കോഴിക്കോട്: നാടക വേദിയെ സമര പ്രഖ്യാപനത്തിനുള്ള വേദിയാക്കിയ കലാകാരനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത നാടകകൃത്തും ഡോക്യുമെന്ററി സംവിധായകനുമായ സി.കെ ജയചന്ദ്രന്‍. നാടക പ്രവര്‍ത്തനത്തെ ധന സമ്പാദനത്തിനുള്ള മാര്‍ഗം എന്നതിലുപരിയായി രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള മാധ്യമമായി കണ്ടു എന്നതാണ് ജയചന്ദ്രന്‍ എന്ന കലാകാരനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കിയത്.
ഇതിനുള്ള ഉദാഹരണങ്ങളായിരുന്നു അദ്ദേഹത്തിന്റെ “പെന്‍ഡുലം”, “ഉണ്‍”, തുടങ്ങിയ നാടകങ്ങള്‍. കോഴിക്കോട് സോമയാഗം നടന്നപ്പോള്‍ ഇതിനെതിരെ പ്രതിഷേധിച്ച് കൊണ്ട് ജയചന്ദ്രന്‍ അവതരിപ്പിച്ച “സോമപാനം” എന്ന ആക്ഷേപഹാസ്യ നാടകം മേല്‍ പറഞ്ഞത് പോലെ അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതായിരുന്നു.
കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്നും ബിരുദം കഴിഞ്ഞിറങ്ങിയ ജയചന്ദ്രന്‍ നേരെ നടന്നു കയറിയത് നാടക വേദികളിലേക്കായിരുന്നു. നാടകത്തെ കുറിച്ചുള്ള സാങ്കേതിക പരിജ്ഞാനം നേടിയായിരുന്നില്ല അദ്ദേഹം ജനങ്ങളുടെ ഹൃദയം കവര്‍ന്നെടുത്തത് മറിച്ച് അടിച്ചമര്‍ത്തപ്പെട്ടവരുടെ ഭാഗമായപ്പോഴാണ് അദ്ദേഹത്തില്‍ നിന്നും സമര നാടകങ്ങള്‍ ഉടലെടുത്തത്.
സെന്റര്‍ ഫോര്‍ കള്‍ചറല്‍ ആന്‍ഡ് ആര്‍ട്ടിസ്റ്റിക് എക്‌സ്പ്രഷന്‍ “കാര്‍ട്ട്” എന്ന സാംസ്‌കാരിക സംഘടനയുടെ മുഖപത്രമായ ഡയലോഗിന്റെ എഡിറ്ററായി പ്രവര്‍ത്തിച്ച ജയചന്ദ്രന്‍ കേരളത്തിലെ ലൈംഗിക തൊഴിലാളികളെ കുറിച്ച് നിര്‍മിച്ച ഡോക്യുമെന്ററി ശ്രദ്ധിക്കപ്പെട്ടിരുന്നു. നാടക-സിനിമ-മാധ്യമ മേഖലകളിലെ അപൂര്‍വ ഗ്രന്ഥ ശേഖരത്തിന്റെ ഉടമ കൂടെയായിരുന്ന ജയചന്ദ്രന്‍.