ബ്രസൽസ്: ഗസയിലെ ഇസ്രഈൽ ആക്രമണത്തിൽ യൂറോപ്യൻ യൂണിയന്റെ നിലപാടിൽ പ്രതിഷേധിച്ച് യൂറോപ്യൻ പാർലമെന്റിലെ ഐറിഷ് എം.പി ക്ലാരെ ദാലി. യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഉർസുല വോൺ ഡർ ലെയനെ ‘ലേഡി ജീനോസൈഡ്’ എന്നും ക്ലാരെ ദാലി വിളിച്ചു.
ജനാധിപത്യത്തിലധിഷ്ഠിതമായി പ്രവർത്തിക്കേണ്ട സംഘടന ജനങ്ങളുടെ താത്പര്യം ചവിട്ടിമെതിച്ച് സ്വന്തം അജണ്ടകൾ നടപ്പാക്കുകയാണെന്നും അവർ ആരോപിച്ചു.
അയർലൻഡിലെ ഇടതുപക്ഷ പാർട്ടി ഇൻഡിപെൻഡന്റ് 4 ചേഞ്ചിന്റെ പ്രതിനിധിയാണ് ദാലി. പൗരന്മാരിൽ നിന്ന് ഒരു വോട്ട് പോലും ലഭിക്കാതെയാണ് ഉർസുല അധികാരത്തിലെത്തിയത് എന്ന് യൂറോപ്യൻ പാർലമെന്റിന്റെ പോഡിയത്തിൽ നിന്നുകൊണ്ട് ദാലി പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ വിദേശ നയങ്ങൾ മറികടക്കുകയാണ് ഇ.യു കമ്മീഷൻ പ്രസിഡന്റ് എന്നും ക്രൂരമായ വർണവിവേചന ഭരണകൂടത്തെ സജീവമായ ജനാധിപത്യമെന്ന് വിളിച്ച് കൊട്ടിഘോഷിക്കുന്നുവെന്നും ദാലി കുറ്റപ്പെടുത്തി.
നേരത്തെ സ്പെയിനിലെ സാമൂഹികാവകാശ മന്ത്രി ഇയോൻ ബെലാരയും ഗസയിലെ വംശഹത്യയിൽ യാതൊരു നടപടിയും സ്വീകരിക്കാത്തതിന് യൂറോപ്യൻ യൂണിയനെ വിമർശിച്ചിരുന്നു.
ഇസ്രഈലിന് വോൺ ഡർ ലെയൻ നൽകുന്ന അചഞ്ചലമായ പിന്തുണയിൽ നൂറുകണക്കിന് യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥർ അതൃപ്തരാണെന്ന് നേരത്തെ മാധ്യമ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഈ വർഷം ഏപ്രിലിൽ ഇസ്രഈൽ രാഷ്ട്ര രൂപീകരണത്തിന്റെ 75-ാമത് വാർഷികത്തിൽ നടത്തിയ പ്രഭാഷണത്തിൽ ഇസ്രഈലിനെ വോൺ ഡർ ലെയൻ പശ്ചിമേഷ്യയിലെ ഏറ്റവും സജീവമായ ജനാധിപത്യമെന്ന് വിശേഷിപ്പിച്ചിരുന്നു.
ഒക്ടോബർ ഏഴിന് ഇസ്രഈലിൽ ഹമാസ് നടത്തിയ ആക്രമണത്തെ തുടർന്ന് ഇസ്രഈലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂറോപ്യൻ കമ്മീഷന്റെ കെട്ടിടത്തിൽ ഇസ്രഈൽ പതാകയുടെ നിറങ്ങളിൽ ലൈറ്റുകൾ തെളിച്ചിരുന്നു.
ഒക്ടോബറിൽ ഇസ്രഈലിനോടുള്ള കമ്മീഷന്റെ നിലപാടിനെ അപലപിച്ചുകൊണ്ട് യൂറോപ്യൻ യൂണിയനിലെ 842 ഉദ്യോഗസ്ഥർ കത്തിൽ ഒപ്പുവെച്ചതായി ഐറിഷ് ടൈം റിപ്പോർട്ട് ചെയ്തിരുന്നു.
Content Highlight: MEP brands EU Commission head ‘Frau Genocide