തിരുവനന്തപുരം: ബസില്‍ വെച്ച് പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ കേസിലെ പ്രതി സവാദിനെ പിന്തുണച്ച് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ ഭാരവാഹി വട്ടിയൂര്‍കാവ് അജിത് കുമാര്‍. പെണ്‍കുട്ടിയെ നുണപരിശോധനക്ക് വിധേയമാക്കണമെന്നും ഇത് ഹണിട്രാപ്പാണെന്നുള്ള വിദ്വേഷ പരാമര്‍ശങ്ങളും അദ്ദേഹം നടത്തി.
സവാദ് നഗ്നതാ പ്രദര്‍ശനം നടത്തിയിട്ടില്ലെന്നും അത് വീഡിയോയില്‍ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാം ഫേമിന് വേണ്ടിയാണ് ഇത് ചെയ്തതെന്നും കളിച്ച് ചിരിച്ച് നടക്കുകയാണെന്നും അജിത് പറഞ്ഞു.
‘സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞതിന് ശേഷം ജംഷീര്‍ എന്ന് പറയുന്ന യൂട്യൂബറാണ് ആദ്യമായി ഈ പെണ്‍കുട്ടിക്കെതിരെ കുറച്ച് തെളിവുകള്‍ ഹാജരാക്കി കൊണ്ടൊരു വീഡിയോ ചെയ്യുന്നത്. അദ്ദേഹം എന്നെ വിളിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു.
അപ്പോള്‍ ഞങ്ങളും ഇതിനെക്കുറിച്ച് കൂടുതലായി അന്വേഷിച്ചു. അന്വേഷിച്ചതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ഈ വീഡിയോ പരിശോധിക്കുകയും ചെയ്തു. പെണ്‍കുട്ടി പറയുന്നത് നഗ്നത പ്രദര്‍ശിപ്പിച്ചുവെന്നാണ്. എന്നാല്‍ നന്നായി ചിത്രീകരിച്ച വീഡിയോയില്‍ ഞങ്ങള്‍ കണ്ടിട്ടില്ല. ഞങ്ങളെന്നല്ല, ഈ നാട്ടിലെ ആരും കണ്ടിട്ടില്ല.
സ്ത്രീകള്‍ ഉള്‍പ്പെടെ പലരും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന് അത് പറയുകയാണ്. അതാണ് ഇപ്പോള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അത് കഴിഞ്ഞതിന് ശേഷം പെണ്‍കുട്ടി ഈ സംഭവത്തെ സംബന്ധിച്ച് ഇന്‍സ്റ്റാഗ്രാമില്‍ വന്ന് ഇന്‍സ്റ്റ ഐ.ഡി. പറയുകയും എല്ലാവരും ഫോളോ ചെയ്യണമെന്നും പറയുന്നു.
എന്താ പറയുക, കൂളായിട്ട് ചിരിച്ച് കളിച്ച് നില്‍ക്കുന്നതാണ് നമ്മള്‍ കണ്ടത്. ഇതില്‍ അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്ക് കൃത്യമായി സംശയം തോന്നും. അതുകൊണ്ട് വീണ്ടും നമ്മള്‍ പല കാര്യങ്ങളും അന്വേഷിച്ച് മനസിലാക്കി അടുത്തിരുന്ന പെണ്‍കുട്ടി അത് ഇവളുടെ സുഹൃത്താണെന്ന്.
ഇവര്‍ പ്ലാന്‍ ചെയ്‌തൊരു ഹണി ട്രാപ്പ്. ഇന്ന് ഏറ്റവും കൂടുതല്‍ ഹണിട്രാപ് കേരളത്തില്‍ നടക്കുന്നുവെന്നത് നഗ്നമായ സത്യമാണ്. അത് പല രീതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത് വളരെയധികം കുറവാണ്.
പുരുഷന്മാര്‍ തന്നെ ഹണിട്രാപ്പിനെ കുറിച്ച് പരാതിപ്പെട്ടാല്‍ ഒരു പക്ഷേ ബലാല്‍സംഗ കേസില്‍ പ്രതിയാകുമെന്നത് കൊണ്ട് ആരും പരാതിപ്പെടാറില്ല. അപൂര്‍വമായ കേസില്‍ എന്ത് വന്നാലും പോട്ടേ എന്ന് വെച്ച് പൊലീസുകാരെ പരിചയമുണ്ടെങ്കില്‍ അവര്‍ മുഖേനയാണ് പരാതി നല്‍കുന്നത്.
പക്ഷേ എന്നാല്‍ ഇവിടെത്തന്നെ ഈ പെണ്‍കുട്ടിയെ ഒരിക്കലും ചോദ്യം ചെയ്തിട്ടില്ല. സവാദിനെ ഈ പെണ്‍കുട്ടിയുടെ വ്യാജ പരാതിയുടെ അടിസ്ഥാനത്തില്‍ റിമാന്‍ഡ് ചെയ്തിട്ടുമുണ്ട്. റിമാന്‍ഡ് ചെയ്തിട്ട് ഒരു അന്വേഷണവുമില്ല.
പെണ്‍കുട്ടിയെ ചോദ്യം ചെയ്തിട്ടുമില്ല, അതുകൊണ്ടാണ് ഞങ്ങള്‍ ഡി.ജി.പിക്ക് പരാതി നല്‍കിയത്. പെണ്‍കുട്ടിയെ ചോദ്യം ചെയ്യണം ചോദ്യം ചെയ്തിട്ട് പറഞ്ഞില്ലയെങ്കില്‍ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് പരാതിയില്‍ പറഞ്ഞത്. അതിന്റെ നടപടി ഇപ്പോള്‍ എറണാകുളം റൂറല്‍ എസ്.പിക്കാണ് വിട്ടിരിക്കുന്നത്,’ അജിത് പറഞ്ഞു.
നേരത്തെ കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യവെ നേരിട്ട ദുരനുഭവം സോഷ്യല്‍ മീഡിയയിലൂടെ നടിയും മോഡലുമായ നന്ദിത പ്രകടിപ്പിച്ചിരുന്നു. തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തി കൊണ്ടാണ് യുവതി സംഭവം വെളിപ്പെടുത്തിയത്. യുവതിയുടെ പരാതിയില്‍ സഹയാത്രികനായിരുന്ന സവാദിനെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തിരുന്നു.
ബസില്‍ വെച്ച് നടന്ന സംഭവങ്ങളും പ്രതി ഓടാന്‍ രക്ഷപ്പെടുന്നതും വീഡിയോയില്‍ നന്ദിത ചിത്രീകരിച്ചിരുന്നു. ധൈര്യത്തോടെ ഇത്തരം സംഭവങ്ങളെ നേരിട്ട നന്ദിതയെയും സഹായിക്കാന്‍ മുന്നോട്ടെത്തിയ ബസ് കണ്ടക്ടറെയും സമൂഹ്യ മാധ്യങ്ങള്‍ അഭിനന്ദിച്ചിരുന്നു.
content highlight: men’s association against mastani