| Wednesday, 12th October 2022, 10:20 pm

പുരുഷന്മാര്‍ക്കും സിനിമയില്‍ പ്രശ്നമുണ്ട്, സ്ത്രീയും പുരുഷനും വ്യത്യസ്തരായി ഇരിക്കുന്നതാണ് നല്ലത്:ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയില്‍ സ്ത്രീകള്‍ക്ക് മാത്രമായി പ്രശ്നങ്ങളില്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ല. സിനിമയില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ലെന്നും താരം പറഞ്ഞു. വിചിത്രം സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷൈന്‍.

”സിനിമയില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ല. സിനിമയില്‍ സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും പ്രശ്നമുണ്ട്. എന്തിനാണ് സ്ത്രീ-പുരുഷന്‍ എന്ന വ്യത്യാസം കൊണ്ടു വരുന്നത്. അങ്ങനെ സംസാരിച്ച് സമയം കളയാനാണോ.

എത്ര ആളുകളാണ് നടനാകാന്‍ വേണ്ടി വരുന്നത്. എന്നാല്‍ വരുന്നവരെല്ലാവരും നടന്മാരും ആകുന്നില്ല. സ്ത്രീയും പുരുഷനും ഒരുപോലെയാകില്ല. സ്ത്രീയും പുരുഷനും വ്യത്യസ്തരായി ഇരിക്കുന്നതാണ് നല്ലത്,” ഷൈന്‍ പറഞ്ഞു.

ഇതേ പ്രസ്മീറ്റില്‍ തന്നെ ക്യാരക്ടര്‍ റോളുകള്‍ ചെയ്യുന്ന അഭിനേതാക്കള്‍ക്ക് നേരിടേണ്ടി വരുന്ന വിവേചനത്തെ കുറിച്ച് ജോളി ചിറയത്ത് തന്റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു. അര്‍ഹിക്കുന്ന വേതനം മാത്രമല്ല ഇവിടെ വിഷയമെന്ന് ജോളി പറഞ്ഞു.

പൊതുവെ ക്യാരക്ടര്‍ റോളുകള്‍ ചെയ്യുന്ന ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും വേതനത്തില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരാറുണ്ടെന്നും തൊഴില്‍ഘടനയില്ലാത്ത സ്ഥലത്ത് പല കാര്യങ്ങളും ഉന്നയിക്കാന്‍ സാധിക്കില്ലെന്നും അതിനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്നും സമൂഹത്തിലെ വികാസത്തിന്റെ ഭാഗമായിട്ടേ അതുണ്ടാകുകയുള്ളുവെന്നും ജോളി ചിറയത്ത് പറഞ്ഞു.

അതേസമയം ഇരുവരുടെയും പുതിയ ചിത്രമായ വിചിത്രം ഒക്ടോബര്‍ 14നാണ് തിയേറ്ററുകളിലെത്തുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അച്ചു വിജയനാണ് സംവിധാനം.

ഷൈന്‍ ടോം ചാക്കോ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കേതകി നാരായണ്‍ തുടങ്ങി നിരവധി പേര്‍ ഭാഗമാകുന്നുണ്ട്. നിഖില്‍ രവീന്ദ്രനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അര്‍ജുന്‍ ബാലകൃഷ്ണനാണ് ഛായാഗ്രഹണവും ജുബൈര്‍ മുഹമ്മദ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു.

നേരത്തെ തന്നെ പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും വിചിത്രം ശ്രദ്ധ നേടിയിരുന്നു. പേരിനോട് നീതി പുലര്‍ത്തുന്ന വെറൈറ്റി വര്‍ക്കെന്നായിരുന്നു ട്രെയ്ലറിനോട് പ്രേക്ഷകര്‍ പ്രതികരിച്ചത്.

പ്രമേയം കൊണ്ടും അവതരണം കൊണ്ടും തീര്‍ത്തും വ്യത്യസ്തമായ ഒരു ചിത്രമായിരിക്കും വിചിത്രമെന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന.

Content Highlight: Men have problems in movies too, it’s better for men and women to be separate: Shine Tom Chacko

We use cookies to give you the best possible experience. Learn more