| Tuesday, 13th October 2020, 5:22 pm

'മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്, ബുദ്ധിയുള്ള സ്ത്രീകളെ അവര്‍ അംഗീകരിക്കില്ല'; ഖുശ്ബു സുന്ദര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് ബി.ജെ.പി നേതാവ് ഖുശ്ബു സുന്ദര്‍. കഴിവും ബുദ്ധിയുമുള്ള സ്ത്രീകളെ അംഗീകരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും അവര്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച് ബി.ജെ.പിയില്‍ അംഗത്വം നേടിയതിനു പിന്നാലെയാണ് ഖുശ്ബുവിന്റെ പ്രതികരണം. ചെന്നൈ എയര്‍പോര്‍ട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു കോണ്‍ഗ്രസിനെതിരെ ഖുശ്ബു തുറന്നടിച്ചത്.

‘ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോട് വിധേയപ്പെട്ടു നിന്നവളാണ്. പക്ഷേ പാര്‍ട്ടി എനിക്ക് അര്‍ഹിക്കുന്ന ബഹുമാനം തന്നില്ല. കഴിവുള്ള സ്ത്രീകളെ അംഗീകരിക്കാന്‍ പാര്‍ട്ടി തയ്യാറല്ല. എന്നെ ഒരു നടിയായി മാത്രമേ കണ്ടിട്ടുള്ളു എന്നവര്‍ പറയുന്നതില്‍ നിന്ന് തന്നെ വ്യക്തമാണ്, എന്താണ് പാര്‍ട്ടി നേതാക്കളുടെ ചിന്താഗതിയെന്ന്’- ഖുശ്ബു പറഞ്ഞു.

സത്യം പറയാന്‍ സ്വതന്ത്ര്യമില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അത്തരം സ്വഭാവമുള്ള പാര്‍ട്ടിയ്ക്ക് എങ്ങനെ ജനങ്ങള്‍ക്ക് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും ഖുശ്ബു പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് നടി ഖുശ്ബു ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പി വക്താവ് സംപിത് പത്രയുള്‍പ്പടെ പങ്കെടുത്ത ചടങ്ങിലായിരുന്നു ഖുശ്ബു പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ മറ്റു ബി.ജെ.പി നേതാക്കളും സന്നിഹിതരായിരുന്നു.

രാജ്യത്തെ ശരിയായ ദിശയിലേക്ക് കൊണ്ടുപോകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലുള്ള ഒരാളെ ആവശ്യമാണെന്ന് താന്‍ തിരിച്ചറിഞ്ഞിരിക്കുന്നു എന്നായിരുന്നു ബി.ജെ.പി അംഗത്വം എടുത്തതിന് പിന്നാലെ ഖുശ്ബു പറഞ്ഞത്.

കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുന്നതായി അറിയിച്ച് ഖുശ്ബു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയക്കുകയായിരുന്നു. ഇതിന് പിന്നാലെ ഖുശ്ബുവിനെ പാര്‍ട്ടി പദവിയില്‍ നിന്ന് കോണ്‍ഗ്രസ് നീക്കിയിരുന്നു.

എ.ഐ.സി.സി വക്താവ് സ്ഥാനത്ത് നിന്നാണ് പാര്‍ട്ടി ഖുശ്ബുവിനെ പുറത്താക്കിയത്. ഖുശ്ബുവിനെ സ്ഥാനത്ത് നിന്ന് നീക്കുന്നതായി എ.ഐ.സി.സിക്ക് വേണ്ടി കമ്മ്യൂണിക്കേഷന്‍സ് സെക്രട്ടറി പ്രണവ് ഝായാണ് അറിയിച്ചത്.

പാര്‍ട്ടിയുമായി യോജിച്ച് പോകാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത് നല്‍കിയത്. പാര്‍ട്ടിയില്‍ തനിക്ക് അര്‍ഹമായ പരിഗണനയോ സ്ഥാനമാനങ്ങളോ കിട്ടുന്നില്ലെന്ന് കത്തില്‍ ഖുശ്ബു പറഞ്ഞിരുന്നു.

2014 ലെ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി തോല്‍വി നേരിട്ട ഘട്ടത്തിലാണ് ഞാന്‍ കോണ്‍ഗ്രസിലെത്തിയത്. പണമോ സ്ഥാനമോ മോഹിച്ചല്ല പാര്‍ട്ടിയില്‍ ചേര്‍ന്നത്. എന്നാല്‍ ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത നേതാക്കള്‍ തലപ്പത്തിരുന്ന് കാര്യങ്ങള്‍ തീരുമാനിക്കുകയും എന്നെപ്പോലുള്ളവരെ തഴയുകയുമാണ്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണ്. കോണ്‍ഗ്രസില്‍ എനിക്ക് അംഗത്വം നല്‍കിയതിനും രാജ്യത്തെ സേവിക്കാന്‍ അവസരം നല്‍കിയതിലും രാഹുല്‍ ഗാന്ധിയോട് നന്ദി പറയുന്നു. നിങ്ങളോടുള്ള ബഹുമാനം എനിക്കെന്നുമുണ്ടാകും’, കത്തില്‍ ഖുശ്ബു പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Khushbu Sundar Slams Congress

We use cookies to give you the best possible experience. Learn more