കണ്ണൂര്‍: പയ്യാമ്പലം ബീച്ചില്‍ സി.പി.ഐ.എം നേതാക്കളുടെ സമൃതി കുടീരങ്ങള്‍ രാസപദാര്‍ത്ഥം ഒഴിച്ച് നശിപ്പിച്ചു. മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍, കോടിയേരി ബാലകൃഷ്ണന്‍, ചടയന്‍ ഗോവിന്ദന്‍, ഒ. ഭരതന്‍ തുടങ്ങിയവരുടെ സമൃതി കുടീരങ്ങളാണ് നശിപ്പിക്കപ്പെട്ടത്. രാസപദാര്‍ത്ഥം പോലുള്ള മിശ്രിതം ഒഴിച്ചാണ് സമൃതികുടീരങ്ങല്‍ നശിപ്പിച്ചിട്ടുള്ളത്. ഇന്ന് ഉച്ചയോടെയാണ് അതിക്രമം നടന്നതായി ശ്രദ്ധയില്‍ പെട്ടത്.
പരിസരവാസികള്‍ അറിയിച്ചത് പ്രകാരം മാധ്യമങ്ങളെത്തുകയും ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ സി.പി.ഐ.എം നേതൃത്വത്തെ അറിയിക്കുകയുമായിരുന്നു. വിവരം ലഭിച്ച ഉടന്‍ തന്നെ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി, സി.പി.ഐ.എം കണ്ണൂര്‍ ജില്ല ആക്ടിങ് സെക്രട്ടറി ടി.വി. രാജേഷ് തുടങ്ങിയവര്‍ സ്ഥലത്തെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമികമായി പരിസരത്തെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.
വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍പ്പെട്ടവരുടെ സ്മൃതി കുടീരങ്ങല്‍ ഇവിടെ ഉണ്ടെങ്കിലും സി.പി.ഐ.എം നേതാക്കളുടേത് മാത്രം നശിപ്പിക്കപ്പെട്ടതില്‍ ഗൂഢാലോചയുണ്ടെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് കാലത്ത് കണ്ണൂരിലെ ശാന്തമായ അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണിത്. മരിച്ചവരെ പോലും വെറുതെ വിടില്ലെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഈ സംഭവം പ്രതിഷേധാര്‍ഹവും, അപലപനീയവുമാണെന്നും പി.കെ. ശ്രീമതി പറഞ്ഞു.
ഹൃദയഭേദകമായ കാഴ്ചയാണ് പയ്യാമ്പലത്തുണ്ടായതെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ല ആക്ടിങ് സെക്രട്ടറി ടി.വി രാജേഷ് പറഞ്ഞു. സി.പി.ഐ.എം നേതാക്കളുടെ മാത്രം സമൃതികുടീരങ്ങള്‍ നശിപ്പിച്ചതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ഗൂഢാലോചയുണ്ട്. കണ്ണൂരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ വേണ്ടിയുള്ള ശ്രമമാണിത്. സി.പി.ഐ.എം പ്രവര്‍ത്തകരെ പ്രകോപനത്തില്‍ വീഴ്ത്താനുള്ള ശ്രമം കൂടി ഇതിന്റെ പിന്നിലുണ്ടെന്ന് സംശയിക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും കണ്ണൂരിന്റെ സമാധാനം നിലനിര്‍ത്താന്‍ പാര്‍ട്ടി പ്രവര്‍ത്തര്‍ മുന്നിട്ടിറങ്ങണമെന്നും ടി.വി. രാജേഷ് പറഞ്ഞു.
മാസങ്ങള്‍ക്ക് മുമ്പാണ് പയ്യാമ്പലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഗ്രാനൈറ്റില്‍ കൊത്തിയ മുഖം സ്ഥാപിച്ചത്. അതില്‍ രാസപദാര്‍ത്ഥം ഒഴിച്ചാണ് നശിപ്പിച്ചിട്ടുള്ളത്.
content highlights: Memorial tombs of CPI(M) leaders including Kodiyeri and Nayanar vandalized at Payyambalam