പൂനെ: ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന മലയാള സിനിമയുടെ ഹിന്ദി റീമേക്ക് മിസിസ് നിരോധിക്കണമെന്ന് പുരുഷ സംഘടനയായ സേവ് ഇന്ത്യന്‍ ഫാമിലി ഫൗണ്ടേഷന്‍. സിനിമ പുരുഷ വിരുദ്ധമാണെന്നും സിനിമയിലെ ഉള്ളടക്കം പുരുഷന്മാരെ ആകെ മോശമായി ചിത്രീകരിക്കുകയാണെന്നും സംഘടന ആരോപിച്ചു.
ഒരു ഫെമിനിസ്റ്റ് പ്രൊപ്പഗാണ്ടാ സിനിമയാണ് മിസിസ് എന്നും പുരുഷന്മാരെ കളിയാക്കുകയും മോശമായും ചിത്രീകരിക്കുന്ന എല്ലാത്തിനെയും എതിര്‍ക്കണമെന്നുമാണ് പുരുഷ സംഘടനയുടെ ആവശ്യം.
അതേസമയം സ്ത്രീകള്‍ അടുക്കളയില്‍ ഭക്ഷണമുണ്ടാക്കുന്നതും പച്ചക്കറി മുറിക്കുന്നതും എന്ത് സ്ട്രസാണ് ഉണ്ടാക്കുന്നതെന്നും സംഘടന ചോദിക്കുന്നുണ്ട്.
സ്ത്രീകള്‍ നിലവില്‍ അനുഭവിക്കുന്ന സുഖസൗകര്യങ്ങള്‍ക്കെല്ലാം കാരണം പുരുഷന്മാരാണെന്നും ഗാര്‍ഹിക പീഡനത്തിന് പുരുഷന്മാരും ഇരകളാകാമെന്ന വസ്തുത സിനിമ അവഗണിക്കുന്നുവെന്നും സംഘടന പറയുന്നു.
പുരുഷന്മാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ അവഗണിക്കുമ്പോള്‍ സ്ത്രീകളെ ഇരകളായി ചിത്രീകരിക്കുന്ന ഏകപക്ഷീയമായ ആഖ്യാനങ്ങള്‍ ഇന്ത്യന്‍ സിനിമാ വ്യവസായം സൃഷ്ടിക്കുന്നുവെന്നും സംഘടന ആരോപിച്ചു.
സിനിമയുടെ നിര്‍മാതാക്കള്‍ പരസ്യമായി മാപ്പ് പറയണമെന്നും തിയേറ്ററുകളില്‍ നിന്നും സ്ട്രീമിങ് പ്ലാറ്റ്ഫോമുകളില്‍ നിന്നും പ്രസ്തുത സിനിമ നീക്കം ചെയ്യണമെന്നും ഇവര്‍ പറയുന്നു.
സന്യ മല്‍ഹോത്രയാണ് മിസിസില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിലവില്‍ സീ 5വിലൂടെ ചിത്രം സ്ട്രീം ചെയ്യുന്നുണ്ട്. ഇതിനോടകം തന്നെ സീ 5ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട സിനിമയായും മിസിസ് മാറിയിരുന്നു.
Content Highlight: Men are responsible for the comfort experienced by women; Men’s organization wants to ban ‘Mrs.’