| Saturday, 3rd August 2024, 6:40 pm

വയനാട് ഉരുള്‍പൊട്ടല്‍; മൃതദേഹങ്ങളുടെ ഡി.എന്‍.എ പരിശോധനക്കായി മാനസികാരോഗ്യ പ്രോട്ടോകോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മേപ്പാടി: വയനാട് മുണ്ടക്കൈ-ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ ഡി.എന്‍.എ പരിശോധനക്കായി മാനസികാരോഗ്യ പ്രോട്ടോകോളിറക്കി ആരോഗ്യവകുപ്പ്. തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങളുടെയും ശരീര ഭാഗങ്ങളുടെയും സാമ്പിളുകളാണ് ഡി.എന്‍.എ പരിശോധനക്കായി എടുത്തിട്ടുള്ളത്.

മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ എത്തുന്നവര്‍ ഈ സാമ്പിളുകള്‍ കൂടി കൈപ്പറ്റി ഡി.എന്‍.എ പരിശോധന നടത്തണമെന്നാണ് നിര്‍ദേശം. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

ഈ സാമ്പിളുകള്‍ കൈപ്പറ്റാന്‍ എത്തുന്നവരെ മാനസികമായി സജ്ജമാക്കാനാണ് ആരോഗ്യവകുപ്പ് മാനദണ്ഡങ്ങള്‍ തയ്യാറാക്കിയത്. ഡി.എന്‍.എ പരിശോധനയുടെ പ്രാധാന്യത്തെ കുറിച്ച് ഇവരെ ബോധിപ്പിക്കുക എന്നതിനാണ് ആരോഗ്യവകുപ്പ് മുന്‍ഗണന നല്‍കുന്നത്. ദുരന്തത്തിന്റെ തീവ്രതയില്‍ നിന്ന് മുക്തി നേടാത്തവരെ സൗമ്യമായി കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുക എന്നുള്ളതാണ് ഈ മാനദണ്ഡങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.

‘ഒറ്റയ്ക്കല്ല…ഒപ്പമുണ്ട്’ എന്ന സന്ദേശത്തോടെയാണ് മന്ത്രി പ്രോട്ടോകോള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ അറിയിച്ചത്. നേരത്തെ വയനാട്ടിലെ ദുരന്തത്തെ തുടര്‍ന്നുള്ള പകര്‍ച്ചവ്യാധി വ്യാപന സാധ്യതയെ പ്രതിരോധിക്കണമെന്ന് മന്ത്രി പറഞ്ഞിരുന്നു. ഇതിനായി ആരോഗ്യ വകുപ്പ് ജില്ലയില്‍ പ്രത്യേക മോണിറ്ററിങ് സെല്‍ രൂപീകരിച്ചതായും മന്ത്രി അറിയിച്ചിരുന്നു.

പകര്‍ച്ചവ്യാധി വ്യാപനത്തെ തടയുന്നതിനായി ഏതാനും നിര്‍ദേശങ്ങളും ആരോഗ്യ വകുപ്പ് മുന്നോട്ടുവെച്ചിട്ടുണ്ട്.

മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്തുന്ന സ്ഥലത്ത് പൊലീസും ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ, മൃഗങ്ങളുടെ ജഡങ്ങള്‍ അണുവിമുക്തമാക്കുകയും യഥാവണ്ണം മറവ് ചെയ്യുകയും വേണം,

ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം ദുരന്തമുഖത്ത് പ്രവര്‍ത്തിക്കുന്നവര്‍ പ്രതിരോധ ഗുളികയായ ഡോക്സി പ്രൊഫൈലാക്സിസ് കഴിക്കണം, ക്യാമ്പുകളില്‍ കഴിയുന്നവരും ആരോഗ്യ പ്രവര്‍ത്തകരും മാസ്‌ക് ഉറപ്പുവരുത്തണം, പകര്‍ച്ചവ്യാധികള്‍ ബാധിച്ചവരെ ക്യാമ്പുകളില്‍ പ്രത്യേകം ഐസൊലേഷനില്‍ താമസിപ്പിക്കണം, തിളപ്പിച്ചാറിയ വെള്ളം കുടിക്കുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.

അതേസമയം ചിക്കന്‍പോക്സ് ബാധിച്ച് ക്യാമ്പിലെത്തിയ ഒരു കുട്ടിയേയും മുണ്ടിനീരുമായി എത്തിയ അഞ്ച് പേരേയും ഐസൊലേറ്റ് ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. വയറിളക്ക രോഗവുമായി ക്യാമ്പുകളില്‍ എത്തിയവരെയും പ്രത്യേകം താമസിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

Content Highlight: Mental Health Protocol for DNA Testing of Wayanad Mundakai-Churalmala Landslide Victims

We use cookies to give you the best possible experience. Learn more