ന്യൂദൽഹി: വെള്ളിയാഴ്ച നടക്കുന്ന ഹോളി ആഘോഷങ്ങളിൽ മുസ്‌ലിം പുരുഷന്മാർക്ക് അസൗകര്യങ്ങൾ ഉണ്ടെങ്കിൽ ടാർപോളിൻ കൊണ്ട് നിർമിച്ച ഹിജാബ് ധരിക്കണമെന്ന വിവാദ പരാമർശവുമായി ബി.ജെ.പി നേതാവ് രഘുരാജ് സിങ്.
ഈ വർഷത്തെ ഹോളി ഉത്സവം റംസാൻ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ചയാണ്.
ഉത്തർപ്രദേശിലെ തൊഴിൽ മന്ത്രാലയത്തിന്റെ ഉന്നതാധികാര ഉപദേശക സമിതിയുടെ ചെയർമാനും സംസ്ഥാന മന്ത്രിക്ക് തുല്യമായ പദവിയും വഹിക്കുന്ന നേതാവാണ് രഘുരാജ് സിങ്. ‘ഹോളി ആഘോഷങ്ങളും വെള്ളിയാഴ്ച പ്രാർത്ഥനകളും കണക്കിലെടുത്ത് ഭരണകൂടം ജാഗ്രത പാലിക്കുന്നുണ്ട്, പക്ഷേ ചില ആളുകൾക്ക് അവരുടേതായ എതിർപ്പുകളുണ്ട്. അവരോട് ഞാൻ അഭ്യർത്ഥിക്കുന്നത്, നിങ്ങളുടെ സ്ത്രീകൾ ഹിജാബ് ധരിക്കാറുണ്ടല്ലോ, അതുപോലെ പള്ളികളിൽ ടാർപോളിൻ കൊണ്ട് മൂടാറുമില്ലേ അത് പോലെ നിങ്ങൾ സ്വയം ടാർപോളിൻ കൊണ്ട് ഒരു ഹിജാബ് നിർമിക്കൂ. എന്നിട്ട് അത് അണിയൂ. അപ്പോൾ നിങ്ങൾക്ക് ഒരു അസൗകര്യവും നേരിടേണ്ടിവരില്ല, എളുപ്പത്തിൽ നമസ്‌കരിക്കാനും കഴിയും,’സിങ് പറഞ്ഞു.
സനാതന ധർമത്തിൽ വിശ്വസിക്കുന്നവർക്ക് ഹോളി വിശ്വാസത്തിന്റെ കാര്യമാണെന്നും ഹോളി ആഘോഷിക്കുന്നവരോട് ഒരു പ്രത്യേക പരിധിക്കുള്ളിൽ മാത്രം നിറങ്ങൾ വിതറാൻ ആവശ്യപ്പെടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘സത്യയുഗം മുതൽ ഹോളി ആഘോഷിക്കുന്നു. ഹോളി വർഷത്തിലൊരിക്കൽ വരുന്നു. അതിനാൽ, പള്ളികൾ ടാർപോളിൻ കൊണ്ട് മൂടുന്നതുപോലെയും അവരുടെ സ്ത്രീകൾ ഹിജാബ് ധരിക്കുന്നതുപോലെയും, അവർ ടാർപോളിൻ ഉപയോഗിച്ച് ഹിജാബ് നിർമിക്കണമെന്ന് ഞാൻ പറയും. അവരുടെ തൊപ്പികൾ നനയുകയില്ല. പുരുഷന്മാർക്കും ടാർപോളിൻ കൊണ്ടുള്ള ഹിജാബ് ധരിക്കാം. ഹിന്ദുക്കൾക്ക് അസൗകര്യം ഉണ്ടാക്കരുത്,’ സിങ് പറഞ്ഞു.
ഹോളി ആഘോഷങ്ങളിൽ അസ്വസ്ഥത തോന്നുന്നവർ വീടിനുള്ളിൽ തന്നെ കഴിയണമെന്ന് സാംബാലിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതിന് പിന്നാലെയാണ് സിങ്ങിന്റെ വിവാദ പരാമർശം. ഹോളി ആഘോഷം വർഷത്തിൽ ഒരിക്കൽ മാത്രമേ നടക്കൂ, അതേസമയം ജുമാ നമസ്കാരം വർഷത്തിൽ 52 തവണയാണ് നടക്കുന്നതെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ പരാമർശം.
സാംഭാൽ പൊലീസ് ഉദ്യോഗസ്ഥന്റെ പരാമർശത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പിന്തുണക്കുകയും ചെയ്തിരുന്നു.
Content Highlight: Men can wear tarpaulin hijab like the women’: BJP leader’s Holi remark sparks row