അയാള്‍ പൂവിലൂടെ തിരിച്ചുപോയി...
Daily News
അയാള്‍ പൂവിലൂടെ തിരിച്ചുപോയി...
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st October 2014, 1:17 pm

കവികളില്‍ കാല്‍നടക്കാരനായിരുന്നു അയ്യപ്പന്‍. ജീവിച്ച കാലമത്രയും ഒറ്റക്ക് നടന്നു തീര്‍ത്ത ഈ മനുഷ്യന്‍ വ്യവസ്ഥാപിത കെട്ടുപാടുകളോട് നിരന്തരം കലഹിച്ചു. തെരുവില്‍ നടന്നു തെരുവില്‍ കിടന്നു തെരുവില്‍ അന്നം പങ്കിട്ടവനു മാത്രം വെളിപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ആയിരുന്നു അയ്യപ്പന്റെ കവിതകള്‍.സ്വന്തമായി മുറിയില്ലാത്ത അക്ഷരങ്ങളിലെ അഭയാര്‍ത്ഥി.


എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്

ഒസ്യത്തിലില്ലാത്ത ഒരു രഹസ്യം പറയാന്‍ ഉണ്ട്

എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത്

ഒരു പൂവുണ്ടായിരിക്കും

ജിജ്ഞാസയുടെ ദിവസങ്ങളില്‍

പ്രേമത്തിന്റെ ആത്മതത്വം പറഞ്ഞു തന്നവളുടെ

ഉപഹാരം

മണ്ണ് മൂടുന്നതിനു മുമ്പ് ഹൃദയത്തില്‍ നിന്ന്

ആ പൂവ് പറിക്കണം

ദളങ്ങള്‍കൊണ്ട് മുഖം മൂടണം

രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദളം

പൂവിലൂടെ എനിക്ക് തിരിച്ചു പോകണം

അല്ലെങ്കില്‍ ആ ശവപ്പെട്ടി മൂടാതെ പോകുക

അല്ലെങ്കില്‍ ആ ശവപ്പെട്ടി മൂടാതെ പോകുക

ഇനി എന്റെ ചങ്ങാതികള്‍ മരിച്ചവരാണ്

ഇനി എന്റെ ചങ്ങാതികള്‍ മരിച്ചവരാണ് ”

കവികളില്‍ കാല്‍നടക്കാരനായിരുന്നു അയ്യപ്പന്‍. ജീവിച്ച കാലമത്രയും ഒറ്റക്ക് നടന്നു തീര്‍ത്ത ഈ മനുഷ്യന്‍ വ്യവസ്ഥാപിത കെട്ടുപാടുകളോട് നിരന്തരം കലഹിച്ചു. തെരുവില്‍ നടന്നു തെരുവില്‍ കിടന്നു തെരുവില്‍ അന്നം പങ്കിട്ടവനു മാത്രം വെളിപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ആയിരുന്നു അയ്യപ്പന്റെ കവിതകള്‍.സ്വന്തമായി മുറിയില്ലാത്ത അക്ഷരങ്ങളിലെ അഭയാര്‍ത്ഥി.

[] തെരുവിലെ ആള്‍ക്കൂട്ടത്തില്‍ നിന്ന് മാറി സ്വന്തമായി ഒരു തെരുവ് സൃഷ്ടിച്ച് അയ്യപ്പന്‍ ആ തെരുവിന്റെ അധിപനായി.  ഈ അരാജക ജീവിതം തെരുവില്‍ അജ്ഞാത വൃദ്ധന്റെ മരണത്തില്‍ നങ്കൂരമിട്ടു, പിന്നീട് ആശുപത്രിയില്‍ മരിച്ചു മരവിച്ചു കിടക്കുമ്പോള്‍ തിരിച്ചറിയപ്പെട്ട മഹത്വം. ജീവിതം തന്നെ അയ്യപ്പന്‍ കവിതകള്‍ ആയിരുന്നു, അതുപോലെ തന്നെ മരണവും.

നീറുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ അയ്യപ്പനെ അതിനുമുകളിലേക്ക് ലഹരിയുടെ ചഷകം മറിച്ചിടാന്‍ പ്രേരിപ്പിച്ചു. അങ്ങനെ കരളിന്റെ പാതിയും ലഹരിയുടെ പക്ഷികള്‍ കൊത്തികൊണ്ടുപോയി. വിലാസമില്ലാത്തവന്റെ അരാജക ജീവിതം തെരുവില്‍ നങ്കൂരമിട്ടു.

അനാഥവും അരക്ഷിതവുമായ ബാല്യത്തില്‍ നിന്നാണ് അയ്യപ്പന്‍ എന്ന കവി ഉരുത്തിരിയുന്നത്. പൊതു ധാരയോട് സമവായത്തില്‍ എത്താത്ത കവി. അങ്ങനെ അയ്യപ്പന്‍ ഒരു കാലഘട്ടത്തിന്റെ അടയാളമായി മാറി .

