വിചാരണ കാത്തു കിടക്കുന്ന മാനസിക രോഗികള്‍; എന്ന് ലഭിക്കും ഇവര്‍ക്ക് നീതി
Governance and corruption
വിചാരണ കാത്തു കിടക്കുന്ന മാനസിക രോഗികള്‍; എന്ന് ലഭിക്കും ഇവര്‍ക്ക് നീതി
റെന്‍സ ഇഖ്ബാല്‍
Monday, 12th March 2018, 11:44 am

(നിയമപരമായ തടസ്സങ്ങൾ ഉള്ളതിനാൽ പ്രതികളുടെ പേര് യാഥാർത്ഥമല്ല)

2006ല്‍ അമ്മയെ തല്ലിക്കൊന്ന കേസിലാണ് ലത (53) കണ്ണൂര്‍ വിമെന്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമില്‍ എത്തിയത്. 2016 ലാണ് സുഗത (47) ഭര്‍ത്താവിനെ കുത്തിക്കൊന്ന കേസില്‍ ഇതേ ജയിലില്‍ എത്തിയത്. സ്‌കിറ്റ്സോഫ്രീനിയ എന്ന മാനസിക അസുഖം ബാധിച്ചവരാണ് ഇരുവരും ഇപ്പോള്‍ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലാണ്.

സ്‌കിറ്റ്സോfഫ്രീനിയ ഒരു ഗൗരവമുള്ള മാനസിക അസുഖമാണെന്ന് തിരുവനന്തപുരത്ത് മനോരോഗ വിദഗ്ദ്ധനായ ഡോ. അബ്ദുല്‍ ബറി പറയുന്നു. സ്‌കിറ്റ്സോഫ്രീനിയ ബാധിച്ച എല്ലാ രോഗികളും കുറ്റം ചെയ്യണമെന്നില്ല. അവരുടെ തെറ്റായ വിശ്വാസങ്ങളും കാഴ്ചപ്പാടുകളുമാണ് അവരെക്കൊണ്ട് കുറ്റം ചെയ്യിപ്പിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ജയിലില്‍ മറ്റ് അന്തേവാസികളുടെ ഇടയില്‍ പ്രശ്‌നം ഉണ്ടാക്കിയത് കൊണ്ടാണ് ലതയെയും സുഗതയെയും ഡോക്ടറുടെ നിര്‍ദേശം പ്രകാരം കോടതി ഉത്തരവോടുകൂടി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. ലതയുടെ കേസ് പെന്‍ഡിങ്ങില്‍ കിടക്കുന്നു. നവംബറിലേക്ക് 12 വര്‍ഷമാവും. വിചാരണക്ക് അനുയോജ്യമല്ല അഥവാ നോട്ട് ഫിറ്റ് ഫോര്‍ ട്രയല്‍ എന്നുള്ളതുകൊണ്ടാണ് ഇത് നീണ്ടു പോകുന്നത്.

“ഇവരെ ആരും ഏറ്റെടുക്കാന്‍ തയാറല്ല. ലത ജയിലില്‍ വന്നതില്‍ പിന്നെ ഒരാളും തിരിഞ്ഞു നോക്കിയിട്ടില്ല,” എന്ന് കണ്ണൂര്‍ വിമെന്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോം സൂപ്രണ്ടായ ശകുന്തള പറയുന്നു.

സ്‌കിറ്റ്സോഫ്രീനിയക്ക് മരുന്ന് കഴിച്ചു കൊണ്ടിരുന്ന ജോമോന്‍ നാല് മാസം മരുന്ന് കഴിക്കാന്‍ വിസമ്മതിച്ചു. “അമ്മ ഭക്ഷണത്തിന്റെ കൂടെ മരുന്ന് ചേര്‍ത്ത് കൊടുത്തപ്പോള്‍, ഭക്ഷണത്തില്‍ വിഷം ചേര്‍ക്കുകയാണെന്നു കരുതി അമ്മയെ കൊന്നു കളഞ്ഞു” എന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അനുപമ ഭാര്‍ഗവന്‍ പറയുന്നു.

