FB Notification
ഷംനാദ് ബഷീര്‍ - ഒരു മാന്ത്രികന്റെ ഓര്‍മയ്ക്ക്
(ഇംഗ്‌ളീഷ് സംസാരിക്കാത്ത സാമൂഹ്യ പശ്ചാത്തലത്തിലുള്ള കുട്ടികള്‍ക്കായി വലിയ സംഭാവനകള്‍ നല്‍കിയ ഒരു മനുഷ്യനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഇംഗ്ലീഷ് മാധ്യമങ്ങളില്‍ മാത്രം നിറയുന്നത് ശരിയല്ല എന്ന തോന്നലില്‍നിന്നാണ് അദ്ദേഹത്തെ മലയാളികള്‍ക്ക് പരിചയപ്പെടുത്താന്‍ ഈ കുറിപ്പ് എഴുതുന്നത്. ഏതെങ്കിലും മലയാള മാധ്യമ സുഹൃത്തുക്കള്‍ ഇത് പ്രസിദ്ധീകരിച്ചാല്‍ സന്തോഷം)
ഒരു കരിങ്കല്‍ ക്വാറി. അവിടെ ചുറ്റിക കൊണ്ട് കല്ല് പൊട്ടിക്കുന്ന ഒരു സ്ത്രീ നാല് കരിങ്കല്ല് ചേര്‍ത്തുവച്ച് പുല്ലുമേഞ്ഞ ഒരു ”വീട്ടില്‍” താമസിക്കുന്നു. ആ സ്ത്രീയുടെ മകള്‍ മത്സരപ്പരീക്ഷ എഴുതി, സുപ്രീം കോടതി ജഡ്ജിമാരുടെയും മന്ത്രിമാരുടെയും ബിസിനസുകാരുടെയും ഒക്കെ മക്കള്‍ പഠിക്കുന്ന ഒരു നിയമ സര്‍വകലാശാലയില്‍ അഡ്മിഷന്‍ നേടുന്നു. അവിടെനിന്ന് പഠിച്ച നിയമം ഉപയോഗിച്ച് തന്റെ ക്വാറിയില്‍ കുറെപ്പേര്‍ക്ക് നീതിവാങ്ങിക്കൊടുക്കുന്നു. കഥകേട്ടുവന്ന മാധ്യമങ്ങളോട് അവള്‍ പറയുന്നു, ഒരിക്കല്‍ ഞാനീ നാടിന്റെ പ്രധാനമന്ത്രിയാകും.
സിനിമാക്കഥയാണെന്ന് തോന്നിയോ? അല്ല. യഥാര്‍ത്ഥ ജീവിതത്തില്‍ ഇതുപോലുള്ള മാജിക്കുകള്‍ കാണിച്ച മനുഷ്യനാണ് കഴിഞ്ഞ ദിവസം നാല്‍പത്തിമൂന്നാം വയസില്‍ ഒരപകടത്തില്‍ അന്തരിച്ച ഷംനാദ് ബഷീര്‍.
മലയാള മാധ്യമങ്ങളില്‍ ചിലത് അദ്ദേഹത്തിന്റെ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്യാന്‍സര്‍ മരുന്നുകള്‍ ചുരുങ്ങിയ വിലയില്‍ ഇന്ത്യയില്‍ ലഭ്യമാക്കാന്‍ നിയമപോരാട്ടം നടത്തിയ ബൗദ്ധിക സ്വത്തവകാശ വിദഗ്ധന്‍ എന്ന നിലയിലാണ് അദ്ദേഹത്തെ ആ റിപ്പോര്‍ട്ടുകള്‍ മലയാളിക്ക് പരിചയപ്പെടുത്തിയത്.
