| Monday, 24th September 2018, 2:06 pm

കേരളത്തിനൊരുകൈത്താങ്ങുമായി ടെന്നസി - മെംഫിസ് മലയാളികളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മെംഫിസ്: നൂറ്റാണ്ടു കണ്ട പ്രളയക്കെടുതികളില്‍ നിന്നും അതിജീവിച്ച കേരളത്തിനൊരു കൈത്താങ്ങുമായി അമേരിക്കയിലെ ടെന്നസി സംസ്ഥാനത്തുള്ള മെംഫിസിലെ മലയാളി സമൂഹം. കഴിഞ്ഞ ഒരുമാസമായി വൈവിധ്യമായ ഫണ്ട്‌റൈസിംഗ് പരിപാടികളാണ് ഇവിടെ നടത്തിവരുന്നത്.

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മിതിക്കായി പണം ശേഖരിക്കുന്നതിലേക്ക് മലയാളി അസോസിയേഷന്‍ കുടുംബാംഗങ്ങള്‍ 600 ഓളം പേര്‍ക്കായി തയ്യാറാക്കിയ പ്രത്യേക ഓണസദ്യയും, അത്താഴവിരുന്നുകളും, ഫണ്ട്‌റൈസിംഗ് മാരത്തോണും, ഷട്ടില്‍ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളും സംഘടിപ്പിച്ചാണ് ഒരുലക്ഷം അമേരിക്കന്‍ ഡോളറിലധികം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് (സിഎംആര്‍ഡിഎഫ് )സംഭാവനയായി ശേഖരിച്ചിരിക്കുന്നത്.

അത്താഴ വിരുന്നില്‍ കേവലം അരമണിക്കൂറിനുള്ളില്‍ ഡോനെഷന്‍പ്ലെഡ്ജ് വഴി എണ്‍പതിനായിരം ഡോളറാണ് പിരിച്ചെടുത്തത്. ഭക്ഷണം പാകം ചെയ്യാനായി അമ്പലവും ഇവെന്റ്‌സ് നടത്താനായി പള്ളിയും തുറന്നു തന്നതും എടുത്തുപറയേണ്ട കാര്യമാണെന്നും സംഘാടകര്‍ വ്യക്തമാക്കുന്നു.

മെംഫിസ് മലയാളികളുടെ നേതൃതത്തിലുള്ള മാം (മലയാളി അസോസിയേഷന്‍ ഓഫ് മെംഫിസ്) നടത്തിയ പരിപാടികളില്‍ മെംഫിസിലെ മറ്റുഇന്ത്യന്‍ കമ്യൂണിറ്റികളില്‍ നിന്നും വലിയ തോതിലുള്ള സഹകരണമാണ് ലഭിച്ചിച്ചിരുന്നത്.

വരുന്ന ഒക്ടോബര്‍ ആറിന് നടക്കുന്ന ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ശേഷം ശേഖരിച്ച തുകമുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കാനാണ് മലയാളി കൂട്ടായ്മയുടെ തീരുമാനം.

We use cookies to give you the best possible experience. Learn more