68 വയസ്സുള്ള സ്‌കിറ്റ്സോഫ്രീനിയ ബാധിതനായ അലി ഉമ്മയെ കൊന്ന കേസില്‍ 2016 മുതല്‍ പാലക്കാട് സ്പെഷ്യല്‍ സബ് ജയിലിലാണ്. ഇതുവരെ ആരും ഇയാളെ കാണാന്‍ പോലും വന്നിട്ടില്ല എന്ന് ജയില്‍ സുപ്രണ്ട് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഈ കേസുകളില്‍ വരുന്നവര്‍ക്ക് മിക്ക അവസരങ്ങളിലും കുടുംബത്തില്‍ നിന്നുള്ള പിന്തുണ ഉണ്ടാവാറില്ല. അപൂര്‍വമായെ കൊലപാതക കുറ്റത്തില്‍ പ്രതിയായ മാനസിക അസ്വാസ്ഥ്യമുള്ളവരെ കുടുംബം ഏറ്റെടുക്കാറുള്ളു” എന്ന് ഡോ. അനുപമ പറയുന്നു.

“തെറ്റ് ചെയ്യുന്ന സമയത്ത് ഒരു പക്ഷെ അവര്‍ക്ക് മാനസികമായ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു എന്നതിനാല്‍ ചിലപ്പോള്‍ അവര്‍ കുറ്റവിമുക്തനാവും, മരുന്ന് കഴിച്ചില്ലെങ്കില്‍ ചിലപ്പോള്‍ അവര്‍ വീണ്ടും കുറ്റം ചെയ്യാന്‍ സാധ്യതയുണ്ട്. ആജീവനാന്തം മരുന്ന് കഴിക്കേണ്ടതായി വരും” എന്ന് ഡോ. അനുപമ കൂട്ടിച്ചേര്‍ക്കുന്നു.

വിയ്യൂര്‍ ജയിലില്‍ സ്‌കിറ്റ്സോഫ്രീനിയ ബാധിച്ച ഒരു 47കാരനാണുള്ളത്. അദ്ദേഹം നിലവില്‍ തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലാണ്.
മെഡിക്കല്‍ ഇന്‍സാനിറ്റിയും ലീഗല്‍ ഇന്‍സാനിറ്റിയും തമ്മില്‍ വ്യത്യാസമുണ്ട്. കുറ്റം ചെയ്യുന്ന സമയത്ത് മാനസികസ്ഥിതിക്ക് കുഴപ്പമില്ലെങ്കില്‍ ശിക്ഷക്ക് വിധിക്കുമെന്നാണ് നിയമം പറയുന്നത്. കുറ്റം ചെയ്യുന്ന സമയത്ത് അത് കുറ്റമാണെന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധം മാനസികാരോഗ്യ പ്രശ്നമുണ്ടെങ്കിലാണ് അയാളെ വെറുതെ വിടുക,” അഡ്വക്കേറ്റ് പ്രീത പറയുന്നു.

സ്‌കിറ്റ്സോഫ്രീനിയ ബാധിതയായ അനുവിനെ (35) ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരം കഴിഞ്ഞ മൂന്ന് മാസമായി കോഴിക്കോട് ആശ ഭവനിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കൊലക്കുറ്റത്തില്‍ പ്രതിയായ ഇവര്‍ നിരന്തരം സഹ അന്തേവാസികളെ ഉപദ്രവിക്കുന്നതിനാല്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ആശ ഭവനിലെ ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്തപെട്ടവര്‍ക്ക് കത്തെഴുതിയിരുന്നു.

മഹിളാ മന്ദിരത്തില്‍ വെച്ച് ഒരു കുഞ്ഞിനെ കിണറ്റിലിട്ട് കൊന്ന കേസിലാണ് ഇവര്‍ ഇവിടെ എത്തിയത്. കൂടെയുള്ളവര്‍ക്ക് അപകടം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇവിടെ നിന്ന് കത്ത് പോയിട്ടുണ്ടെങ്കിലും ഇതുവരെ നടപടികളൊന്നും എടുത്തിട്ടില്ല. “പുനരധിവാസത്തിന്റെ ഭാഗമായി ജോലികള്‍ പഠിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഏകാഗ്രതയുടെ കുറവ് കാരണം  ഇവരില്‍ മാറ്റമൊന്നും കാണാന്‍ സാധിക്കുന്നില്ല,” ആശ ഭവനില്‍ സോഷ്യല്‍ വര്‍ക്കര്‍ ആയ ബിനു പറയുന്നു.

