| Friday, 18th September 2020, 11:39 am

കരിപ്പൂരില്‍ നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസിയെ കണ്ടെത്തി; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സൂചന

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കരിപ്പൂരില്‍ നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസിയെ കണ്ടെത്തി. കുറ്റ്യാടി സ്വദേശി മുഹമ്മദ് റിയാസിനെ കൊണ്ടോട്ടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊടുവള്ളി സ്വദേശികളായ ചിലരാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് അറിയുന്നത്.

തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. വൈകീട്ട് അഞ്ച് മണിയോടെ കൊണ്ടോട്ടി സ്‌റ്റേഷനില്‍ റിയാസിനെ എത്തിക്കുമെന്ന് പൊലീസ് പറഞ്ഞു. അതേസമയം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായിട്ടില്ല.

ഇന്നലെ വൈകീട്ട് റിയാസിനെ തട്ടിക്കൊണ്ടുപോയിട്ടും ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നില്ല. ടാക്‌സി ഡ്രൈവറുടെ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്. സ്വര്‍ണക്കടത്തുമായി ഇടപാടുകള്‍ ഉള്ളതുകൊണ്ടാണ് ബന്ധുക്കള്‍ പരാതിയുമായി എത്താതിരുന്നതെന്ന നിഗമനത്തിലാണ് പൊലീസ്.

ഗള്‍ഫില്‍ നിന്ന് എത്തിയ ഇദ്ദേഹത്തിന്റെ പക്കല്‍ സ്വര്‍ണം ഉണ്ടായിരിക്കാമെന്നും എന്നാല്‍ സ്വര്‍ണക്കടത്ത് സംഘവുമായുള്ള ചില തര്‍ക്കമായിരിക്കാം തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നുമാണ് പൊലീസിന്റെ നിഗമനം.

ഇന്നലെ വൈകീട്ടാണ് കരിപ്പൂരില്‍ വിമാനമിറങ്ങിയ ശേഷം വീട്ടിലേക്ക് തിരിച്ച റിയാസിനെ ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയയത്.

അബുദാബിയില്‍ നിന്നാണ് യുവാവ് എത്തിയത്. കരിപ്പൂരില്‍ നിന്നും വരുന്ന വഴി കൊണ്ടോട്ടിയില്‍ നിന്നാണ് സംഘം ടാക്സി തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് മുക്കം സ്വദേശിയായ ടാക്സി ഡ്രൈവര്‍ അഷ്റഫ് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.

തട്ടിക്കൊണ്ട് പോകലിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്ന് സംശയമുണ്ടെന്ന് പൊലീസ് തുടക്കത്തില്‍ തന്നെ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight: Men abducted from Karipur found

We use cookies to give you the best possible experience. Learn more