| Thursday, 22nd July 2021, 5:30 pm

തമിഴ്‌നാട്ടില്‍ മാനസികാസ്വാസ്ഥ്യമുള്ള മക്കള്‍ അമ്മയെ കുത്തിക്കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ മാനസികാസ്വാസ്ഥ്യമുള്ള മക്കള്‍ അമ്മയെ കത്തി കൊണ്ട് കുത്തി കൊന്നതായി റിപ്പോര്‍ട്ട്. തിരുനെല്‍വേലി ജില്ലയിലാണ് സംഭവം നടന്നത്.

കെ.ടി.സി. നഗറില്‍ രണ്ട് പെണ്‍മക്കളോടൊപ്പം താമസിച്ചിരുന്ന ഉഷയാണ് കൊല്ലപ്പെട്ടത്. ഇവരുടെ രണ്ട് പെണ്‍മക്കളും മാനസികാസ്വാസ്ഥ്യമുള്ളവരാണെന്ന് നാട്ടുകാര്‍ പറയുന്നു.

കുട്ടികള്‍ ജനിച്ചതിന് ശേഷം ഉഷയെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോകുകയായിരുന്നു. പിന്നീട് അയല്‍പ്പക്കങ്ങളിലെ കുട്ടികള്‍ക്ക് ട്യൂഷനെടുത്തും മറ്റ് ജോലികള്‍ ചെയ്തുമാണ് ഉഷയും രണ്ട് കുട്ടികളും കഴിഞ്ഞിരുന്നത്.

കഴിഞ്ഞദിവസം നേരം ഒരുപാടായിട്ടും ഉഷയെ പുറത്തുകാണാതായതോടെ അയല്‍ക്കാര്‍ കാര്യമന്വേഷിച്ചെത്തുകയായിരുന്നു. വാതില്‍ തുറന്ന ഉഷയുടെ മൂത്തമകള്‍ അമ്മ മരിച്ചുവെന്ന് മാത്രം പറഞ്ഞ് വാതില്‍ അടയ്ക്കുകയായിരുന്നു.

തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസെത്തിയപ്പോഴും വാതില്‍ തുറക്കാന്‍ ഉഷയുടെ മക്കള്‍ തയ്യാറായില്ല. പൊലീസുദ്യോഗസ്ഥര്‍ ജനലിലൂടെ നോക്കിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഉഷയെ കണ്ടത്.

ഉഷയുടെ മൃതദേഹത്തിന് അരികെ ഇരുന്ന് കളിയ്ക്കുകയായിരുന്നു രണ്ട് മക്കളുമെന്ന് പൊലീസ് പറയുന്നു. ഒടുവില്‍ ബര്‍ഗര്‍ വാങ്ങിത്തരാം എന്ന് മറ്റും പറഞ്ഞാണ് പൊലീസ് ഇവരെ പുറത്തെത്തിച്ചത്.

എന്നാല്‍ ഉഷ എങ്ങനെയാണ് മരിച്ചതെന്ന് പറയാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. മെഡിക്കല്‍ കോളെജിലെത്തിച്ച് ഇരുവരെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

തുടര്‍ന്നാണ് തങ്ങള്‍ അമ്മയെ കൊന്നതായി ഇവര്‍ പറഞ്ഞത്. വടിയെടുത്ത് അമ്മയുടെ തലയ്ക്കടിച്ചെന്നും പിന്നീട് കത്തി കൊണ്ട് കുത്തിയെന്നുമാണ് ഇരുവരും പറഞ്ഞത്. ഇവരെ കൂടുതല്‍ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയെന്ന് പൊലീസ് അറിയിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights; Mentally Ill Daughters Killed Their Mother

We use cookies to give you the best possible experience. Learn more