അദ്ദേഹം അതായിരുന്നു, പക്ഷേ അത് മാത്രമായിരുന്നില്ല. സമൂഹത്തിന്റെ അരികുകളില്‍ നില്‍ക്കുന്നവരെക്കൂടി ഉള്‍ക്കൊള്ളുന്ന രീതിയില്‍ ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഒരു പോരാളിയായിരുന്നു അദ്ദേഹം. അതിന് ചിലപ്പോള്‍ ബൗദ്ധിക സ്വത്തവകാശ നിയമം ഉപയോഗിച്ചു, ചിലപ്പോള്‍ സ്വന്തം വ്യക്തിപ്രഭാവവും സംഘടനാ പാടവവും. പിന്നെ കയ്യില്‍ കിട്ടിയതൊക്കെ.
ഇംഗ്‌ളീഷ് സംസാരിക്കാത്ത സാമൂഹ്യ പശ്ചാത്തലത്തിലുള്ള കുട്ടികള്‍ക്കായി വലിയ സംഭാവനകള്‍ നല്‍കിയ ഒരു മനുഷ്യനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഇംഗ്ലീഷ് മാധ്യമങ്ങളില്‍ മാത്രം നിറയുന്നത് ശരിയല്ല എന്ന തോന്നലില്‍നിന്നാണ് അദ്ദേഹത്തെ മലയാളികള്‍ക്ക് പരിചയപ്പെടുത്താന്‍ ഈ കുറിപ്പ് എഴുതുന്നത്.
1. IDIA എന്ന ഐഡിയ
എഞ്ചിനീയറിങ്ങിന് ഐ.ഐ.ടി.കള്‍ എന്ന പോലെ നിയമ വിദ്യാഭ്യാസത്തിന് ഇന്ത്യയില്‍ പത്തോളം നാഷണല്‍ ലോ യൂണിവേഴ്‌സിറ്റികള്‍ ഉണ്ട്. താരതമ്യേന മികവ് പുലര്‍ത്തുന്ന ഈ സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് നല്ല തൊഴില്‍ സാധ്യതകളുമുണ്ട്. ഇവയില്‍ ഞാന്‍ പഠിച്ച കൊല്‍ക്കത്തയിലെ NUJS ഇലാണ് ഓക്‌സ്‌ഫോര്‍ഡില്‍ പി.എച്ച്.ഡി കഴിഞ്ഞ് മടങ്ങിയ ഷംനാദ് ബഷീര്‍ പ്രൊഫസര്‍ ആയി ജോലിക്ക് കയറിയത്. മുപ്പത്തി രണ്ടാം വയസില്‍ പ്രൊഫസര്‍ സ്ഥാനത്ത് വന്ന അദ്ദേഹം ഒരു പക്ഷേ ഇന്ത്യയില്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഫസര്‍ ആയിരുന്നിരിക്കും.
ബാംഗ്ലൂര്‍ നാഷണല്‍ ലോ സ്‌കൂളില്‍ നടത്തിയ ഒരു സര്‍വേ പ്രകാരം പതിനഞ്ച് ശതമാനം വിദ്യാര്‍ത്ഥികള്‍ മാസം മൂന്നുലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ള കുടുംബങ്ങളില്‍നിന്നാണ് വരുന്നത്. അന്‍പത് ശതമാനം പേര്‍ മാസം ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ ഉള്ള കുടുംബങ്ങളില്‍നിന്ന്.
അതായത്, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ കഷ്ടപ്പെടുന്ന സാധാരണക്കാരന്റെയോ പാവപ്പെട്ടവന്റെയോ കുട്ടികള്‍ ഈ സ്ഥാപനങ്ങളില്‍ എത്തുന്നില്ല. ഉയര്‍ന്ന ഫീസ്, ഈ സ്ഥാപനങ്ങളെക്കുറിച്ചുള്ള അവബോധം കുറവായത്, ഇംഗ്ലീഷിലുള്ള മത്സരപ്പരീക്ഷ, ഇവയൊക്കെ കാരണങ്ങളായിരുന്നു.
