അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ ബോയ്‌ക്കോട്ട് ക്യാമ്പെയിനുകള്‍ സജീവമായി കാണാറുണ്ട്. സിനിമകള്‍ക്കെതിരേയും വ്യക്തികള്‍ക്കും ഉത്പന്നങ്ങള്‍ക്കും കമ്പനികള്‍ക്കും തുടങ്ങി ചുറ്റുപാടുമുള്ള എല്ലാത്തിനെതിരേയും ഇത്തരത്തില്‍ ബോയ്‌ക്കോട്ട് ക്യാമ്പെയിനുകള്‍ നടക്കാറുണ്ട്.
എന്നാല്‍ നിലവില്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി തുടരുന്ന ബോയ്‌ക്കോട്ട് ക്യാമ്പെയിന്‍ വിവാഹത്തിനെതിരെയാണ്. യുവാക്കള്‍ വിവാഹം കഴിക്കരുതെന്നും അത് ട്രാപ്പാണെന്നുമാണ് ട്വിറ്ററിലെ ചര്‍ച്ച.
അടുത്തിടെ മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് വിവാഹമോചനം നേടിയ ദമ്പതികള്‍ കോടതിയെ സമീപിച്ചിരുന്നു. ഈ ഹരജി പരിഗണിക്കുന്നതിനിടെ കേരള ഹൈക്കോടതി ജഡ്ജി എ. മുഹമ്മദ് മുസ്താഖിന്റെ നിരീക്ഷണമാണ് ട്വിറ്റര്‍ ഇപ്പോള്‍ ഏറ്റുപിടിക്കുന്നത്.
ബലാത്സംഗം, പീഡനം തുടങ്ങിയവ കൈകാര്യം ചെയ്യുന്ന സെക്ഷന്‍ 376 ജെന്‍ഡര്‍ ന്യൂട്രല്‍ വകുപ്പ് അല്ലെന്നായിരുന്നു അദ്ദേഹം നിരീക്ഷിച്ചത്. ദമ്പതികള്‍ നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് മുമ്പ് പീഡനക്കേസില്‍ പ്രതിയായിട്ടുണ്ടെന്ന് ഭാര്യ വാദിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മകളെ വിട്ടുകിട്ടണമെന്ന് ഭാര്യ കോടതിയോട് ആവശ്യപ്പെട്ടത്.
‘സെക്ഷന്‍ 376 ജെന്‍ഡര്‍ ന്യൂട്രലായ വകുപ്പല്ല. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ഒരു സ്ത്രീ പുരുഷനെ കബളിപ്പിച്ചാല്‍ അവള്‍ക്കെതിരെ കേസോ ശിക്ഷയോ ഇല്ല. ഒരു പുരുഷനാണ് ഇതേ കാര്യം ചെയ്തതെങ്കില്‍ അവനെതിരെ കേസും ശിക്ഷയുമുണ്ടാകും. ഇത് എന്ത് നീതിയാണ്. നിയമം ജെന്‍ഡര്‍ ന്യൂട്രല്‍ ആക്കണം,’ എന്നായിരുന്നു ജഡ്ജി എ. മുഹമ്മദ് മുസ്താഖ് പറഞ്ഞത്.
ഈ പ്രസ്താവന നേരത്തെ തന്നെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ യുവാക്കളെല്ലാം വിവാഹം ബഹിഷ്‌ക്കരിക്കണമെന്നും അതാണ് ആരോഗ്യത്തിന് നല്ലതെന്നുമുള്ള ട്വീറ്റുകള്‍ ട്വിറ്ററില്‍ നിറഞ്ഞത്.
സ്ത്രീകളെ മാത്രം അനുകൂലിക്കുന്ന നിയമവ്യവസ്ഥക്കെതിരെ ട്വിറ്ററില്‍ വിമര്‍ശനമുയരുന്നുണ്ട്. പുരുഷന്‍മാര്‍ ഇരയായ കേസുകളില്‍ രാജ്യത്തെ നിയമങ്ങള്‍ കളിപ്പാവയെപ്പോലെയാണെന്നും എന്നാല്‍ സ്ത്രീകളാണ് ഇരകളെങ്കില്‍ കോടതി അലറുന്ന ദിനോസറിനെ പോലെയാണെന്നും ചില ട്വിറ്റര്‍ ഉപയോക്താക്കള്‍ പറയുന്നു.
കള്ളക്കേസുകളില്‍ നിന്നും രക്ഷപ്പെടാന്‍ വിവാഹത്തില്‍ നിന്നും യുവാക്കളെ രക്ഷിക്കണമെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. ഒപ്പം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ പണം നല്‍കിയുള്ള സേവനങ്ങള്‍ തെരഞ്ഞെടുക്കുന്നതാവും നല്ലതെന്ന ഉപദേശങ്ങളുമുണ്ട്.
ഇന്ത്യയില്‍ ആണായി ജനിക്കുന്നത് തന്നെ കുറ്റകൃത്യമാണെന്നും ഇന്ത്യന്‍ വനിതകളെ വിവാഹം കഴിക്കുന്നത് അതിലും വലിയ കുറ്റമാണെന്നുമാണ് ട്വിറ്ററിലെ മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം.
In India being born as a #Male is #Crime.#Men Marrying an Indian #Women is biggest crime.