മാനസിക രോഗികളായ എല്ലാവരെയും മാനസികാരോഗ്യ കേന്ദ്രത്തിലാണ് പരിചരിക്കേണ്ടത്, ജയിലിലല്ല. എന്നാല്‍ ജയിലിലെ ഡോക്ടറുടെ മേല്‍നോട്ടത്തില്‍ വേറെ പ്രശ്നമൊന്നും ഇല്ലാത്ത അവസ്ഥയില്‍ ജയിലില്‍ തുടരാവുന്നതാണ്” എന്ന് മനോരോഗ വിദഗ്ദ്ധനായ ഡോ. അബ്ദുല്‍ ബറി പറയുന്നു.

കേസ് നിലനില്‍ക്കുമ്പോള്‍ ഇവരെ ഏറ്റെടുക്കാന്‍ ആരും തയ്യാറാവാറില്ല. പൂര്‍ണമായി സുഖപ്പെടാന്‍ സാധ്യതയില്ലെങ്കിലും പലപ്പോഴും ഡോക്ടര്‍മാര്‍ അത് എഴുതിക്കൊടുക്കാന്‍ തയ്യാറാവാറില്ലെന്നാണ് ശകുന്തള പറയുന്നത്.

അസുഖം മാറില്ല അല്ലെങ്കില്‍ അവര്‍ക്ക് സുഖപ്പെട്ടു എന്ന് ഡോക്ടര്‍ എഴുതിക്കൊടുത്താല്‍ കേസ് തീര്‍പ്പാക്കാന്‍ സാധിക്കും, വിചാരണയ്ക്ക് ഇവര്‍ പരിഗണിക്കപ്പെടും. അല്ലാത്ത പക്ഷം അത് നീണ്ടുപോകും, ഓരോ പ്രാവശ്യവും റിമാന്‍ഡ് നീട്ടും.

“ജയിലിലെത്തുന്ന മാനസികാരോഗ്യ പ്രശ്നമുള്ളവര്‍ റിമാന്‍ഡ് തടവുകാര്‍ അല്ലെങ്കില്‍ കുറ്റവാളികളാണ്. ജയിലില്‍ എത്തിയതിന് ശേഷം ഡിപ്രെഷന്‍ പോലെയുള്ള അസുഖങ്ങള്‍ ബാധിച്ചവരുമുണ്ട്. ഇവര്‍ക്കെല്ലാവര്‍ക്കും തന്നെ ചികിത്സ ആവശ്യമാണ്. അക്രമാസക്തമാണെങ്കില്‍ മനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിക്കും. ഫിറ്റ് ഫോര്‍ ട്രയല്‍ എന്ന സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ മാത്രമേ കോടതിയില്‍ ഒരു പ്രതിക്ക് പോകാന്‍ പറ്റുകയുള്ളു” എന്ന് ഡോ. അനുപമ പറയുന്നു.

മഞ്ചേരി സ്‌പെഷ്യല്‍ സബ് ജയിലില്‍ നിലവില്‍ രണ്ട് പേരാണ് സ്‌കിറ്റ്സോഫ്രീനിയക്കുള്ള മരുന്ന് കഴിക്കുന്നതായിട്ടുള്ളത്. 60 വയസ്സുള്ള അബ്ദു ഭാര്യസഹോദരിയെ കൊന്ന കേസില്‍ 2015ലാണ് ഇവിടെയെത്തിയത്. 39 ഉം 24ഉം വയസ്സുള്ള രണ്ടു പേര്‍ ഇതേ അസുഖമായി ഈ ജയിലില്‍ കിടന്നിട്ടുണ്ട്. 2007 മുതല്‍ ശങ്കുണ്ണി എന്ന കൊലക്കേസ് പ്രതി കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ കിടക്കുകയാണ്. “ചില കേസുകളില്‍ മാനസികാരോഗ്യ പ്രശ്‌നമുള്ളവര്‍ക്കും കോടതി ശിക്ഷ വിധിക്കാറുണ്ട്, എന്ന് മഞ്ചേരി ജയില്‍ സുപ്രണ്ട് പറയുന്നു.