ഈ പ്രശ്‌നത്തിന് ഒരു പരിഹാരമായാണ് ഷംനാദ് ബഷീര്‍ Increasing Diversity by Increasing Access (IDIA) എന്ന സംരഭം തുടങ്ങിയത്. നാഷണല്‍ ലോ യൂണിവേഴ്‌സിറ്റികളില്‍ പഠിച്ചിരുന്ന ഒരുകൂട്ടം വിദ്യാര്‍ത്ഥികളെയും സുഹൃത്തുക്കളെയും കൂട്ടി അദ്ദേഹം ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും ഏറ്റവും ചെറിയ ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്തു.
പലതും കറണ്ട് പോലുമില്ലാത്ത, കരിമ്പിന്‍ തോട്ടങ്ങള്‍ക്ക് നടുക്ക് കുട്ടികളും അധ്യാപകനും മരത്തിന് ചുറ്റും നിലത്തിരിക്കുന്ന ഉത്തരേന്ത്യന്‍ ഗ്രാമീണ സ്‌കൂളുകള്‍. അവിടെ അദ്ദേഹവും അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളും നിയമ വിദ്യാഭ്യാസത്തെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും കുട്ടികളോട് അവര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ സംസാരിച്ചു. കൂട്ടത്തിലെ മിടുക്കന്മാരെയും മിടുക്കികളെയും കണ്ടെത്തി അവരുടെ മാതാപിതാക്കളോട് അവരെ തുടര്‍ന്ന് പഠിപ്പിക്കാന്‍ വാദിച്ചു.
അങ്ങനെ കിട്ടിയ മിടുക്കന്മാരെയും മിടുക്കിമാരെയും എല്ലാ ചിലവും വഹിച്ച് ഏതെങ്കിലും ഒരു നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ കൊണ്ടുവന്ന് ഒന്നോ രണ്ടോ വര്‍ഷം താമസിപ്പിച്ച് ഇംഗ്ലീഷ് പഠിപ്പിച്ചു; മത്സരപ്പരീക്ഷയ്ക്ക് തയാറെടുപ്പിച്ചു. പലരും അദ്ദേഹത്തിന്റെ വീട്ടില്‍ത്തന്നെ താമസമാക്കി. ആദ്യ വര്‍ഷം മുതലിങ്ങോട്ട് എല്ലാ വര്‍ഷവും അദ്ദേഹത്തിന്റെ കുട്ടികളില്‍ അഞ്ചിനും പത്തിനും ഇടയില്‍ മിടുക്കന്മാരും മിടുക്കികളും ഈ മത്സരപ്പരീക്ഷ ജയിച്ച് അഡ്മിഷന്‍ നേടി.
കുട്ടികള്‍ അഡ്മിഷന്‍ നേടുന്നതോടെ സ്വന്തം ജോലി കഴിഞ്ഞു എന്ന് വിചാരിക്കുന്ന ആളല്ലായിരുന്നു ഷംനാദ് ബഷീര്‍. അഡ്മിഷന്‍ നേടുന്ന ഓരോ കുട്ടിക്കും ഫീസും ജീവിതച്ചിലവുകളും കണ്ടെത്താന്‍ ഓരോ വര്‍ഷവും അദ്ദേഹം ഓടിനടന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും മറ്റ് സഹൃദയരും കയ്യയച്ച് സംഭാവനകള്‍ നല്‍കി. തികയാതെ വന്നപ്പോഴൊക്കെ അദ്ദേഹം സുഹൃത്തുക്കളെ വീണ്ടും വീണ്ടും ഇമെയിലില്‍ ബുദ്ധിമുട്ടിച്ചു.
