ആലുവ: മണപ്പുറത്ത് ദുരിതാശ്വാസ പ്രവര്‍ത്തനം തുടരവേ പൊലീസിനേയും നാട്ടുകാരേയും വട്ടംകറക്കി മധ്യവയസ്‌കന്‍. കൊടുങ്ങല്ലൂര്‍ സ്വദേശിയായ കൃഷ്ണനാണ് മണപ്പുറത്തെ പുഴയിലേക്ക് ചാടി നീന്തി കുളിക്കുകയും പൊലീസിനെ വട്ടംകറക്കുകയും ചെയ്തത്.
മണപ്പുറത്തെ പുഴയിലേക്ക് ചാടിയ ഇയാളെ അല്‍പ്പസമയത്തിനകം കാണാതായി. ആളുകള്‍ പരിഭ്രാന്തരായതോടെ പൊലീസും സംഭവസ്ഥലത്തെത്തി. എന്നാല്‍ മണപ്പുറം ക്ഷേത്രത്തിന് മുന്‍പിലുള്ള ആല്‍മരത്തിലേക്ക് ഇയാള്‍ നീന്തിയെത്തി ഇവിടെ നിന്നു.
ഇയാളെ തിരികെ കയറ്റാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ഇയാള്‍ അതിന് തയ്യാറായില്ല. ഇതിനിടെ ആല്‍മരത്തില്‍ പിടിച്ചുകയറി. ഉദ്യോഗസ്ഥര്‍ നീന്തിച്ചെന്ന് ഇയാളോട് ആല്‍മരത്തില്‍ നിന്ന് താഴെ ഇറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല.
ഇതിന് ശേഷം വീണ്ടും വെള്ളത്തിലേക്ക് എടുത്തുചാടിയ ഇയാള്‍ മണപ്പുറം ക്ഷേത്രത്തിന് സമീപത്തേക്ക് നീന്തി. ക്ഷേത്രത്തിന്റെ തൂണിന് സമീപം എത്തിയ ഇയാളെ പിന്നീട് കാണാതായി. ഇതോടെ പൊലീസും നാട്ടുകാരും തിരച്ചില്‍ തുടങ്ങിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ ഇയാള്‍ ഒഴുക്കില്‍പ്പെട്ടുപോയിരിക്കാമെന്ന നിഗമനത്തില്‍ പൊലീസും എത്തി. ഏറെ നേരം ഇയാള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം മണപ്പുറത്തെ റോഡില്‍ വെച്ച് ഇയാളെ ചിലര്‍ കാണാനിടയായി. ഇതോടെ നാട്ടുകാര്‍ തന്നെ പിടിച്ച് ഇയാളെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ക്ഷേത്രത്തിന്റെ തൂണുകള്‍ക്കിടയില്‍ വെച്ച് മുങ്ങിയ ഇയാള്‍ മണപ്പുറത്തെ മേല്‍ക്കൂരയില്‍ ഒളിക്കുകയായിരുന്നെന്ന് ചോദ്യം ചെയ്യലില്‍ പറഞ്ഞ്. ഒടുവില്‍ കേസൊന്നുമെടുക്കാതെ പൊലീസ് താക്കീത് ചെയ്ത് വിടുകയായിരുന്നു.