ഡോ. അനുപമയുടെ വാക്കുകളില്‍ – “ജയിലിനു പുറത്തു പോയി മരുന്ന് കഴിക്കാത്ത അവസ്ഥ ഇനിയും ഉണ്ടായാല്‍ വീണ്ടും ഇവര്‍ കുറ്റം ചെയ്യാനുള്ള സാധ്യതയുണ്ട്. സ്‌കിറ്റ്സോഫ്രീനിയ നിയന്ത്രിക്കാനെ പറ്റുകയുള്ളൂ, രോഗം ഒരിക്കലും പൂര്‍ണമായി മാറുന്നില്ല. ചില കേസുകളില്‍ കാലാകാലങ്ങളോളം ഫിറ്റ് ഫോര്‍ ട്രയല്‍ സര്‍ട്ടിഫിക്കറ്റിനായി പ്രതി കാത്തു കിടക്കുന്നു. ഫിറ്റ് ഫോര്‍ ട്രയല്‍ ആകാനുള്ള സാധ്യതയില്ലെന്ന് ഡോക്ടര്‍ എഴുതികൊടുക്കുന്ന അവസ്ഥയില്‍ അവരെ പുനരധിവസിപ്പിക്കും.”

മാനസിക പ്രശ്നമുള്ള ആളുകളെ ഒരു ചെറിയ അന്വേഷണത്തിന്റെ ആവശ്യത്തിനു പോലും ഹാജരാക്കിയാല്‍, അയാള്‍ക്ക് പൂര്‍ണമായി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന അവസ്ഥയില്‍ അല്ലെന്ന് കോടതിക്ക് തോന്നിയാല്‍  കോടതി അവരെ മനഃശാസ്ത്രഞ്ജന്റെ അടുത്തേക്ക് അയക്കുകയും അവരുടെ മാനസിക സ്ഥിതി പരിശോധിക്കുകയും ചെയ്യും.

ഫലത്തില്‍ അവര്‍ക്ക് മാനസിക പ്രശ്നമുണ്ടെന്ന് തെളിഞ്ഞാല്‍ വിചാരണ അവിടെ നിര്‍ത്തി വെക്കും, എന്നിട്ട് അവരെ പരിചരിച്ച് അസുഖം മാറി എന്ന സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ട് മാത്രമേ വിചാരണ തുടങ്ങാവൂ. അസുഖം മാറാതെ വിചാരണ നടത്താന്‍ കഴിയില്ല. “ഒരുകാലത്തും അസുഖം മാറില്ല എന്നാണെങ്കില്‍ വിചാരണ നടക്കില്ല എന്നാണ് അതിന്റെ അര്‍ത്ഥം”അഡ്വക്കേറ്റ് എം. ആര്‍. ഹരീഷ് പറയുന്നു.

സ്‌കിറ്റ്സോഫ്രിനിയ എന്ന മാനസിക അസുഖം ബാധിച്ച അനേകം പേര്‍ കേരളത്തിലെ വിവിധ ജയിലുകളില്‍ നീതി കാത്ത് കിടക്കുകയാണ്, കൂടെ ഈ കേസുകളിലെ ഇരകളും. പൂര്‍ണമായി രോഗം മാറാന്‍ സാധ്യതയില്ലാത്ത ഒരു അസുഖവുമായി “ഫിറ്റ് ഫോര്‍ ട്രയല്‍” ആവാന്‍ കാത്തിരിക്കുകയാണ് ഇവര്‍. ഇവരുടെ വിചാരണ എപ്പോള്‍ നടക്കും?