|

നോ കോപ്രമൈസ്; സ്ത്രീയും പുരുഷനും തുല്യര്‍; പി.എം.എ സലാമിനെ തള്ളി വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: സ്ത്രീയും പുരുഷനും തുല്യരല്ലെന്ന മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിന്റെ പരാമര്‍ശം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തങ്ങള്‍ ലിംഗനീതിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നും സ്ത്രീയും പുരുഷനും തുല്യരാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കാര്യത്തില്‍ നോ കോപ്രമൈസെന്നും സ്ത്രീയും പുരുഷനും തുല്യരാണെന്ന നിലപാടാണ് തങ്ങള്‍ക്കുള്ളതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. പി.എം.എ സലാമിന്റെ പരാമര്‍ശം വ്യക്തിപരമായ അഭിപ്രായമായിരിക്കുമെന്നും വി.ഡി. സതീശന്‍ പ്രതികരിച്ചു. പി.എം.എ സലാമിന്റെ നിലപാടിനോട് ഒരു യോജിപ്പും ഇല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ബുധനാഴ്ച രാവിലെ സ്ത്രീയും പുരുഷനും എല്ലാ നിലയിലും തുല്യരാണെന്ന് പറയാന്‍ കഴിയില്ലെന്ന് പി.എം.എ സലാം പറഞ്ഞിരുന്നു. സ്ത്രീയും പുരുഷനും തുല്യരാണെന്ന് ലോകം അംഗീകരിച്ചിട്ടില്ലെന്നും ഒളിമ്പികിസില്‍ ഉള്‍പ്പടെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെ മത്സരങ്ങളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സ്ത്രീയും പുരുഷനും തുല്യരാണെന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണെന്നും പി.എം.എ സലാം പറഞ്ഞിരുന്നു. എന്നാല്‍ പി.എം.എ സലാമിന്റെ പരാമര്‍ശത്തെ തള്ളി എം.എസ്.എസ് സംസ്ഥാന അധ്യക്ഷന്‍ പി.കെ. നവാസും രംഗത്തെത്തിയിരുന്നു.

സ്ത്രീക്കും പുരുഷനും തുല്യനീതി ലഭിക്കേണ്ടതുണ്ടെന്നും ക്യാമ്പസുകളില്‍ എം.എസ്.എഫ് ആ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നുമാണ് പി.കെ. നവാസ് പറഞ്ഞത്. പി.എം.എ. സലാമിന്റെ പരാമര്‍ശത്തില്‍ വിശദീകരണം നല്‍കേണ്ടത് മുസ്‌ലിം ലീഗ് പാര്‍ട്ടിയാണെന്നും പി.എം.എ സലാമിന്റെ നിലപാടിനോട് യോജിക്കുന്നില്ലെന്നും പി.കെ. നവാസ് പ്രതികരിച്ചിരുന്നു.

ക്യാമ്പസുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ഇരിപ്പിടങ്ങളാണെന്ന പി.എം.എ സലാമിന്റെ വാദത്തെയും പി.കെ. നവാസ് എതിര്‍ത്തിരുന്നു. ഇതിനുപിന്നാലെ അന്യസ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇടയില്‍ മറവേണമെന്ന് സമസ്ത സെക്രട്ടറി അബ്ദുല്ല മുസ്‌ലിയാരും പറഞ്ഞിരുന്നു.

അന്യരായ പുരുഷനും സ്ത്രീയും തമ്മില്‍ കണ്ടാസ്വദിക്കുന്നത് കണ്ണുകൊണ്ടുള്ള വ്യഭിചാരണമാണെന്നും ഏത് തരത്തിലുള്ള വ്യഭിചാരമാണെങ്കിലും ആ സമയം ഒരാളുടെ ശരീരത്തില്‍ നിന്ന് ഈമാനിന്റെ വെളിച്ചം ഇല്ലാതാകുമെന്നും അബ്ദുല്ല മുസ്‌ലിയാരും പരാമര്‍ശിച്ചു. നേരത്തെ സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നുള്ള വ്യായാമം ഇസ്‌ലാമിന് എതിരാണെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരും പറഞ്ഞിരുന്നു.

ശരീരം കാണിച്ചുകൊണ്ടാണ് സ്ത്രീകള്‍ വ്യായാമത്തിന്റെ ഭാഗമാകുന്നതെന്നും ചെറുപ്പക്കാരായ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചുകൂടുന്നതില്‍ പ്രശ്‌നമില്ലെന്നാണ് മെക് സെവന്‍ പഠിപ്പിക്കുന്നതെന്നുമാണ് കാന്തപുരം പറഞ്ഞത്.

ഇതിനുമുമ്പ് അന്യപുരുഷന്മാരുടെ മുമ്പില്‍ സ്ത്രീകള്‍ വ്യായാമം ചെയ്യരുതെന്നും സ്ത്രീകളും പുരുഷന്മാരും തമ്മില്‍ ഇടകലര്‍ന്നുള്ള വ്യായാമം വേണ്ടെന്നും കാന്തപുരം വിഭാഗം പറഞ്ഞിരുന്നു. മെക് സെവനെ പരോക്ഷമായി വിമര്‍ശിച്ചായിരുന്നു കാന്തപുരത്തിന്റെ പരാമര്‍ശം. കാന്തപുരത്തിന്റെ പരാമര്‍ശത്തെ ന്യായീകരിച്ച് യൂത്ത് ലീഗ്, മുജാഹിദ് നേതാക്കളും രംഗത്തെത്തിയിരുന്നു.

Content Highlight: Men and women are equal; VD Satheesan rejected PMA Salam