കൊവിഡ് നിരീക്ഷണത്തിലിരിക്കെ ബൈക്കുമെടുത്ത് പുറത്തിറങ്ങിയ ആള്‍ പൊലീസ് പരിശോധന കണ്ട് തലകറങ്ങിവീണു
Kerala
കൊവിഡ് നിരീക്ഷണത്തിലിരിക്കെ ബൈക്കുമെടുത്ത് പുറത്തിറങ്ങിയ ആള്‍ പൊലീസ് പരിശോധന കണ്ട് തലകറങ്ങിവീണു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th March 2020, 12:29 pm

തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തില്‍ കഴിയവേ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം ലംഘിച്ച് ബൈക്കുമായി പുറത്തിറങ്ങിയയാള്‍ പൊലീസ് പരിശോധന കണ്ട് തലകറങ്ങിവീണു.

തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്താണ് സംഭവം. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ ബൈക്കുമെടുത്ത് റോഡിലേക്കിറങ്ങിയതായിരുന്നു. പൊലീസ് ചോദ്യം ചെയ്യാന്‍ തുടങ്ങവേ ഇയാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇതോടെ സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ ചേര്‍ന്ന് ഇയാളെ ആശുപത്രിയിലാക്കി.

ഇതിനിടെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ചാടിപ്പോയ മൂന്ന് പേര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. മൂന്നു പേരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇന്നലെ ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങിയ യുവാവിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. കഞ്ഞിക്കുഴി സ്വദേശിയാണ് പിടിയിലായത്.

കൊവിഡ് 19 വൈറസ് വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തില്‍ നിരീക്ഷണത്തിലിരിക്കാതെ പുറത്തുപോകുന്നവര്‍ ചെയ്യുന്നത് വലിയ തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

സ്വയം രക്ഷിക്കാനും സമൂഹത്തെ രക്ഷിക്കാനുമുള്ള ശ്രമത്തില്‍ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

”നിരീക്ഷണത്തിലിരിക്കുക എന്നത് സുഖകരമായ കാര്യമല്ല. എന്നാല്‍ രോഗ വ്യാപനത്തെ പിടിച്ചുനിര്‍ത്താന്‍ ഇത് ഒഴിവാക്കാനാവാത്ത ഒരു സാമൂഹ്യാവശ്യമായി തീരുന്നു. നീരീക്ഷണമെന്നത് രോഗമുണ്ട് എന്ന് ഉറപ്പിക്കാനുള്ള ഘട്ടമായി കാണാതെ രോഗമില്ലെന്ന് ഉറപ്പിക്കാനുള്ള ഘട്ടമായി കാണാനുള്ള മനോഭാവം ഉണ്ടാകണം.

നിരീക്ഷണത്തിന് വിധേയരാവുക എന്നത് തന്നോടും തന്റെ പ്രിയപ്പെട്ടവരോടും ലോകരോടാകെയും തന്നെ ചെയ്യുന്ന മഹത്തായ കാര്യമാണെന്ന് ചിന്തിക്കുന്ന സംസ്‌ക്കാരം വളര്‍ത്തിയെടുക്കണം. നിരീക്ഷണത്തിന് വിധേയനായിരിക്കുന്നതില്‍ വലിയൊരു ത്യാഗമനോഭാവത്തിന്റെ, മനുഷ്യസ്‌നേഹത്തിന്റെ പ്രതിഫലനമുണ്ട്. വലിയൊരു അലിവും കരുതലുമുണ്ട്. ലോകത്തേയും സമൂഹത്തേയും രക്ഷിക്കുക എന്ന രക്ഷാ ദൗത്യം കൂടി അതിലുണ്ട്. നിരീക്ഷണത്തോട് സഹകരിക്കാതിരുന്നാല്‍ സമൂഹത്തെയാകെയും തന്നെത്തന്നെയും അപായപ്പെടുത്തുന്ന മനുഷ്യത്വ വിരുദ്ധമായ കുറ്റകൃതമാകും അത്. സമൂഹവും വരും കാലവും അനാസ്ഥകൊണ്ട് അപകടമുണ്ടാക്കിയ ആള്‍ എന്ന് നമ്മെ വിലയിരുത്തും” മുഖ്യമന്ത്രി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