ന്യൂദല്‍ഹി: കൂടംകുളം ആണവനിലയത്തിനെതിരെ സമരം ചെയ്യുന്നവരെ മനോരോഗ വിദഗ്ധരെ കൊണ്ട് കൗണ്‍സിലിംഗ് നടത്തി പിന്തിരിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം വിവാദമാകുന്നു. പ്രശ്‌നത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍.എച്ച്.ആര്‍.സി.) ഇടപെട്ടിരിക്കുകയാണ്.
സമരക്കാരെ മനംമാറ്റാന്‍ മനശ്ശാസ്ത്രജ്ഞരെ നിയോഗിച്ചെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോട് വിശദീകരണം തേടി. []
സര്‍ക്കാര്‍ ശ്രമം അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കാനുള്ള നീക്കമായി തോന്നുന്നതായി കമ്മീഷന്‍ നിരീക്ഷിച്ചു. പരാതി സംബന്ധിച്ച് ഈമാസം 25നകം മറുപടി നല്‍കണമെന്ന് ആഭ്യന്തര സെക്രട്ടറിയോട് എന്‍.എച്ച്.ആര്‍.സി. ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ആഗസ്ത് ആദ്യവാരം ചെന്നൈയില്‍ തെളിവെടുപ്പ് നടത്തുമെന്നും എന്‍.എച്ച്.ആര്‍.സി. അറിയിച്ചു.
കൂടംകുളം ആണവനിലയത്തിനെതിരെ സമരം ചെയ്യുന്നവരെ ബോധവത്കരിക്കാനും മനംമാറ്റാനും ബാംഗ്ലൂര്‍ നിംഹാന്‍സിലെ മനശ്ശാസ്ത്ര വിദഗ്ധരുടെ സംഘത്തെയാണ് നിയോഗിച്ചത്. ആണവ നിലയം സുരക്ഷിതമാണെന്നും അനിവാര്യമാണെന്നും സമരക്കാരെ ധരിപ്പിക്കാനാണ് നിര്‍ദേശം.
സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരം നിംഹാന്‍സ് സംഘം പഠനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.