കൊച്ചി: നടിയെ അക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് ചോര്‍ന്ന കേസ് വിധി പറയല്‍ മാറ്റി. കേസില്‍ വാദം മാറ്റണമെന്ന പ്രതിയായ ദിലീപിന്റെ ആവശ്യം നിരാകരിച്ചാണ് കോടതി നടപടിയെടുത്തത്. അഡ്വ. രഞ്ജിത് മാരാറെ കേസില്‍ അമിക്കസ് ക്യൂറിയായി നിയമിക്കാനും കോടതി തീരുമാനിച്ചു.
അതിജീവിതയെ അക്രമിക്കുന്നത് പകര്‍ത്തിയ അപകീര്‍ത്തികരമായ ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് കോടതി ആവശ്യത്തിനല്ലാതെ രണ്ട് തവണ പരിശോധിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അതിജീവിത നല്‍കിയ പരാതിയിലാണ്
ഹൈക്കോടതി നടപടി. തന്റെ മൗലിക അവകാശത്തിന് വിരുദ്ധമായ ഇടപെടലാണ് കേസില്‍ ഉണ്ടായിരിക്കുന്നതെന്നാണ് അതിജീവിത കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് അതിജീവിതയുടെ ആവശ്യം. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്നതുവഴി നിര്‍ണായകമായ തെളിവ് നശിപ്പിക്കാനുള്ള കൃത്യമായ ശ്രമമാണ് നടന്നതെന്നാണ് അതിജീവിത പറയുന്നത്. സാമൂഹമാധ്യമ അക്കൗണ്ടുകളുള്ള മൊബൈല്‍ ഫോണില്‍ മെമ്മറി കാര്‍ഡ് ഇട്ടിട്ടുണ്ടെന്നും ശാസ്ത്രീയമായ അന്വേഷണം ആവശ്യമാണെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് ഹരജിക്കാരിയുടെ ശ്രമമെന്നാണ് ദിലീപ് പറയുന്നത്. കേസില്‍ എഫ്.എസ്.എല്‍ അധികൃതരുടെ സാക്ഷി വിസ്താരം നടക്കുന്നുണ്ട്. വാദം മാറ്റിവെക്കെണ്ടതിന്റെ കാരണം സീല്‍ഡ് കവറില്‍ ഹാജരാക്കാമെന്നും ദിലീപ് കോടതിയെ അറിയിച്ചു.