പാവപ്പെട്ട, ഇംഗ്ലീഷ് സംസാരിക്കാത്ത പശ്ചാത്തലത്തില്‍നിന്ന് വരുന്ന കുട്ടികള്‍ക്ക് പണക്കാരുടെയും, വെസ്റ്റേണ്‍ മ്യൂസിക്ക് കേള്‍ക്കുന്നവരുടെയും, ബ്രാന്‍ഡഡ് വസ്ത്രം ധരിക്കുന്നവരുടെയും ലോകം അല്‍പം പേടിപ്പിക്കുന്നതാണ്. മിഡില്‍ ക്ളാസ് പശ്ചാത്തലത്തില്‍നിന്ന് വന്നിട്ടും, അത്യാവശ്യം ഇംഗ്ലീഷ് പറഞ്ഞിട്ടും, ആക്‌സന്റിന്റെയും വസ്ത്രധാരണത്തിന്റെയും ഗ്രാമീണനായതിന്റെയും ഒക്കെ പേരില്‍ ഞാന്‍ ആ ലോകത്ത് അത്യാവശ്യം പരിഹാസങ്ങള്‍ കേട്ടിരുന്നു.
ഇവിടെയും തന്റെ കുട്ടികളെ ഉള്‍ക്കൊള്ളുന്ന രീതിയില്‍ ഈ യൂണിവേഴ്‌സിറ്റികളെ മാറ്റാന്‍ ഷംനാദ് ബഷീര്‍ ഇറങ്ങിത്തിരിച്ചു. ഓരോ കുട്ടിക്കും കോളേജിന് അകത്തും പുറത്തും എന്ത് സഹായത്തിനും മെന്റര്‍മാരെ നല്‍കി. അതിലുപരി വ്യത്യാസങ്ങളെ പരിഹസിക്കുന്നതല്ല, ആഘോഷിക്കുന്നതാണ് ‘കൂള്‍’ എന്നൊരു പൊതുബോധം വളര്‍ത്താന്‍ പറ്റുന്നതെല്ലാം ചെയ്തു. തന്റെ കുട്ടികള്‍ ഈ കോളേജുകളില്‍ പഠിക്കണമെന്ന് മാത്രമല്ല, ആ അഞ്ച് വര്‍ഷങ്ങള്‍ അവര്‍ ആഘോഷമാക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധം ഉണ്ടായിരുന്നു.
അദ്ദേഹത്തിന്റെ കുട്ടികള്‍ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റികളില്‍ അഡ്മിഷന്‍ നേടിത്തുടങ്ങിയ കാലത്ത്, അവര്‍ പഠനം കഴിഞ്ഞ് കുറച്ച് വര്‍ഷം സ്വന്തം നാടുകളിലേക്ക് തിരിച്ചു പോയി അവിടുത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം എന്നൊരു വ്യവസ്ഥ വച്ചാലോ എന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹം ശക്തമായി വിയോജിച്ചു. സ്വന്തം ജോലി തിരഞ്ഞെടുക്കാന്‍ മറ്റെല്ലാ കുട്ടികള്‍ക്കും ഉള്ള സ്വാതന്ത്ര്യം അവര്‍ക്കും വേണം എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നിട്ടും, ആരുടേയും നിര്‍ബന്ധമില്ലാതെ അദ്ദേഹത്തിന്റെ കുട്ടികള്‍ സാമൂഹ്യ പ്രസക്തമായ പല കേസുകളിലും മുന്നിട്ടിറങ്ങി.
ക്വാറി ജീവനക്കാര്‍ക്ക് ശമ്പളം വാങ്ങിക്കൊടുക്കാന്‍, കപ്പലില്‍ കാണാതായവര്‍ക്ക് നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാന്‍, കൊല്‍ക്കത്തയില്‍ ചേരി പൊളിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍നിന്ന് അടിയന്തിര ഉത്തരവ് നേടാനും ആ ഉത്തരവുമായി ബുള്‍ഡോസറിന് മുന്നില്‍കയറിനിന്ന് തല്ലു കൊള്ളാന്‍, എല്ലാം അദ്ദേഹത്തിന്റെ കുട്ടികള്‍ ഉണ്ടായിരുന്നു. പലരും പഠനം കഴിഞ്ഞ് നല്ല ജോലികള്‍ നേടി. IDIA പഠിപ്പിച്ച കുട്ടികളില്‍ പലരും ഇന്ന് IDIA യുടെ നടത്തിപ്പുകാരാണ്.
