കൊല്‍ക്കത്ത: ഓര്‍മയാണ് ഫാസിസത്തിനെതിരെയുള്ള ആയുധമെന്ന് മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍. നമുക്കെതിരെ നടന്ന എല്ലാ കാര്യങ്ങളും ഓര്‍മയിലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയിലെ പീപ്പിള്‍സ് ഫിലിം കളക്ടീവ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സിദ്ദീഖ് കാപ്പനെന്ന് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
ഫെബ്രുവരി 2ന് ജാമ്യം ലഭിച്ചതിന് ശേഷം കേരളത്തിന് പുറത്തുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ പ്രഭാഷണമായിരുന്നു ഞായറാഴ്ച നടന്നത്.
2020 ഒക്ടോബര്‍ അഞ്ചിന് തടങ്കലില്‍ വെച്ചതിന് ശേഷം പൊലീസില്‍ നിന്നും ഏജന്‍സികളില്‍ നിന്നും താന്‍ നേരിട്ട അനുഭവങ്ങളും അദ്ദേഹം വിവരിച്ചു.
ഞാന്‍ പഞ്ചാബിനപ്പുറം പോയിട്ടില്ലെന്നും ബീഫ്, പന്നിയിറച്ചി തുടങ്ങിയ വ്യത്യസ്ത ഇറച്ചികള്‍ കഴിക്കാറുണ്ടെന്നും പറഞ്ഞു. എനിക്ക് ചെറിയ രീതിയില്‍ ഉറുദു അറിയാമെന്നും ജെ.എന്‍.യുവിലേക്ക് എന്‍ട്രന്‍സ് എഴുതിയെങ്കിലും കിട്ടിയില്ലെന്നും മറുപടി കൊടുത്തു.
തടവിലാക്കിയതിന് ശേഷം 45 ദിവസം കഴിഞ്ഞാണ് എനിക്ക് ആദ്യമായി ഫോണ്‍ ചെയ്യാനുള്ള അനുമതി നല്‍കിയത്. അഞ്ച് മിനിറ്റായിരുന്നു അനുവദിച്ചത്. ഇംഗ്ലീഷ് അല്ലെങ്കില്‍ ഹിന്ദി മാത്രം സംസാരിച്ചാല്‍ മതിയെന്ന് പറഞ്ഞു.
90 വയസായ എന്റെ മാതാവിന് മലയാളം മാത്രമേ അറിയൂവെന്ന് അപേക്ഷിച്ചതിന് ശേഷം രണ്ട് മിനിറ്റ് മാത്രം മലയാളത്തില്‍ സംസാരിക്കാന്‍ അനുവദിക്കുകയായിരുന്നു,’ കാപ്പന്‍ പറഞ്ഞു.
കള്ളപ്പണം വെളുപ്പിച്ചതിനെതിരെയും കാപ്പനെതിരെ ഇ.ഡി. കേസെടുത്തിരുന്നു. അതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഒരു സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് 5000 രൂപ അയച്ച് കൊടുത്തതാണ് ഇ.ഡി കേസിനാധാരമെന്നും അദ്ദേഹം വ്യക്തമാക്കി.
ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് തിടുക്കത്തില്‍ സംസ്‌കരിച്ചതാണ് തനിക്ക് ഹത്രാസ് കേസില്‍ താത്പര്യം തോന്നാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ കേന്ദ്ര ഏജന്‍സികളുടെയും ദല്‍ഹി പൊലീസിന്റെയും നിരീക്ഷണത്തിലായിരുന്നു. അതുകൊണ്ടാണ് അവര്‍ എന്നെ വേട്ടയാടിയതെന്നും അദ്ദേഹം പറഞ്ഞു.
