മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ മൂന്ന് വാര്‍ഡുകളെയാണ് സാരമായി ബാധിച്ചത്: മേപ്പാടി പഞ്ചായത്ത് സെക്രട്ടറി
Kerala News
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ മൂന്ന് വാര്‍ഡുകളെയാണ് സാരമായി ബാധിച്ചത്: മേപ്പാടി പഞ്ചായത്ത് സെക്രട്ടറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st July 2024, 10:02 am

മേപ്പാടി: മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടല്‍ മൂന്ന് വാര്‍ഡുകളെയാണ് സാരമായി ബന്ധിച്ചതെന്ന് മേപ്പാടി പഞ്ചായത്ത് സെക്രട്ടറി നൗഷാദലി. 10, 11, 12 വാര്‍ഡുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. പതിനൊന്നാം വാര്‍ഡായ മുണ്ടക്കൈയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായതെന്ന് നൗഷാദലി മനോരമ ന്യൂസിനോട് പറഞ്ഞു.

കണക്കുകള്‍ പ്രകാരം പതിനൊന്നാം വാര്‍ഡില്‍ 504 കെട്ടിടങ്ങളാണ് ഉള്ളത്. ഇതില്‍ 375 കെട്ടിടവും വീടുകളാണ്. മുണ്ടക്കൈയില്‍ 1.20ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഭൂരിഭാഗം വീടുകളും തകര്‍ന്നിട്ടുണ്ടെന്നാണ് നൗഷാദലി പറയുന്നത്. എന്നാല്‍ എത്ര വീട് തകര്‍ന്നു എന്നത് ഔദ്യോഗികമായി രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ വിലയിരുത്തലുകള്‍ അനുസരിച്ച് ആളുകള്‍ താമസമുള്ള 150 വീടുകള്‍ ഉരുള്‍പൊട്ടലില്‍ തകര്‍ന്നിട്ടുണ്ടെന്നാണ് നൗഷാദലി പറയുന്നത്. മുണ്ടക്കൈയില്‍ നിന്ന് ലഭിച്ച മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മേപ്പാടി പഞ്ചായത്ത് ഹാളിന് സമീപം പൊതുദര്‍ശത്തിന് വെക്കുമെന്നും അദ്ദേഹം പറഞ്ഞു. 94 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടുകിട്ടിയിട്ടുള്ളതെന്നും അതില്‍ 83 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നൗഷാദലി വ്യക്തമാക്കി.

തിരിച്ചറിയാത്ത എട്ട് പേരുടെ മൃതദേഹം മേപ്പാടിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും എല്ലാ മൃതദേഹങ്ങളുടെയും പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 53 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയെന്നും നൗഷാദലി പറഞ്ഞു. നിലമ്പൂരില്‍ നിന്ന് ലഭിച്ച മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും നൗഷാദലി അറിയിച്ചു.

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുകയാണ്. ഇതുവരെ 152 മരിച്ചതായാണ് റിപ്പോര്‍ട്ട്. 93 പേരെ കാണാനില്ലെന്നും ഔദ്യോഗിക കണക്കുകള്‍ പറയുന്നു. അതേസമയം നിലമ്പൂരിലെ പോത്തുകല്ലില്‍ നിന്ന് 60 മൃതദേഹങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുണ്ടക്കൈ പുഴയില്‍ നിന്നാണ് ചാലിയാറിലേക്ക് മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്നത്.

Content Highlight: Meppadi Panchayat Secretary Naushadali said that the landslide in Mundakai has severely affected three wards