നല്ല കാര്യമാണെങ്കിലും, എതിര്‍പ്പുകള്‍ ഇല്ലാതെയല്ല ഷംനാദ് ബഷീര്‍ ഐഡിയ തുടങ്ങിയത്. ഗ്രാമങ്ങളില്‍നിന്ന് കുട്ടികളെ കൊണ്ടുവന്നാല്‍ കോളേജുകളുടെ ‘ബ്രാന്‍ഡ്’ ഇടിയും എന്നൊരു വാദം ഉണ്ടായിരുന്നു. മറുവശത്ത്, വലിയ വിപ്ലവങ്ങളില്‍ മാത്രം വിശ്വാസമുണ്ടായിരുന്നു പലര്‍ക്കും ഈ വിപ്ലവത്തിന് വലിപ്പം പോര എന്നൊരു അഭിപ്രായം ഉണ്ടായിരുന്നു. എതിര്‍പ്പുകള്‍ക്കിടയില്‍ പുഞ്ചിരിച്ചുകൊണ്ട്, പല എതിരാളികളെയും തന്റെ സുഹൃത്തുക്കളാക്കിക്കൊണ്ട് ഷംനാദ് ബഷീര്‍ മുന്നോട്ട് പോയി. അതുകൊണ്ട്, തുടര്‍ വിദ്യാഭ്യാസം പോലും സംശയമായിരുന്ന കുറെ കുട്ടികള്‍ ഇന്ന് ഏറ്റവും മികച്ച സ്ഥാപനങ്ങളില്‍ പഠിക്കുന്നു.
2. ബൗദ്ധിക സ്വത്തവകാശ വിദഗ്ധന്‍
ബൗദ്ധിക സ്വത്തവകാശ നിയമ രംഗത്ത് ഇന്ത്യയില്‍ ഏറ്റവും പ്രഗത്ഭനായ നിയമജ്ഞനായിരുന്നു ഷംനാദ് ബഷീര്‍. അന്താരാഷ്ട്ര തലത്തിലും, ഈ രംഗത്ത് വളരെയേറെ അറിയപ്പെട്ട വ്യക്തിത്വമായിരുന്നു പ്രൊഫസര്‍ ബഷീര്‍.
ഒരു സംഗതി കണ്ടുപിടിക്കുന്ന ആള്‍ക്ക് ആ കണ്ടുപിടുത്തതില്‍ എന്തുമാത്രം അവകാശങ്ങള്‍ വേണം എന്ന് നിര്‍വചിക്കുന്ന നിയമങ്ങളാണ് ബൗദ്ധിക സ്വത്തവകാശ നിയമങ്ങള്‍. ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങള്‍ക്കുള്ള പേറ്റന്റുകളും സാഹിത്യ സൃഷ്ടികള്‍ക്കുള്ള കോപ്പി റൈറ്റും ഒക്കെ ഈ നിയമങ്ങളുടെ പരിധിയില്‍ വരുന്നു.
ബൗദ്ധിക സ്വത്തവകാശം എപ്പോഴും ആശയപരമായ വലിയ വിയോജിപ്പുകള്‍ ഉള്ള ഒരു മേഖലയാണ്. കണ്ടുപിടുത്തങ്ങളെ പ്രോത്സാഹിപ്പിക്കാനായി ബൗദ്ധിക സ്വത്തവകാശം വളരെ ശക്തമായി സംരക്ഷിക്കണം എന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍, കണ്ടുപിടുത്തങ്ങളുടെ ഗുണം സമൂഹത്തിന് കിട്ടാനായി ബൗദ്ധിക സ്വത്തവകാശങ്ങളുടെ സംരക്ഷണം ഒഴിവാക്കുകയോ ദുര്‍ബലപ്പെടുത്തുകയോ ചെയ്യണം എന്ന് മറുകൂട്ടര്‍ വാദിക്കുന്നു.