കല്‍ക്കത്തയിലെ സുജാത സഡന്‍ ഓഡിറ്റേറിയത്തില്‍ വെച്ച് ‘ഇന്നത്തെ ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തനത്തില്‍ സത്യം തേടുന്നു’ എന്ന പരിപാടിയില്‍ മാധ്യമങ്ങളുടെ അവസ്ഥയെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
‘വലിയ അളവില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍ ഏജന്‍സികളായി പ്രവര്‍ത്തിക്കുന്നു. അച്ചടി മാധ്യമങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളും ഏറ്റവും വലിയ പരസ്യദാതാക്കളായ സര്‍ക്കാരിനെ ആശ്രയിച്ചിരിക്കുകയാണ്,’ കാപ്പന്‍ പറഞ്ഞു.
സിദ്ദീഖ് കാപ്പനൊപ്പം പങ്കാളി റൈഹാന കാപ്പനും താന്‍ നേരിട്ട ദുരിതങ്ങള്‍ പങ്കുവെച്ചു.
‘ഭര്‍ത്താവിന്റെ മാതാവ് രോഗിയായിരുന്നു. എനിക്ക് മൂന്ന് മക്കളുമുണ്ട്. അവിടെ എനിക്ക് രണ്ട് ഓപ്ഷന്‍ മാത്രമേയുള്ളു. ഒന്നുങ്കില്‍ കരഞ്ഞ് കൊണ്ടിരിക്കുക, അല്ലെങ്കില്‍ അവസാന ശ്വാസം വരെ പോരാടുക.
ഞാന്‍ രണ്ടാമത്തെ ഓപ്ഷനാണ് തെരഞ്ഞെടുത്തത്. അത് എന്റെ ഭര്‍ത്താവായത് കൊണ്ട് മാത്രമല്ല. അദ്ദേഹം ജയിലിടക്കപ്പെട്ടത് ഒരു പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് കൊണ്ടാണ് എന്നുള്ളത് കൊണ്ടാണ്. കാരണം എനിക്ക് രണ്ട് പെണ്‍മക്കളാണുള്ളത്,’ റൈഹാന പറഞ്ഞു. മലയാളത്തില്‍ പറഞ്ഞ റൈഹാനയുടെ വാക്കുകള്‍ കാപ്പനാണ് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്.
തുടര്‍ന്ന് പ്രമുഖ പത്രമായ ‘ഖബര്‍ ലഹരിയ’യെക്കുറിച്ചുള്ള റൈറ്റിങ് വിത്ത് ഫയര്‍ എന്ന ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു.
2020 ഒക്ടോബര്‍ അഞ്ചിനാണ് യു.പിയിലെ ഹാത്രാസില്‍ നിന്നും പൊലീസ് കാപ്പനെ അറസ്റ്റ് ചെയ്തത്. ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത്.
പിന്നീട്, കലാപമുണ്ടാക്കാന്‍ വേണ്ടിയാണ് കാപ്പന്‍ സ്ഥലത്തെത്തിയതെന്ന് ആരോപിച്ച യു.പി പൊലീസ് സിദ്ദീഖ് കാപ്പനെതിരെ യു.എ.പി.എയടക്കമുള്ള വകുപ്പുകള്‍ ചുമത്തുകയായിരുന്നു.
അന്ന് മുതല്‍ തന്നെ കാപ്പന്റെ ജാമ്യത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും യു.പിയിലെ കോടതികള്‍ ജാമ്യം നിഷേധിക്കുകയായിരുന്നു. പിന്നീട് രണ്ടര വര്‍ഷത്തിന് ശേഷമാണ് സിദ്ദീഖ് കാപ്പന്‍ ജയില്‍ മോചിതനാകുന്നത്.
നിലവില്‍ കാപ്പന്‍ വേങ്ങരയിലെ പൊലീസ് സ്റ്റേഷനില്‍ എല്ലാ തിങ്കളാഴ്ചയും നിര്‍ബന്ധമായും ഹാജരാകണം, കൂടാതെ രണ്ടാഴ്ചയിലൊരിക്കല്‍ ലഖ്‌നൗ കോടതിയിലും ഹാജരാകണം.
content highlights: Memory is the weapon against fascism: Siddique Kappan