| Sunday, 8th September 2019, 4:11 pm

സ്വതന്ത്ര ഇന്ത്യയുടെ പ്രായത്തേക്കാള്‍ നിയമപ്രാക്ടീസ് അനുഭവമുള്ള ക്രിമിനല്‍ നിയമത്തിലെ അതികായന്‍

ഹരീഷ് വാസുദേവന്‍

സ്വതന്ത്ര ഇന്ത്യയുടെ പ്രായത്തേക്കാള്‍ ഏറെ നിയമപ്രാക്ടീസ് അനുഭവമുള്ള ക്രിമിനല്‍ നിയമത്തിലെ അതികായന്‍ അഡ്വ.രാം ജെത്മലാനി അന്തരിച്ചു.

അവിഭക്ത ഇന്ത്യയില്‍, ഇന്നത്തെ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ 1923 ല്‍ ജനനം. 18 ആം വയസില്‍ നിയമബിരുദം. നിയമം പ്രാക്ടീസ് തുടങ്ങാനുള്ള കുറഞ്ഞ പ്രായം 21 ആയിരിക്കേ അത് കോടതിയില്‍ ചോദ്യം ചെയ്താണ് 18 ആം വയസില്‍ അദ്ദേഹം ഏറ്റവും പ്രായം കുറഞ്ഞ വക്കീലായത്.

ഇന്ത്യ-പാക്കിസ്ഥാന്‍ വിഭജനം വരെ പാക്കിസ്ഥാനില്‍ പ്രാക്ടീസ്. ബഹുഭാര്യത്വം അനുവദനീയം ആകയാല്‍ രണ്ടു വിവാഹം കഴിച്ചു. പിന്നീട് വിഭജന സമയത്ത് ബോംബെയിലേക്ക് കുടിയേറ്റം. വരുമ്പോള്‍ പോക്കറ്റില്‍ ആകെയുണ്ടായിരുന്നത് ഒരു പൈസയുടെ നാണയം. അഭയാര്‍ത്ഥി ക്യാമ്പില്‍ താമസം.

അന്നത്തെ ബോംബേ മുഖ്യമന്ത്രി മൊറാര്‍ജി ദേശായി അഭയാര്‍ഥികളുടെ മൗലികാവകാശങ്ങള്‍ കവരുന്ന ബോംബേ അഭയാര്‍ത്ഥി നിയമം കൊണ്ടുവന്നത് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് രാം ജെത്മലാനി കോടതിയില്‍ പോകുകയും അതില്‍ ജയിക്കുകയും ചെയ്തു.

1959 ല്‍ നാനാവതി കേസില്‍ വൈ.വി ചന്ദ്രചൂഡിനൊപ്പം രാം ജെത്മലാനി വാദിച്ചത് ഇന്ത്യയിലെ അവസാന ജൂറി ട്രയല്‍ കേസാണ്. മനപൂര്‍വ്വവും അല്ലാത്തതുമായ കൊലപാതകങ്ങള്‍ തമ്മിലുള്ള finest distinctions ഉണ്ടാക്കിയ വാദമാണ് അതില്‍ ഇന്ത്യന്‍ നിയമവ്യവസ്ഥയിലേക്ക് സംഭാവന ചെയ്യപ്പെട്ടത് എന്നു ചരിത്രം വിലയിരുത്തി. അതോടെ ജൂറി ട്രയല്‍ സിസ്റ്റം ഇന്ത്യ അവസാനിപ്പിച്ചു.

ഇന്ദിരാഗാന്ധിയെ അതിരൂക്ഷമായി വിമര്‍ശിച്ചതിന്റെ പേരില്‍ കേരളത്തില്‍ നിന്ന് അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറന്റ് കിട്ടി. ബോംബേ ഹൈക്കോടതി അത് സ്റ്റേ ചെയ്തു. പിന്നീട് സുപ്രസിദ്ധമായ എ.ഡി.എം ജബല്‍പൂര്‍ കേസിലെ വിധിന്യായത്തിന്റെ ഭാഗമായി റദ്ദാക്കപ്പെട്ടതില്‍ ഒന്ന് ജെത്മലാനിയുടെ കേസ് കൂടിയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബോംബെയിലെ കള്ളക്കടത്ത്കാരുടെ സ്ഥിരം ഡിഫന്‍സ് വക്കീലായി. അധോലോക നേതാവ് ഹാജി മസ്താന്‍, ഷെയര്‍ മാര്‍ക്കറ്റ് കേസിലെ ഹര്‍ഷദ് മേത്ത, തേല്‍ഗി, ഹവാല കേസില്‍ നരസിംഹ റാവു, അദ്വാനി, ഇന്ദിരാഗാന്ധി-രാജീവ് ഗാന്ധി കൊലപാതക കേസിലെ പ്രതികള്‍, ജസീക്കലാല്‍ മര്‍ഡര്‍ കേസില്‍ പ്രതി മനു ശര്‍മ്മ, എന്നിവര്‍ക്ക് വേണ്ടി ഹാജരായി. പ്രതിക്ക് അനുകൂലമായി അഭിപ്രായം പറയുന്നതിനല്ല, പ്രതിയുടെ വാദങ്ങള്‍ കോടതിയില്‍ പറയുന്ന ജോലിക്കാണ് ക്രിമിനല്‍ അഭിഭാഷകന്‍ പണം വാങ്ങുന്നത് എന്ന നിലപാട് എന്നും അദ്ദേഹം ഉറക്കേ പറഞ്ഞിരുന്നു.

ബോംബെ സര്‍ക്കാര്‍ ലോകോളേജ് മുതല്‍ മിഷിഗണിലെ വെയ്ന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ വരെ നിയമം പഠിപ്പിക്കുന്ന പ്രൊഫസറായി.

സുപ്രീംകോടതിയില്‍ ഏറ്റവും കൂടുതല്‍ ഫീസ് വാങ്ങുന്ന അഭിഭാഷകനായി. ഏറ്റവും പ്രായമുള്ള അസോസിയേഷന്‍ പ്രസിഡന്റായി. നിയമ അധ്യാപനത്തില്‍ സ്തുത്യര്‍ഹ സേവനം. പറയാനുള്ളത് ആരുടെ മുഖത്ത് നോക്കിയും വിളിച്ചു പറയാനുള്ള ധൈര്യം കാണിച്ചു. ജുഡീഷ്യല്‍ നിയമനങ്ങളില്‍ സുതാര്യത ആവശ്യപ്പെട്ടുകൊണ്ട് ശാന്തി ഭൂഷണു ഒപ്പം ക്യാംപെയ്ന്‍ തുടങ്ങിയത് ശ്രദ്ധേയമായി. രാജ്യസഭാ അംഗമായി. 2017 ല്‍ ആക്റ്റീവ് പ്രാക്ടീസില്‍ നിന്ന് വിരമിച്ചു. ജയലളിതയുടെ അഴിമതിക്കേസില്‍ പിന്നെയും ഹാജരായി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലോ കോളേജില്‍ ചേരുന്നതിന് മുന്‍പുള്ള എന്റെ ധാരണ ക്രിമിനല്‍ അഭിഭാഷകര്‍ സാമൂഹിക വിരുദ്ധരാണ് എന്നായിരുന്നു. അഡ്വ.രാംജെത്മലാനിയെ വായിച്ചതാണ് അതിനൊരു മാറ്റം ഉണ്ടാക്കിയത്. പ്രോസിക്യൂഷന്‍ ശക്തിപ്പെടുത്തുകയാണ് ഒരോ ക്രിമിനല്‍ അഭിഭാഷകനും തന്റെ തൊഴില്‍ വഴി ചെയ്യുന്നത്. നീതി നിര്‍വ്വഹണ സംവിധാനത്തില്‍ പ്രോസിക്യൂഷനൊപ്പം തുല്യ പങ്കാളിത്തം.

അദ്ദേഹത്തിനെ തേടി വരുന്ന 90% പൊതുതാല്പര്യ കേസുകളും സൗജന്യമായി ആണ് വാദിച്ചിരുന്നത് എന്നു കേട്ടിട്ടുണ്ട്.

ഇന്ത്യന്‍ ക്രിമിനല്‍ നിയമത്തിന്റെ ചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനമുള്ള നിയമപണ്ഡിതനാണ് തന്റെ 77 വര്‍ഷത്തെ സുദീര്‍ഘമായ നിയമ പ്രാക്ടീസിന് ശേഷം 96 ആം പിറന്നാളിന് ദിവസങ്ങള്‍ക്ക് മുന്‍പ് അരങ്ങൊഴിഞ്ഞത്. ആദരാഞ്ജലികള്‍

ഹരീഷ് വാസുദേവന്‍

We use cookies to give you the best possible experience. Learn more