മലപ്പുറം: സ്ത്രീയും പുരുഷനും തുല്യരല്ലെന്ന വിവാദ പരാമർശവുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. സ്ത്രീക്ക് വേണ്ടത് സാമൂഹ്യ നീതിയാണെന്നും സ്ത്രീയും പുരുഷനും തുല്യമാണെന്ന് ലോകം അംഗീകരിച്ചിട്ടില്ലെന്നും പി.എം.എ സലാം പറഞ്ഞു.
സ്ത്രീയും പുരുഷനും തുല്യരെന്ന വാദം കണ്ണടച്ച് ഇരുട്ടാക്കലാണ്. സമൂഹത്തിൽ കയ്യടി കിട്ടാനാണ് ഈ വാദം ചിലർ ഉയർത്തുന്നതെന്നും പി.എം.എ സലാം പറഞ്ഞു. മലപ്പുറം എടക്കരയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ലീഗ് നേതാവിൻ്റെ വിവാദ പരാമർശമുണ്ടായത്.
സ്ത്രീപുരുഷ തുല്യതയിൽ മുസ്‌ലിം ലീഗിന് പ്രത്യേക നയമുണ്ടെന്നും അത് തുല്യതയല്ല മറിച്ച് ജെൻഡർ ജസ്റ്റിസാണെന്നും പി.എം.എ സലാം പറഞ്ഞു.
‘സ്ത്രീപുരുഷ തുല്യതയിൽ മുസ്‌ലിം ലീഗിന് വ്യക്തമായ നയമുണ്ട്. സ്ത്രീകൾക്ക് സാമൂഹ്യനീതിയാണ് വേണ്ടത്. സ്ത്രീക്കും പുരുഷനും തുല്യനീതി വേണം. ജൻഡർ ഈക്വാലിറ്റിയല്ല വേണ്ടത്. ജെൻഡർ ജസ്റ്റിസാണ് ലീഗ് നയം. സ്ത്രീയും പുരുഷനും എല്ലാ നിലയ്ക്കും തുല്യമാണെന്ന് പറയാൻ കഴിയുമോ? ബസിൽ പ്രത്യേക സീറ്റല്ലേ, സ്കൂളിൽ പോലും ഇരിക്കുന്നത് ഒരേ ബെഞ്ചിലാണോ. വേറേയല്ലേ? ഇതെല്ലാം രണ്ടും വ്യത്യസ്ഥമായത് കൊണ്ടാണ്,’ പി.എം.എ സലാം പറഞ്ഞു.
Content Highlight: Men and women are not equal, women need social justice: PMA Salam with controversial remarks