ഈ വിവാദത്തില്‍ ഒരു മദ്ധ്യപാത തെളിക്കാന്‍ ശ്രമിച്ച വ്യക്തിയായിരുന്നു ഷംനാദ് ബഷീര്‍. അതേക്കുറിച്ച് ചോദിച്ച സുപ്രീം കോടതി ജഡ്ജിയോട്, ഞാനൊരു ബുദ്ധമത വിശ്വാസിയാണ്, അതുകൊണ്ട് മധ്യപാതയാണ് താത്പര്യം എന്ന് അദ്ദേഹം തമാശ പറഞ്ഞിരുന്നു.
എങ്കിലും, സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങള്‍ക്ക് കണ്ടുപിടുത്തങ്ങളുടെ ഗുണങ്ങള്‍ ലഭ്യമാക്കുക എന്നത് തന്നെയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ക്യാന്‍സര്‍ മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനുള്ള അദ്ദേഹത്തിന്റെ നിയമപോരാട്ടം പ്രശസ്തമാണ്. അതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ് അന്ധര്‍ക്ക് പുസ്തകങ്ങള്‍ ലഭ്യമാക്കാന്‍ ബ്രെയില്‍ ലിപിയില്‍ പ്രസിദ്ധീകരിക്കുന്നതിന് കോപ്പി റൈറ്റ് നിയമങ്ങള്‍ എതിരുനില്‍ക്കാതിരിക്കാനായി അദ്ദേഹം നടത്തിയ പോരാട്ടം.
സ്വന്തം വിസിറ്റിങ് കാര്‍ഡിലും എല്ലാ വിവരങ്ങളും ബ്രെയില്‍ ലിപിയില്‍ കൂടി ഉള്‍പ്പെടുത്തണം എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. അടുത്ത കാലത്ത്, ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദേശത്ത് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ഫോട്ടോകോപ്പി എടുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിനെതിരെ വിദേശ പ്രസാധകര്‍ കേസ് നടത്തിയപ്പോള്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെയും വിദ്യാര്‍ത്ഥികളുടെയും ഭാഗത്ത് നിന്ന് നിയമം വ്യാഖ്യാനിക്കാനും അദ്ദേഹം മുന്‍നിരയില്‍ ഉണ്ടായിരുന്നു.
3. സുഹൃത്തും വഴികാട്ടിയും
ഷംനാദ് ബഷീറിന്റെ അകാല വിയോഗം അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളെ കണ്ണീരിലാഴ്ത്തി എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയല്ല. വാര്‍ത്ത അറിഞ്ഞത് മുതല്‍ വര്‍ഷങ്ങളായി സംസാരിച്ചിട്ടില്ലാത്ത സുഹൃത്തുക്കള്‍ പരസ്പരം വിളിക്കുന്നു. ഹൗറയിലെ ഗുണ്ടകളോട് കൊണ്ടും കൊടുത്തും വളര്‍ന്ന രാമാനുജ് ഉള്‍പ്പടെയുള്ളവര്‍ പൊട്ടിക്കരയുന്നു. ഒരു അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ബന്ധമായിരുന്നില്ല അദ്ദേഹത്തിന് ഞങ്ങളോട് ഉണ്ടായിരുന്നത്.
ഉള്ളത് പറഞ്ഞാല്‍, ഞാന്‍ കോളേജില്‍ ഉണ്ടായിരുന്ന കാലത്ത് ഷംനാദ് ബഷീര്‍ അവിടെ ഉണ്ടായിരുന്നെങ്കിലും എന്നെ ഒരു ക്ലാസ് പോലും പഠിപ്പിച്ചിട്ടില്ല. മാത്രമല്ല, ക്ളാസ് കട്ട് ചെയ്യാന്‍ തോന്നുന്ന സന്ദര്‍ഭങ്ങളില്‍ അറ്റന്‍ഡന്‍സ് കിട്ടാന്‍ ‘ഷംനാദ് സാര്‍ വിളിക്കുന്നു’ എന്ന വാചകം ഞാന്‍ ഒരുപാട് തവണ ഉപയോഗിച്ചിട്ടും ഉണ്ട്. എങ്കിലും അദ്ദേഹം എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. ഐഡിയയിലും മറ്റും ഒന്നിച്ച് പ്രവര്‍ത്തിച്ച് ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാകുകയും ചെയ്തു.
കോളേജ് കഴിഞ്ഞ് ഞാന്‍ ബോംബെയിലും ഡല്‍ഹിയിലും ജനീവയിലും ജോലി ചെയ്തിരുന്നപ്പോള്‍ അദ്ദേഹം സന്ദര്‍ശിക്കാന്‍ വന്നതും, ഓരോ വലിയ കാല്‍വയ്പ്പിനും മുന്‍പ് ഉപദേശങ്ങള്‍ തന്നതും, ചളി തമാശകള്‍ പരസ്പരം പങ്കുവച്ച് ചിരിച്ചതും ഒക്കെ ഞാന്‍ ഓര്‍ക്കുന്നു. ആരോഗ്യം വളരെ മോശമായിരുന്നെങ്കിലും, എന്റെ കല്യാണത്തിന് അദ്ദേഹം നെടുങ്കണ്ടത്ത് വന്നിരുന്നു.
കല്യാണത്തിന്റെ തലേ രാത്രി ഉറക്കമിളച്ചിരുന്ന് നെടുങ്കണ്ടം മുതല്‍ ജനീവ വരെയുള്ള എന്റെ യാത്രയെക്കുറിച്ചും ഐഡിയയ്ക്ക് ഞാനും രുക്മിണിയും ചെയ്ത സഹായങ്ങളെക്കുറിച്ചുമൊക്കെ ഉറക്കമിളച്ചിരുന്ന്, അല്‍പം അതിശയോക്തിയും അതിലേറെ സ്‌നേഹവും കലര്‍ത്തി, ഒരു ലേഖനം എഴുതിയിരുന്നു. സമയത്തിന് കാര്യങ്ങള്‍ ചെയാത്തതിന് നെടുംകണ്ടത്തെ ഹോട്ടല്‍ സ്റ്റാഫിനെ രുക്മിണി വഴക്ക് പറഞ്ഞപ്പോള്‍, ക്രിസ്മസ് ഒക്കെയല്ലേ അവരും പോയി രണ്ടെണ്ണം അടിക്കട്ടെ എന്ന് പറഞ്ഞ് അവരുടെ രക്ഷയ്ക്ക് വന്നതും അദ്ദേഹമാണ്.
കഴിഞ്ഞ മാസം, ഒരു കേസിലെ ഹിയറിങ് കഴിഞ്ഞ് ഞാന്‍ അദ്ദേഹത്തിന് മെസേജ് അയച്ചു. മറുപടി, ‘so proud of you’. നമ്മള്‍ മലയാളികള്‍ക്ക്, ഒരാളെ പ്രശംസിക്കാന്‍ അധികം വാക്കുകള്‍ ഇല്ല എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ, ആ കുളത്തൂപ്പുഴക്കാരന്‍ ആ കുറവ് ഇംഗ്ലീഷില്‍ പരിഹരിച്ചിരുന്നു. അദ്ദേഹം അവസാനമായി എന്നോട് പറഞ്ഞത് എന്നെക്കുറിച്ച് അഭിമാനമുണ്ട് എന്നാണ് എന്നത് ഞാനെന്നും ഓര്‍ക്കും. അദ്ദേഹം പോയതില്‍പ്പിന്നെ ആ മെസേജ് ഞാന്‍ ഒരു നൂറു തവണ വായിച്ചിട്ടുണ്ട്.