| Wednesday, 1st March 2023, 4:16 pm

ഇലോണ്‍ മസ്‌കിന് പൂജ നടത്തി പുരുഷാവകാശ പ്രവര്‍ത്തകര്‍; ഫെമിനിസ്റ്റുകള്‍ വിദ്യാഭ്യാസമില്ലാത്തവരെന്ന് പരാമര്‍ശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ബെംഗളൂരു ഫ്രീഡം പാര്‍ക്കില്‍ ട്വിറ്റര്‍ സി.ഇ.ഒ ഇലോണ്‍ മസ്‌കിന് ‘പൂജ’ നടത്തി പുരുഷാവകാശ പ്രവര്‍ത്തകര്‍. സേവ് ഇന്ത്യന്‍ ഫാമിലി ഫൗണ്ടേഷന്‍ എന്ന കൂട്ടായ്മയുടെ കീഴിലാണ് സംഘം മസ്‌കിന് പൂജ നടത്തിയത്.

അടിച്ചമര്‍ത്തലിനിടയിലും പുരുഷാവകാശ പ്രവര്‍ത്തകര്‍ക്ക് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ മസ്‌ക് അവസരം നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പൂജ.

പൂജയില്‍ സ്ത്രീവിരുദ്ധ മന്ത്രങ്ങളും സംഘം ഉരുവിട്ടിരുന്നു. ‘ഓം ഫെമിനിസ്റ്റ് എവിക്ടോറായ നമ’, ‘ഓം ട്വിറ്റര്‍ ക്ലീനരായ നമ’, ‘ഓം ട്വിറ്റര്‍ ഡീഫെമിനിസ്ത്രായ നമ’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് സംഘം ഉരുവിട്ടത്. ഇവരുടെ വെബ്‌സൈറ്റിലും സമാന രീതിയില്‍ സ്ത്രീ അവകാശ പ്രവര്‍ത്തകര്‍ക്കെതിരായ പരാമര്‍ശങ്ങളുണ്ട്.

രാജ്യത്തെ ഭൂരിഭാഗം ഫെമിനിസ്റ്റുകളും ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരാണെന്നും വിദ്യാഭ്യാസമില്ലാത്തവരാണെന്നും ഇവര്‍ പറയുന്നതായി ദി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യാജ കേസുകളില്‍ നിന്നും പുരുഷന്മാര്‍ക്ക് സംരക്ഷണം വേണമെന്ന മുദ്രാവാക്യമെഴുതിയ ബാനറുകള്‍ പരിപാടിയില്‍ ഉണ്ടായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ പാന്‍ ഇന്ത്യന്‍ പുരുഷാവകാശ സംഘടനയാണ് തങ്ങളെന്നും സംഘം പറയുന്നു.

ട്വിറ്റര്‍ സി.ഇ.ഒയായി ഇലോണ്‍ മസ്‌ക് സ്ഥാനമേറ്റതിന് പിന്നാലെ എല്ലാത്തരം അഭിപ്രായങ്ങളും പങ്കുവെക്കാനുള്ള ഇടമായി ട്വിറ്ററിനെ മാറ്റുമെന്ന് മസ്‌ക് പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മസ്‌കിന് പൂജയുമായി ഇവര്‍ രംഗത്തെത്തിയത്.

രാജ്യത്ത് ഉയര്‍ന്നുവരുന്ന വ്യാജകേസ് സംസ്‌കാരത്തിനെതിരെയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നും, ഗാര്‍ഹിക പീഡനം നേരിടുന്ന പുരുഷന്മാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും സംഘടന വ്യക്തമാക്കുന്നുണ്ട്.

എലോണ്‍ മസ്‌കിന്റെ രണ്ട് കമ്പനികളായ ടെസ്ലയും സ്പേസ് എക്സും ലിംഗവിവേചനം നടത്തുന്നതായുള്ള ആരോപണങ്ങള്‍ നേരിട്ടിരുന്നു. നിരവധി സ്ത്രീകളാണ് മസ്‌കിന്റെ സ്ഥാപനത്തിന് എതിരെ ലൈംഗിക പീഡന പരാതികള്‍ നല്‍കിയിരിക്കുന്നത്. ഇതിനിടെയാണ് മസ്‌കിനെ പുകഴ്ത്തിയുള്ള പുരുഷാവകാശ പ്രവര്‍ത്തകരുടെ പൂജ.

Content Highlight: Men’s rights activists perform pooja for Elon Musk

We use cookies to give you the best possible experience. Learn more