Meow Review| അടിമുടി പാളിപ്പോയ മ്യാവൂ; എങ്ങുമെത്താതെ ലാല്‍ ജോസും സൗബിനും
Film Review
Meow Review| അടിമുടി പാളിപ്പോയ മ്യാവൂ; എങ്ങുമെത്താതെ ലാല്‍ ജോസും സൗബിനും
അന്ന കീർത്തി ജോർജ്
Saturday, 25th December 2021, 9:16 pm

ലാല്‍ ജോസ് – ഇക്ബാല്‍ കുറ്റിപ്പുറം ടീമിന്റെ ഏറ്റവും പുതിയ ചിത്രമാണ് മ്യാവു. ഒട്ടും ഒഴുക്കും ബലവുമില്ലാത്ത തിരക്കഥയും ക്ലാരിറ്റിയില്ലാത്ത ചിന്തകളുമാണ് മ്യാവു എന്ന സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നത്. അതുകൊണ്ട് ലാല്‍ ജോസ് ചിത്രങ്ങളില്‍ ശരാശരി നിലവാരം പുലര്‍ത്താതെ പോയ സിനിമകളുടെ കൂട്ടത്തിലായിരിക്കും മ്യാവൂവിന്റെ സ്ഥാനം.

അറബിക്കഥ, ഡയമണ്ട് നെക്ക്‌ലേസ്, വിക്രമാദിത്യന്‍ എന്നീ സിനിമകള്‍ക്ക് ശേഷം ലാല്‍ ജോസും ഇക്ബാല്‍ കുറ്റിപ്പുറവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മ്യാവൂ. ഈ മൂന്ന് ചിത്രങ്ങളെ കുറിച്ചും വ്യത്യസ്തമായ അഭിപ്രായമുണ്ടാകാമെങ്കിലും, അവ ഏതെങ്കിലുമൊക്കെ തരത്തില്‍ പ്രേക്ഷകനെ എന്‍ജോയ് ചെയ്യിപ്പിച്ചിട്ടുണ്ട്, പ്രത്യേകിച്ചും ആദ്യ രണ്ട് ചിത്രങ്ങള്‍. എന്നാല്‍ മ്യാവൂ അങ്ങനെയേയല്ല.

വ്യത്യസ്തമായ ഒരുപാട് വിഷയങ്ങള്‍ കുത്തിനിറച്ചുവെച്ച് എന്തൊക്കെയോ പറയാന്‍ നടത്തിയ വികലശ്രമമാണ് ഈ ചിത്രം. മുസ്‌ലിം മതവിശ്വാസം, റിലീജിയസായി ജീവിക്കുക എന്നത് വ്യക്തിപരമായും സാമൂഹ്യമായും കടന്നുവരുന്ന രീതികള്‍, വിവാഹം സ്ത്രീകളുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്നത്, പെട്ടെന്ന് കുഞ്ഞുങ്ങളുണ്ടാകുന്നത്, വിവാഹശേഷം കുടുംബിനികള്‍ മാത്രമാകേണ്ടി വരുന്ന സ്ത്രീകള്‍,അവരോട് ഭര്‍ത്താക്കന്മാര്‍ പുലര്‍ത്തുന്ന നിലപാട്, നിയമവിരുദ്ധമായി ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്നവര്‍ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ സിനിമയില്‍ ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്.

എന്നാല്‍ എന്തിനാണ്, എന്താണ് ഈ വിഷയങ്ങളെ കുറിച്ച് സിനിമ പറയുന്നതെന്ന് ഒരിക്കലും മനസിലാവുന്നുണ്ടായിരുന്നില്ല. സ്ലോ മോഷനും ഇമോഷണല്‍ മ്യൂസികും അകമ്പടിയായെത്തുന്ന രംഗങ്ങളിലും ക്ലൈമാക്‌സ് സീനിലുമടക്കം ഈ അവസ്ഥയാണ്.

സൗബിന്‍ കഥാപാത്രത്തെ കൊണ്ട് ലോകത്തോടുള്ള ഉപദേശമെന്ന നിലയില്‍ പഞ്ച് ഡയലോഗ് പറയിപ്പിക്കുന്നുണ്ടെങ്കിലും (ഉദ്ദേശ്യം നല്ലതായിരിക്കാം) അവയും ‘എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍’ എന്ന തോന്നലേ ഉണ്ടാക്കുന്നുള്ളു.

