| Monday, 9th January 2023, 1:17 pm

നോട്ട് ബുക്കിലും നീലത്താമരയിലും അഭിനയിക്കാന്‍ കീര്‍ത്തിയെ വിളിച്ചിരുന്നു, സുരേഷേട്ടന്‍ സമ്മതിച്ചില്ല: മേനക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നോട്ട് ബുക്ക് ഉള്‍പ്പെടെയുള്ള നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ കീര്‍ത്തി സുരേഷിന് അവസരം ലഭിച്ചിരുന്നു എന്നും എന്നാല്‍ പിതാവ് സുരേഷ് സമ്മതിച്ചില്ലെന്നും നടി മേനക. നീലത്താമര എന്ന സിനിമയില്‍ അര്‍ച്ചന കവിക്ക് പകരം കീര്‍ത്തിയെ അഭിനയിപ്പിക്കാമെന്ന് താനുള്‍പ്പെടെയുള്ള പലരും പറഞ്ഞതാണെന്നും സുരേഷ് അതിനെ എതിര്‍ത്തുവെന്നും മേനക പറഞ്ഞു.

എന്നാല്‍ പ്രിയദര്‍ശന്‍ ഗീതാഞ്ജലി എന്ന സിനിമയിലേക്ക് വിളിച്ചപ്പോള്‍ ഒരു മടിയും കൂടാതെ സുരേഷേട്ടന്‍ ഓക്കെ പറഞ്ഞെന്നും മേനക പറഞ്ഞു. മോഹന്‍ലാലിനെ നായകനാക്കി 2013ല്‍ പുറത്തിറങ്ങിയ ഗീതാഞ്ജലി എന്ന സിനിമ നിര്‍മിച്ചത് സുരേഷ് തന്നെയായിരുന്നു. അമൃത ടി.വിക്ക് നല്‍കിയ പഴയൊരു അഭിമുഖത്തിലാണ് മേനക ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ചെറുപ്പം മുതലേ അഭിനയിക്കണം എന്ന ആഗ്രഹം കീര്‍ത്തിക്കുണ്ടായിരുന്നു. അവള്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ സിനിമയില്‍ നിന്നും അവസരം വരുന്നുണ്ടായിരുന്നു. നീലത്താമര സിനിമ ചെയ്യുമ്പോള്‍ പലരും സുരേഷേട്ടനോട് ചോദിച്ചു കീര്‍ത്തിയെ ആ സിനിമയില്‍ നായികയാക്കി കൂടേയെന്ന്. വീട്ടില്‍ തന്നെ ഒരു താമരയുണ്ടല്ലോ പിന്നെ എന്തിനാണ് വേറെ അന്വേഷിക്കുന്നതെന്നാണ് എല്ലാവരും ചോദിച്ചത്.

എന്നാല്‍ സുരേഷേട്ടന്‍ അന്ന് സമ്മതിച്ചിരുന്നില്ല. ഞാന്‍ എം.ടി. സാറിന്റെ സിനിമയിലൂടെയല്ലേ വന്നത് പിന്നെ കീര്‍ത്തിയും അങ്ങനെ വരുന്നതുകൊണ്ട് എന്താ കുഴപ്പമെന്ന് ചോദിച്ചു. വേണ്ട പപ്പീ റിസ്‌ക്കെടുക്കാന്‍ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ നീലത്താമരയില്‍ കീര്‍ത്തി അഭിനയിച്ചില്ല.

ഞാന്‍ ചേട്ടനോട് ചോദിച്ചു കീര്‍ത്തിയെ സിനിമയില്‍ അഭിനയിപ്പിക്കുന്നില്ലാ എന്നാണോ തീരുമാനമെന്ന്. ഒരിക്കലും അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കല്‍ ഞാനും സുരേഷേട്ടനും ഒരു കല്യാണത്തിന് പോയി, അപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു അമ്മൂമ്മ വന്ന് ഞങ്ങളോട് പറഞ്ഞു, മോനേ നിങ്ങളുടെ കല്യാണ ഫോട്ടോ കണ്ടിരുന്നു നന്നായിട്ടുണ്ട് എന്നൊക്കെ. എന്നാല്‍ നിങ്ങളുടെ മക്കളെ അഭിനയിക്കാന്‍ മാത്രം വിടല്ലേയെന്നും അവര്‍ പറഞ്ഞു.

അപ്പോള്‍ പതുക്കെ സുരേഷേട്ടന്‍ പറഞ്ഞു, ‘അമ്മാ ഞങ്ങളുടെ ചോറാണ് സിനിമയെന്ന്,’ എന്നിട്ട് പിന്നെന്തുകൊണ്ടാണ് അവസരങ്ങള്‍ കിട്ടിയിട്ടും അവളെ അഭിനയിക്കാന്‍ വിടാഞ്ഞതെന്ന് ഞാന്‍ ഏട്ടനോട് ചോദിച്ചു. ആ സിനിമ എങ്ങാനും പരാജയപ്പെട്ടാല്‍ അവളെ എങ്ങനെ ഫേസ് ചെയ്യുമെന്ന് കരുതിയിട്ടാണെന്ന് അദ്ദേഹം മറുപടി പറഞ്ഞു.

ആര് കീര്‍ത്തിയെ അഭിനയിക്കാന്‍ വിളിച്ചാലും പഠിക്കുകയാണ് താല്‍പര്യമില്ല എന്നൊക്കെയാണ് ഞാന്‍ സഥിരം പറഞ്ഞുകൊണ്ടിരുന്നത്. ഒരു ദിവസം പ്രിയന്‍ വിളിച്ച് പറഞ്ഞു ഞാന്‍ ഒരു സിനിമ ചെയ്യാന്‍ പോവുകയാണ് അവളെ വിട്ടേക്കണമെന്ന്. അവള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്, അവസാന വര്‍ഷമാണെന്നൊക്കെ ഞാന്‍ പറഞ്ഞു നോക്കി. നീ കൂടുതലൊന്നും പറയണ്ടായെന്ന് പ്രിയന്‍ പറഞ്ഞു.

ആ സിനിമയില്‍ അഭിനയിക്കാന്‍ സുരേഷേട്ടനും സമ്മതിച്ചു. നോട്ട് ബുക്ക് ഉള്‍പ്പയെയുള്ള ഒരുപാട് സിനിമകളില്‍ നിന്ന് അവസരം കിട്ടിയിട്ടും വിടാതിരുന്നതാണ്. പിന്നെ എന്തിനാണ് ഈ സിനിമക്ക് ഓക്കെ പറഞ്ഞതെന്നും അദ്ദേഹത്തോട് ഞാന്‍ ചോദിച്ചിരുന്നു,’ മേനക പറഞ്ഞു.

content highlights:menaka talks about keerthy suresh

We use cookies to give you the best possible experience. Learn more