സ്ത്രീകളുടെ ശരീരഘടനയെ കുറിച്ച് പരാമര്‍ശിക്കുന്നത് കുറ്റകരം: ഹൈക്കോടതി
Kerala News
സ്ത്രീകളുടെ ശരീരഘടനയെ കുറിച്ച് പരാമര്‍ശിക്കുന്നത് കുറ്റകരം: ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th January 2025, 9:33 am
പരാമര്‍ശം ലൈംഗിക പീഡന പരിധിയില്‍ വരും

കൊച്ചി: സ്ത്രീകളുടെ ശരീരഘടനയെ കുറിച്ച് പരാമര്‍ശിക്കുന്നത് കുറ്റകരമെന്ന് ഹൈക്കോടതി. പരാമര്‍ശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കോടതി പറഞ്ഞു.

കെ.എസ്.ഇ.ബി മുന്‍ ഉദ്യോഗസ്ഥന്‍ പുത്തന്‍വേലിക്കര സ്വദേശി ആര്‍. രാമചന്ദ്രന്‍ നായര്‍ നല്‍കിയ ഹരജി തള്ളിയാണ് കോടതി വിധി.

ജസ്റ്റിസ് എ. ബദറുദ്ദീന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹരജി പരിഗണിച്ചത്. സ്ത്രീകളുടെ ശരീരഘടനയെ കുറിച്ചുള്ള പരാമര്‍ശം ലൈംഗിക പീഡന പരിധിയില്‍ വരുമെന്നും കോടതി വ്യക്തമാക്കി.

സഹപ്രവര്‍ത്തകയാണ് രാമചന്ദ്രന്‍ നായര്‍ക്കെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് ആലുവ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ കോടതി ഇയാളുടെ ഹരജി തള്ളുകയായിരുന്നു. ഒരാള്‍ക്ക് നല്ല ബോഡി സ്ട്രക്ച്ചറാണ് എന്ന് പറയുന്നത് ലൈംഗികച്ചുവയുള്ള പരാമര്‍ശമല്ലെന്ന ഹരജിക്കാരന്റെ വാദമാണ് കോടതി തള്ളിയത്.

2013 -17 കാലയളവിലുണ്ടായ സംഭവങ്ങളാണ് കേസിനാസ്പദമായത്. രാമചന്ദ്രന്‍ നായര്‍ക്കെതിരെ കെ.എസ്.ഇ.ബി മേലധികാരികള്‍ക്ക് വിജിലന്‍സിനും പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതിപ്പെട്ടത്.

പൊതുമധ്യത്തില്‍ അധിക്ഷേപിക്കുകയും അശ്ലീലച്ചുവയോടെ സന്ദേശം അയക്കുകയും തന്റെ ശരീരഘടനയെ രാമചന്ദ്രന്‍ പുകഴ്ത്തുകയും ചെയ്തുവെന്നാണ് യുവതി പരാതി നല്‍കിയത്.

Content Highlight: Mentioning women’s body structure is an offence: HC