| Monday, 24th January 2022, 12:30 pm

നാല് വര്‍ഷം കാത്തുസൂക്ഷിച്ച സ്വപ്നം ആണ് മേപ്പടിയാന്‍; പൈറസി പ്രിന്റ് കാണുന്നത് വേദനപ്പിക്കുന്നുവെന്ന് ഉണ്ണി മുകുന്ദന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രമായ മേപ്പടിയാന്‍ സോഷ്യല്‍ മീഡിയയിലാകെ ചര്‍ച്ചയാവുകയാണ്. സമ്മിശ്രപ്രതികരണമാണ് മേപ്പടിയാന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചിത്രത്തിലെ ജയകൃഷ്ണന്‍ ഉണ്ണി മുകുന്ദന്റെ കരിയര്‍ ബെസ്റ്റാണെന്ന വിലയിരുത്തലിനൊപ്പം ചിത്രത്തിലെ രാഷ്ട്രീയ നരേറ്റീവുകളും ചര്‍ച്ചയാവുന്നുണ്ട്.

എന്നാല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങുന്നുണ്ട്. ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.

പൈറസി പ്രിന്റ് ഇറങ്ങി പലരും അത് വീട്ടില്‍ ഇരുന്നു കാണുന്നു എന്നും വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ആദ്യമായി സംവിധാനം ചെയ്യുന്ന സംവിധായകന്‍ വിഷ്ണു മോഹനും സിനിമയെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചു മുതല്‍മുടക്കിയ തനിക്കും ഉണ്ടാകുന്ന വേദന പറഞ്ഞറിയിക്കാന്‍ പറ്റില്ല എന്നും ഉണ്ണി മുകുന്ദന്‍
പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എത്രയോ പേരുടെ അധ്വാനം ആണ് സിനിമ എന്നും 50% മാത്രം സീറ്റിങ് പരിധിയില്‍ ആണ് ഇപ്പോള്‍ തിയേറ്ററില്‍ ഓടുന്നതെന്നും ഓര്‍ക്കണം. ഒരുപാട് മുതല്‍മുടക്കില്‍ എടുക്കുന്ന സിനിമ പോലെ തന്നെയാണ് നമ്മുടെ സിനിമയും, സിനിമയെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചു മുതല്‍മുടക്കിയ ആളാണ് താനെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

‘നാല് വര്‍ഷം കൊണ്ട് വളരെ കഷ്ട്ടപ്പെട് മനസ്സില്‍ കാത്തുസൂക്ഷിച്ച സ്വപ്നം ആണ് ‘മേപ്പടിയാന്‍’! ഈ കൊവിഡ് പ്രതിസന്ധി കാലത്ത് പലരും തിയേറ്ററില്‍ നിന്നും പിന്‍വാങ്ങിയപ്പോളും വളരെ പ്രയാസപ്പെട്ടാണേലും ഞങ്ങളെ കൊണ്ട് ആകുംവിധം പ്രൊമോഷന്‍സ് ചെയ്ത് തിയേറ്ററില്‍ തന്നെ റിലീസ് ചെയ്തു.

വളരെ മികച്ച അഭിപ്രായത്തോട് കൂടി കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്ത് തിയേറ്ററില്‍ മുന്നേറികൊണ്ടിരിക്കുമ്പോള്‍ കേള്‍ക്കുന്നത് പൈറസി പ്രിന്റ് ഇറങ്ങി പലരും അത് വീട്ടില്‍ ഇരുന്നു കാണുന്നു എന്ന്. കൊവിഡ് ബാധിച്ച് തിയേറ്ററില്‍ വരാന്‍ പറ്റാത്തവര്‍ ഉണ്ടാകും. എന്നിരുന്നാലും മോറല്‍ എത്തിക്‌സ് വെച്ചിട്ട് തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന സിനിമ വീട്ടില്‍ ഇരുന്നു വ്യാജ പതിപ്പ് കാണുന്ന പ്രവണത നല്ലതല്ലെന്ന് ഞങ്ങള്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാമല്ലോ?’ ഉണ്ണി മുകുന്ദന്‍ ചോദിച്ചു.

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ആദ്യമായി സംവിധാനം ചെയുന്ന സംവിധായകന്‍ വിഷ്ണു മോഹനും ഉണ്ടാകുന്ന വേദന പറഞ്ഞറിയിക്കാന്‍ പറ്റില്ല. എത്ര തവണ പൈറസിക്കു എതിരെ പറഞ്ഞാലും ലാഘവത്തോടെ കാണുന്ന സമൂഹം ആയി മാറുന്ന കാഴ്ചയാണ് ഇപ്പോഴുമുള്ളതെന്നും അദ്ദേഹം പറഞ്ഞു.

‘തിങ്കള്‍ മുതല്‍ മേപ്പടിയാന്‍ 138 ഇല്‍ പരം തിയേറ്ററുകളില്‍ തുടരുന്നുണ്ട്. ഇപ്പോഴും മനുഷ്വത്വത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു,’ ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT Highlights:  Meppadiyan is a dream that has been preserved for four years; Unni Mukundan says it hurts to see piracy print

We use cookies to give you the best possible experience. Learn more