒരു തരത്തില്‍ പറയാം. സ്ഥലക്കച്ചവടമല്ലായിരുന്നെങ്കിലും ഇതേ ഹിന്ദു-മുസ്‌ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളുമായി ബന്ധപ്പെട്ട സംഘി നരേറ്റീവിനെ സംവിധായകന്‍ കൊണ്ടുവരുമായിരുന്നുവെന്ന് ഉറപ്പിച്ചു പറയാം.
ചിത്രത്തിന്റെ ഒരു ഘട്ടത്തില്‍ അത്രയും നാള്‍ എല്ലാം സഹിച്ചു നിന്ന ജയകൃഷ്ണന്‍ ചുവടുമാറ്റുന്നുണ്ട്. ചില തിരിച്ചടികള്‍ കൊടുക്കുന്ന ഇയാളെ, കാണിക്കുമ്പോള്‍ ശബരിമലക്ക് പോകാന്‍ മാലയിട്ട കറുപ്പും കറുപ്പും വേഷവും മാസ് ബി.ജി.എമ്മും ടെയ്ല്‍ എന്‍ഡിലെ അയ്യപ്പ സ്വാമിയെ കുറിച്ചുള്ള പാട്ടും സിനിമയുടെ അതുവരെയുള്ള കഥയുമായി ഒരു ബന്ധവുമില്ലായിരുന്നു. അതിനെ അവിടെ കുത്തിക്കയറ്റിയത് എന്തിനാണെന്ന് ചോദ്യമുണ്ടാക്കിയിരുന്നു. തന്നെ ഉപദ്രവിക്കുന്നവരെ ഭഗവാന്‍ ശിക്ഷിക്കുമെന്നാണോ ഇനി ഉദ്ദേശിച്ചതെന്ന് അറിയില്ല.
സിനിമയിലുള്ള ഒരേയൊരു മുസ്‌ലിം കഥാപാത്രത്തെ, നായകന്റെ ദുരിതത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്നയാളായി നെഗറ്റീവ് ഷേഡിലാണ് അവതരിപ്പിച്ചിട്ടുള്ളത്. പലിശ ഹറാമാണെന്ന് പറയുന്ന ഇയാള്‍ സ്ഥലം ചുളുവിലക്ക് അടിച്ചെടുക്കാന്‍ ശ്രമിക്കുന്നതൊക്കെ കാണിച്ചിട്ടുണ്ട്.
തന്നെ കൂടെ നിന്ന് ചതിച്ചവരെയോ മറ്റ് രീതിയില്‍ ബുദ്ധിമുട്ടിച്ചവരെയോ ഒന്നും വകവെക്കാതെ ഇയാളെ തന്നെ പ്രതികാരം ചെയ്യാന്‍ നായകന്‍ തെരഞ്ഞെടുക്കുന്നത് കൂടിയാകുമ്പോള്‍ എല്ലാം പൂര്‍ത്തിയായി. അപ്പോ സംഘപരിവാറിന്റെ ഒളിച്ചുകടത്തലൊന്നുമല്ല, വ്യക്തമായി പറയുന്ന സിനിമ തന്നെയാണ് മേപ്പടിയാന്‍.
ശബരി റെയില്‍ പാതയുമായി ബന്ധപ്പെട്ട് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്ന ചില വാദങ്ങളെയും ക്രിസംഘി നരേറ്റീവുകളെയും സിനിമ പറയാതെ പറഞ്ഞുപോകുന്നുണ്ട്. കൂട്ടത്തില്‍ ചീറിപ്പാഞ്ഞെത്തുന്ന സേവാ ഭാരതി ആംബുലന്‍സ് പോലുള്ള അല്ലറ ചില്ലറ കാര്യങ്ങളും. സിനിമയിലെ ഈ സംഘപരിവാര്‍ കുത്തിക്കേറ്റലുകളെ കുറിച്ച് കൂടുതല്‍ നിരീക്ഷണങ്ങള്‍ വരും ദിവസങ്ങളില്‍ വരുമായിരിക്കാം.
ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച ജയകൃഷ്ണനാണ് മേപ്പടിയാനിലെ കേന്ദ്ര കഥാപാത്രം. നാട്ടുമ്പുറത്തെ ഒരു മെക്കാനിക്ക്, നാട്ടുകാര്‍ക്കെല്ലാം വേണ്ടപ്പെട്ടവന്‍, ആരെങ്കിലും സഹായം ചോദിച്ചാല്‍ മനസലിയുന്ന നിഷ്‌കളങ്കന്‍ എന്നെല്ലാം ജയകൃഷ്ണനെ പറയാം. കഥാപാത്രത്തിന് വളര്‍ച്ചയുണ്ടെങ്കിലും പ്രേക്ഷക മനസില്‍ മായാതെ നില്‍ക്കുമെന്നൊന്നും പറയാന്‍ കഴിയില്ല. സിനിമ ഇറങ്ങും മുന്‍പ് വന്നിരുന്ന ഹൈപ്പിനൊപ്പമെത്താന്‍ കഥാപാത്രത്തിന് കഴിഞ്ഞിട്ടില്ല.
പലതരം വികാരങ്ങളിലൂടെ കടന്നുപോകുന്ന ജയകൃഷ്ണനെ വേണ്ടരീതിയില്‍ അവതരിപ്പിക്കാന്‍ ഉണ്ണി മുകുന്ദനും സാധിച്ചിട്ടില്ല. ചില സന്ദര്‍ഭങ്ങളില്‍ സ്വാഭാവികമായ പ്രകടനമെന്ന് തോന്നിയെങ്കിലും പലയിടത്തും ഉണ്ണി മുകുന്ദന്റെ അഭിനയം പാളിപ്പോകുന്നുണ്ടായിരുന്നു. സഹതാരങ്ങളൊക്കെ അത്യാവശ്യം മികച്ച രീതിയിലുള്ള പ്രകടനം നടത്തുമ്പോള്‍, നായകന്റെ പ്രകടനം അതിനൊപ്പമെത്താത് സിനിമയെ ബാധിക്കുന്നുണ്ട്.
സാധാരണയായി സിനിമകളില്‍ നായികമാരുടെ സൗന്ദര്യവും ആകാരവടിവും കാണിക്കാന്‍ സ്ലോ മോഷനും പാട്ടും വെക്കുമായിരുന്നെങ്കില്‍ ഇതില്‍ അത് നായകന് വേണ്ടി മാറ്റിവെച്ചിട്ടുണ്ട് എന്നത് മാത്രമാണ് ഒരു വ്യത്യാസം. പക്ഷെ ഇതുകൊണ്ട് സിനിമക്ക് കാര്യമായ ഗുണമൊന്നുമുണ്ടായിട്ടില്ല.
ചിത്രത്തില്‍ ശ്രദ്ധിച്ചെഴുതപ്പെട്ടതും മികച്ച പെര്‍ഫോമന്‍സും നല്‍കിയതും സൈജു കുറിപ്പിന്റെ ഫിലിപ്പ് എന്ന വര്‍ക്കിച്ചനായിരുന്നു. ഉത്തരവാദിത്തബോധവുമില്ലാത്ത, എന്നാല്‍ എപ്പോഴും വലിയ വലിയ സ്വപ്‌നങ്ങളും തീരുമാനങ്ങളും തള്ളിവിടുന്നയാളായുള്ള സൈജുവിന്റെ പ്രകടനം മികച്ചു നിന്നുവെന്ന് തന്നെ പറയാം. ഒരു കാര്യവും വേണ്ട പോലെ ചെയ്യാതെ, ഓരോ ദിവസവും പുതിയ പദ്ധതികളുമായി ഇറങ്ങി, അതിന്റെ ഉത്തരവാദിത്തം മറ്റുള്ളവരുടെ തലയിലാക്കി സ്‌കൂട്ടാവുന്നവരുടെ ആള്‍രൂപമാണ് വര്‍ക്കിച്ചന്‍. പ്രേക്ഷകരില്‍ ഒരുതരം അമര്‍ഷം സൃഷ്ടിക്കാന്‍ ഈ കഥാപാത്രത്തിനാകുന്നുണ്ട്.
രാഷ്ട്രീയ നേതാവായെത്തുന്ന അജു വര്‍ഗീസ് തന്റെ ഭാഗങ്ങള്‍ നന്നായി ചെയ്തിട്ടുണ്ടെങ്കിലും ആ കഥാപാത്രത്തിന് വളര്‍ച്ചയോ വേണ്ട പശ്ചാത്തലമോ നല്‍കിയിട്ടില്ല. വളരെ കുറച്ച് സീനുകളില്‍ മാത്രമുള്ള ഇന്ദ്രന്‍സ് സൂത്രശാലിയായ ബിസിനസുകാരനായി തന്റെ ഭാഗം ഗംഭീരമാക്കിയിട്ടുണ്ട്. ഏത് വേഷവും അതിന്റെ പൂര്‍ണ്ണതയില്‍ സ്വാഭാവികതയോടെ അവതരിപ്പിക്കാന്‍, ഇന്ന് മലയാളത്തിലുള്ള മുന്‍പന്തിയിലായിരിക്കും അദ്ദേഹത്തിന്റെ സ്ഥാനമെന്ന് മേപ്പടിയാന്‍ വീണ്ടും തെളിയിക്കുന്നുണ്ട്.
കുണ്ടറ ജോണി, നിഷ സാംരഗ് എന്നിവരുടെ പെര്‍ഫോമന്‍സും ആശാന്‍, ഉണ്ണി മുകുന്ദന്റെ അമ്മ എന്നീ കഥാപാത്രങ്ങളായെത്തിയ അഭിനേതാക്കളും തങ്ങളുടെ ഭാഗം മികച്ചതാക്കിയിട്ടുണ്ട്. പക്ഷെ, സിനിമയിലെ നായിക എന്നൊക്കെ വിളിക്കാന്‍ പറ്റുന്ന അഞ്ചു കുര്യന്റെ കഥാപാത്രത്തിന് പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യാനുണ്ടായിരുന്നില്ല.
ഒരു സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് നടക്കുന്ന വിഷയങ്ങളിലൂടെ മാത്രം കഥ പറഞ്ഞുകൊണ്ട് പ്രേക്ഷകരെ ത്രില്ലില്‍ കൊണ്ടുപോകാന്‍ സാധിക്കുന്ന മേപ്പടിയാന്‍ പലപ്പോഴും വളരെ പഴയ ട്രാക്കിലേക്കാണ് നീങ്ങുന്നത്. കൂടാതെ, സിനിമ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിലെ അപകടങ്ങളും കൂടുതല്‍ ചര്‍ച്ചകളിലേക്ക് വഴിവെക്കും.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Meppadiyan movie review | Unni Mukundan| Vishnu Mohan