ചിത്രത്തില്‍ ഒരു പൂച്ചയിലൂടെ ജീവിതത്തിന്റെ ആഴത്തിലുള്ള അര്‍ത്ഥതലങ്ങള്‍ വരച്ചുകാണിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതും എങ്ങും തൊടാതെ പോകുകയാണ്. മുന്‍ധാരണകളെ അടിസ്ഥാനമാക്കിയുള്ള പാക്കിസ്ഥാനി കഥാപാത്ര സൃഷ്ടിയും പല ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്.


അറബിക്കഥ, ഡയമണ്ട് നെക്‌ലേസ് എന്നീ സിനിമകളില്‍ പ്രവാസി ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങള്‍ ഒരുപരിധി വരെ മികച്ച രീതിയില്‍ ചിത്രീകരിക്കാന്‍ ലാല്‍ ജോസിന് കഴിഞ്ഞിരുന്നെങ്കില്‍, മ്യാവൂവില്‍ അതും കൈവിട്ടുപോയി.

സിനിമയിലെ വിവിധ കഥാപാത്രങ്ങള്‍ പറയുന്നതും ചെയ്യുന്നതുമായ പല കാര്യങ്ങളും പ്രത്യേകിച്ച് ഒരു കാരണമോ പശ്ചാത്തലമോ ഇല്ലാതെയാണ് കടന്നുവരുന്നത്. ജമീല എന്ന വീട്ടുജോലിക്കാരിയുടെ സ്റ്റോറിലൈന്‍ മികച്ചതാക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്ന് മാത്രമല്ല, ആ കഥാപാത്രവും അവരെ അവതരിപ്പിച്ച രീതിയും കഥയില്‍ അനാവശ്യമായി തോന്നുകയും ചെയ്തു.

ദസ്തിക്കിര്‍/ദസ്‌തേയവിസ്‌കി എന്ന കഥാപാത്രം സൗബിന്റെ കയ്യില്‍ ഒട്ടും ഭദ്രമായിരുന്നില്ല. മുഴുവന്‍ സമയവും സൗബിനെ മാത്രമാണ് കാണാനും കേള്‍ക്കാനും സാധിച്ചത്. ദസ്തു നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് ഡയലോഗുകളിലൂടെ പറയുന്നുണ്ടെങ്കിലും അതൊന്നും പ്രേക്ഷകര്‍ക്ക് കണക്ട് ചെയ്യാന്‍ സാധിക്കുന്ന തരത്തിലായിരുന്നില്ല. ഒരു സീനില്‍ അയാളെ സുഹൃത്തുക്കള്‍ സഹായിക്കുമ്പോള്‍ അത്രയും സാമ്പത്തികപ്രശ്‌നങ്ങള്‍ ഇയാള്‍ക്കുണ്ടായിരുന്നോ എന്ന് തോന്നിയിരുന്നു.

സൗബിനും ലാല്‍ ജോസും മ്യാവൂ സെറ്റില്‍

തമാശരംഗങ്ങളില്‍ സൗബിന്‍ പിടിച്ചുനില്‍ക്കുന്നുണ്ടെങ്കിലും മറ്റെല്ലാ സീനുകളിലും പരാജയമാകുന്നുണ്ട്. തിരക്കഥയുടെ ബലമില്ലായ്മ ഈ കേന്ദ്ര കഥാപാത്രത്തില്‍ വ്യക്തമാണ്. ഇയാളുടെ അനാവശ്യമായ ദേഷ്യവും സ്ത്രീവിരുദ്ധമായ പെരുമാറ്റവും തുറന്നുകാണിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പിന്നീട് ഇയാളോടൊപ്പം നിന്നുകൊണ്ടാണ് സിനിമ മുന്നോട്ടുപോകുന്നത്.

മംമ്തയുടെ സുലേഖ ശക്തമായ തീരുമാനങ്ങളെടുക്കുന്നയാളാണെന്ന ഇടക്ക് തോന്നുമെങ്കിലും, വളരെ അലസമായ കഥാപാത്രസൃഷ്ടി തിരിച്ചടിയാകുന്നുണ്ട്. മാത്രമല്ല, കുറച്ച് സമയത്തേക്ക് ഇവര്‍ സിനിമയില്‍ നിന്നും അപ്രത്യക്ഷമാകുകയും ചെയ്യുന്നുണ്ട്. സുലേഖ ദസ്തിക്കിറിനെ വിവാഹം ചെയ്യാന്‍ തീരുമാനിക്കുന്നതും അവര്‍ തമ്മിലെ അടുപ്പവുമൊക്കെ എങ്ങനെ രൂപപ്പെട്ടുവെന്ന് വ്യക്തമല്ല.

വലിയ ശാരീരിക മാനസിക ഉപദ്രവങ്ങളല്ലാതെയുള്ള മറ്റ് ഗുരുതര പ്രശ്‌നങ്ങളും ദാമ്പത്യജീവിതത്തിലുണ്ടാകാമെന്ന കാണിച്ചുതരാനാണെന്ന് തോന്നും സുലു വീട് വിട്ടുപോകുന്ന രംഗം ആദ്യം ലാല്‍ ജോസ് ചേര്‍ത്തത്. എന്നാല്‍ അവര്‍ വീട്ടിലേക്ക് തിരിച്ചെത്താന്‍ ശ്രമിക്കുന്ന സമയത്തും അവസാനത്തിലും ഇതില്‍ നിന്നും വിരുദ്ധമായാണ് പടം നീങ്ങുന്നത്.

ഭക്ഷണമുണ്ടാക്കുന്നതും വീടു നോക്കുന്നതുമൊക്കെ തന്നെയാണ് സ്ത്രീകളുടെ ജോലിയെന്നും അതിലൂടെയാണ് വീട്ടിലെ അവരുടെ സ്ഥാനം ഓര്‍മ്മിപ്പിക്കപ്പെടുന്നതെന്നുമാണോ ഇനി സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നതെന്നും തോന്നിയിരുന്നു. സൗബിനെ പോലെ സുലേഖയായി മാറാന്‍ മംമ്തക്കും കഴിഞ്ഞിട്ടില്ല. അപൂര്‍വ്വം ചിലയിടങ്ങളില്‍ തരക്കേടില്ലെന്ന് തോന്നിയെങ്കിലും മറ്റെല്ലാ സമയങ്ങളിലും സംസാരശൈലിയിലുമടക്കം മംമ്തയെ മാത്രമാണ് കാണാന്‍ സാധിച്ചത്.

സലിം കുമാറിന്റെ ഉസ്താദിനെ മലയാള സിനിമയില്‍ കാലങ്ങളായി മുസ്‌ലിം കഥാപാത്രങ്ങളെ കാണിക്കുന്ന അതേ വാര്‍പ്പുമാതൃകയിലാണ് തീര്‍ത്തിരിക്കുന്നത്. ഭക്ഷണം കഴിക്കുന്ന രീതിയില്‍ വരെ അത് കാണാം. ചിത്രത്തിലെ മംമ്തയും സൗബിനുമുള്ള പാട്ടും ‘എന്നോ ഇറങ്ങേണ്ടിയിരുന്ന ഒരു സിനിമ’ എന്ന തോന്നലുണ്ടാക്കി.

 

സിനിമയില്‍ കണ്ടിരിക്കാന്‍ തോന്നുന്ന, അല്ലെങ്കില്‍ അല്‍പമെങ്കിലും ആശ്വാസം നല്‍കിയത് മക്കളായി എത്തിയവരുടെ പ്രകടനമാണ്. തങ്ങളുടെ ഭാഗങ്ങള്‍ സ്വാഭാവികതയോടെ അവര്‍ അവതരിപ്പിച്ചിട്ടുണ്ട്. ദില്‍റുബ ബോയ്ഫ്രണ്ടിനൊപ്പമുള്ള ഭാവി പരിപാടികളെ കുറിച്ചും കല്യാണത്തെ കുറിച്ചും സംസാരിക്കുന്നതും കണ്ടിരിക്കാന്‍ തോന്നിയ ഭാഗങ്ങളായിരുന്നു.

തിരക്കഥയിലും സംവിധാനത്തിലും വന്ന അപാകതകളും സിനിമയിലെ ഒരു ഘടകത്തില്‍ പോലും പുതുമയില്ലാത്തതും ചിത്രത്തെ മൊത്തത്തില്‍ തളര്‍ത്തുകയാണ്. പാതി പോലും വേവാതെ പോയ, പാളിയ ഒരു അവിയിലാണ് മ്യാവൂ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Meow Movie Review| Lal Jose, Soubin Shahir, Mamta Mohadas

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.