മലയാള കവിതയിലെ അര നൂറ്റാണ്ടിലെ നിറ സാനിധ്യമായിരുന്നു എ.അയ്യപ്പന്‍. 1947 ഒക്ടോബര്‍ 27 നു ബലരാമപുരത്ത് ജനനം. അച്ഛനമ്മമാരായ അറുമുഖവും മുത്തമ്മാളും ചെറുപ്പത്തിലെ മരിച്ചു. സഹോദരി സുബ്ബലക്ഷ്മിയുടെ സംരക്ഷണയിലാണ് വളര്‍ന്നത്. കുട്ടിക്കാലത്തെ കവിതകളില്‍ അലച്ചിലോ അരാജകത്വമോ ഉണ്ടായിരുന്നില്ല. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എസ്.എഫ്.ഐ സെക്രട്ടറി ആയിരുന്നു. ആര്‍.സുഗതനും സി അച്യുതമേനോനും അയ്യപ്പനെ കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനാക്കി.

പഠനകാലത്ത് തന്നെ ജയില്‍ വാസമനുഷ്ടിച്ച അയ്യപ്പന്‍ ഇരുപത്തിയൊന്നാം വയസ്സില്‍ അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരുമായി മാറി. ഇടക്കാലത്ത് ബോംബെ വേദി പത്രത്തിന്റെ കറെസ്‌പോണ്ടെന്റായി പ്രവര്‍ത്തിച്ച അദ്ദേഹം ഈ കാലത്ത് കടല്‍തീരത്തും കാട്ടിലും മലയിലും ഇരുന്ന് കവിതകള്‍ എഴുതി.

ചിറകുകള്‍ കൊണ്ടൊരു കൂട്, ബലിക്കുറിപ്പുകള്‍, മാളമില്ലാത്ത പാമ്പ,് ചിത്തരോഗആശുപത്രിയിലെ ദിനങ്ങള്‍, ബുദ്ധനും ആട്ടിന്‍കുട്ടിയും, കറുപ്പ്, വെയില്‍ തിന്നുന്ന പക്ഷി, ഗ്രീഷ്മവും കണ്ണീരും, കല്‍ക്കരിയുടെ നിറമുള്ളവള്‍ എന്നിവയാണ് പ്രധാന കൃതികള്‍. വെയില്‍ തിന്നുന്ന പക്ഷിക്ക് കേരള സംസ്ഥാന സാഹിത്യ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

ഉന്മാദത്തിന്റെ തടവറയില്‍ നിന്ന് രക്ഷ നേടാന്‍ ആവാതെ വിഷാദത്തിലേക്കും പിന്നീട് അത്മാഹൂതിയിലേക്കും നയിച്ച ചിത്രകാരന്‍ വാന്‍ഗോഗിനെ പറ്റി അയ്യപ്പന്‍ തീക്ഷ്ണമായ ഭാഷയില്‍ പാടി.

അടുത്ത പേജില്‍ തുടരുന്നു

ayyapan.a“കാതു മുറിച്ചു പ്രേമ ഭാജനത്തിനു കൊടുത്തിട്ട്

കോമാളിയെ പോലെ നിന്ന വാന്‍ഗോഗ്

എന്റെ ലില്ലി ചെടിയില്‍ പൂത്ത പൂവ്

നിന്റെ ഓര്‍മക്ക്  ഞാന്‍

വില്‍ക്കുന്നില്ല

നീ സ്‌നേഹിച്ച ചായം നിനക്ക് ദുസ്വപ്നം ആയിരുന്നു

പ്രേമത്തിന് അര്‍പ്പിച്ച ബലി

നിന്റെ കേള്‍വിയായിരുന്നു

നിന്റെ ചോര തെറിച്ച കാന്‍വാസ്

നിന്റെ ചോര തെറിച്ച കാന്‍വാസ്

നിന്നെകുറിച്ചുള്ള സ്വപ്നത്തില്‍

ഞാന്‍ അത് കാണുന്നു

നിന്നെ സ്പര്‍ശിക്കും

നിന്റെ രക്തത്തിന്റെ വിളി കേള്‍ക്കും

ദൃശ്യവും ശബ്ദവും ചിലപ്പോള്‍ വേദന തന്നെയാണ്

കുരുത്തം കെട്ട പെണ്ണ്!

നിന്റെ കൈവിരലുകള്‍ ചോദിച്ചില്ലല്ലോ”

നമുക്ക് തൊടാനും ആവിഷ്‌കരിക്കാനും ധൈര്യമില്ലാത്ത ജീവിതങ്ങള്‍ ചിലരെങ്കിലും പ്രകടിപ്പിക്കാന്‍ തുനിഞ്ഞാല്‍ അത് ഒരുവിധം ആളുകള്‍ക്ക് ആഘോഷമാണ്. അലഞ്ഞു ജീവിക്കുന്നവന്റെ തീവ്രാനുഭവം ഉള്ള ഈ കവി ഒരര്‍ത്ഥത്തില്‍ ഒരു ഇരയായിരുന്നു . മഴയെയും വെയിലിനെയും പോലെ ഒരാള്‍.

ചുറ്റുപാടിനെ കുറിച്ച് തീക്ഷണമായി പാടിയ സ്വതന്ത്രനായ ഈ പച്ച മനുഷ്യനെ എപ്പോഴും കുടിപ്പിച്ച് നിര്‍ത്തണം എന്നാഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകള്‍ എപ്പോഴും അയ്യപ്പന്റെ കൂടെ ഉണ്ടായിരുന്നു. കുടിക്കാത്ത അയ്യപ്പന്‍ മൗനിയും അന്തര്‍മുഖനും ആണ്. കുടിക്കുമ്പോള്‍ അയ്യപ്പന്‍ കവിത ചൊല്ലും കെ.എസ് ജോര്‍ജിന്റെ നാടക ഗാനങ്ങള്‍ പാടും. ഈ ഒരു അവസ്ഥയിലേക്ക് അയ്യപ്പനെ എത്തിച്ചത് കുടിക്കണം എന്ന് ആഗ്രഹമുള്ള അയ്യപ്പനും, അദ്ദേഹത്തെ അധികം കുടിപ്പിച്ചു നിര്‍ത്തണമെന്നും അതിലൂടെ തങ്ങളുടെ സായാഹ്നങ്ങള്‍ മധുരമാകാനും ആഗ്രഹമുള്ള ഒരു കൂട്ടമാണ്.

അയ്യപ്പന്‍ എന്ന കവിക്ക് അയാളുടെ ഭാവനാ ലോകത്തിനു ഇന്ധനമായി തീര്‍ന്ന മദ്യപാനം പക്ഷെ മറ്റൊരു കോണിലൂടെ നോക്കുമ്പോള്‍ അയ്യപ്പന്‍ ആരുടെയൊക്കെയോ ഇരയായിരുന്നു ??

ഇരയാണെന്ന് അറിഞ്ഞിട്ടും രക്ഷപെടാന്‍ ശ്രമിക്കാതിരുന്ന   ഒരു ഇര??

ഇര എന്ന പദവി ഇരന്നു വാങ്ങിയ ഇര ???

ഒരു പക്ഷെ കേരളത്തിലെ ഏറ്റവും സ്വതന്ത്രനായ ഇര ??

അയ്യപ്പന്‍ മരിക്കുമ്പോള്‍ അയ്യപ്പന്റെ കീശയില്‍ അവസാന കവിത ഉണ്ടായിരുന്നു.

“അമ്പ് ഏതു നിമിഷത്തിലും മുതുകില്‍ തറക്കാം

പ്രാണനും കൊണ്ട് ഓടുകയാണ്

വേടന്റെ ക്രൂരത കഴിഞ്ഞു

റാന്തല്‍ വിളക്കിനു ചുറ്റും എന്റെ രുചിയോര്‍ത്ത് അഞ്ചെട്ടുപേര്‍ കൊതിയോടെ

ഒരു മരവും മറ തന്നില്ല

ഒരു പാറയുടെ വാ തുറന്ന് ഈ ഗര്‍ജനം സ്വീകരിക്കൂ.”

ഈ കവിതയുടെ അവസാനവരി വ്യക്തമല്ല പക്ഷെ ഒടുവില്‍ എഴുതിയിരിക്കുന്നത്

” ഞാന്‍ ഇരയായി എന്നാണ് “.

ആ അരാജക ജീവിതം നങ്കൂരമിടുന്നതുവരെ അയ്യപ്പന് ജീവിതം വലിയൊരു നടന്നുതീര്‍ക്കലായിരുന്നു

ഞാന്‍ കൃത്യമല്ലാത്ത ജീവിതം നയിക്കുന്നു എന്ന് പറയാന്‍ നിങ്ങളാരാണ്?.

” ഞാനൊരു കമ്മ്യൂണിസ്റ്റ്കാരനാണ്. ബൂര്‍ഷ്വയായി ജീവിക്കേണ്ട ഒരാളായിരുന്നു ഞാന്‍. എനിക്ക് വേണമെങ്കില്‍ ഒരു സ്വര്‍ണക്കട നടത്തേണ്ട ആസ്തിയുണ്ടായിരുന്നു പണ്ട് . നിങ്ങള്‍ എന്ത് കൊണ്ട് ഇങ്ങനെ കവിത എഴുതി എന്ന് ചോദിച്ചാല്‍ എന്റെ ഇഷ്ടം പോലെ ഞാന്‍ എഴുതുന്നു. ഇത്രയും ബിംബങ്ങള്‍ സൃഷ്ടിക്കുന്ന ