തോളത്ത് തട്ടിയാല്‍ വികാരം വരുമോ; ബസില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ സവാദിനെ പിന്തുണച്ചവര്‍ സുരേഷ്‌ഗോപിക്കൊപ്പവും
Kerala News
തോളത്ത് തട്ടിയാല്‍ വികാരം വരുമോ; ബസില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ സവാദിനെ പിന്തുണച്ചവര്‍ സുരേഷ്‌ഗോപിക്കൊപ്പവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th October 2023, 2:24 pm

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ ബി.ജെ.പി നേതാവ് സുരേഷ് ഗോപിയെ പിന്തുണച്ച് മെന്‍സ് അസോസിയേഷന്‍. ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ സവാദിനെ പിന്തുണച്ച സംഘടനയാണ് ആള്‍ കേരള മെന്‍സ് അസോസിയേന്‍. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് അജിത് കുമാര്‍ വട്ടിയൂര്‍കാവാണ് ഇപ്പോള്‍ സുരേഷ് ഗോപിക്കും പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്.

സുരേഷ് ഗോപി സ്ത്രീകളോട് പെരുമാറുന്നത് ഏത് തരത്തിലാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും താനും നിരവധി സ്ത്രീകളുടെ തോളത്ത് തട്ടിയിട്ടുണ്ടെന്നും അജിത് കുമാര്‍ ഫേസ്ബുക് ലൈവില്‍ പറയുന്നു. തോളത്ത് തട്ടിയാല്‍ സ്ത്രീകള്‍ക്ക് വികാരം വരുമോ എന്നും അതാണോ സ്ത്രീത്വം എന്നും ചോദിച്ചു. സുരേഷ് ഗോപിയെ പോലുള്ള രാഷ്ട്രീയക്കാരാണ് നിയമങ്ങള്‍ സ്ത്രീകള്‍ക്ക് അനുകൂലമാക്കിയതെന്നും അതുകൊണ്ട് രാഷ്ട്രീയക്കാര്‍ ഇത് അനുഭവിക്കണമെന്നും അജിത് കുമാര്‍ പറഞ്ഞു.

തൃശൂരില്‍ ഇലക്ഷനില്‍ മത്സരിക്കുന്നത് കൊണ്ട് സുരേഷ്‌ഗോപിക്ക് മാധ്യമങ്ങളുടേ പിന്തുണ ആവശ്യമുണ്ടെന്നും അതിനാലായിരിക്കാം ‘സ്‌നേഹത്തോടെ’ മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ തലോടിയതെന്നും അജിത് കുമാര്‍ പറയുന്നു. ഈ വിഷയത്തില്‍ എല്ലാ പുരുഷന്‍മാരും സുരേഷ്‌ഗോപിയെ പിന്തുണക്കണമെന്നും സുരേഷ് ഗോപി ഇനിയും സോറി പറഞ്ഞ് പുരുഷന്‍മാരുടെ വില കളയരുതെന്നും അജിത് കുമാര്‍ പറഞ്ഞു.

നേരത്തെ ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് ജയിലിലായ സവാദിനും ഈ സംഘടനയും അതിന്റെ സംസ്ഥാന പ്രസിഡന്റായ അജിത് കുമാറും പിന്തുണ നല്‍കിയിരുന്നു. സവാദിന് ജയിലിന് പുറത്ത് സ്വീകരണം നല്‍കാനും ഈ സംഘടനയുടെ നേതൃത്വത്തിലുള്ള ആളുകളെത്തിയിരുന്നു. ഇത്തരത്തില്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നവര്‍ക്ക് സ്ഥിരമായി പിന്തുണ നല്‍കുന്നവരാണ് ആള്‍കേരള മെന്‍സ് അസോസിയേഷന്‍.

അതേസമയം സംഭവത്തില്‍ സുരേഷ്‌ഗോപിക്ക് പിന്തുണയുമായി രാഹുല്‍ ഈശ്വറും രംഗത്തെത്തി. മാപ്പ് പറഞ്ഞ് കൊണ്ട് സുരേഷ് ഗോപി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിനടിയില്‍ കമന്റ് ചെയ്താണ് രാഹുല്‍ ഈശ്വര്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ചിട്ടുള്ളത്. എന്തൊരു മനുഷ്യനാണ് സുരേഷേട്ടാ താങ്കള്‍, എങ്ങനെ പ്രതികരിക്കണമെന്നതിന്റെ മാതൃകയാണ് താങ്കള്‍ എന്നുമാണ് രാഹുല്‍ ഈശ്വര്‍ കമന്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം ശശിതരൂരിന്റെ ഇസ്രഈല്‍ അനുകൂല പ്രസ്താവനയില്‍ പ്രതികരണം ആരായുന്നതിനിടയിലാണ് മീഡിയവണിലെ മാധ്യമപ്രവര്‍ത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയത്. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തക നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞതോടെ സുരേഷ് ഗോപി മാപ്പുമായി രംഗത്ത് വന്നെങ്കിലും അദ്ദേഹത്തിന്റേത് മാപ്പ് പറച്ചിലായി തോന്നുന്നില്ല എന്നും നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നുമാണ് മാധ്യമപ്രവര്‍ത്തകയുടെ തീരുമാനം.

content highlights; Men’s Association supporte  Suresh Gopi