ഉരുള്‍പൊട്ടിയ പുത്തുമല ഉള്‍പ്പെടെ മേപ്പാടി പഞ്ചായത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിലെ ഇനിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാവണം എന്നതില്‍ മാധവ് ഗാഡ്ഗിലിന്റെ ഉപദേശം സ്വീകരിക്കുമെന്ന് മേപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ സഹദ്. ഈ വിഷയത്തില്‍ ഗാഡ്ഗിലുമായി ചര്‍ച്ചക്കുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും സഹദ് പറഞ്ഞു. ഡെക്കാന്‍ ക്രോണിക്കിളിനോടായിരുന്നു സഹദിന്റെ പ്രതികരണം.
സംസ്ഥാനത്ത് മാധവ് ഗാഡ്ഗില്‍ സന്ദര്‍നം നടത്തുന്നുണ്ട്. സെപ്തംബര്‍ നാലിന് കവളപ്പാറയിലെ ഉരുള്‍പൊട്ടിയ പ്രദേശങ്ങളും അഞ്ചിന് പുത്തുമലയും സന്ദര്‍ശിക്കും. സെപ്തംബര്‍ ആറിന് കണ്ണൂരില്‍ പ്രകൃതി വിഭവങ്ങളുടെ ഉപയോഗത്തില്‍ സാമൂഹ്യ അവകാശള്‍ക്കുള്ള പങ്കിനെ കുറിച്ച് കണ്ണൂരില്‍ നടക്കുന്ന ശില്‍പ്പശാലയില്‍ പങ്കെടുക്കും.
മലപ്പുറം, വയനാട് ജില്ലകളിലുണ്ടായ ഉരുള്‍പൊട്ടലുകളുടെ പശ്ചാത്തലത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് കെ.എന്‍.എ ഖാദര്‍ എം.എല്‍.എ ആവശ്യമുയര്‍ത്തിയിരുന്നു . ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കല്‍ അടിയന്തര ആവശ്യമെന്നാണ് വേങ്ങര എം.എല്‍.എയുടെ പ്രതികരണം.
ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണം എന്ന നിലപാട് സ്വീകരിച്ച ഏക ജനപ്രതിനിധി പി.ടി തോമസ് എം.എല്‍എ ആയിരുന്നു.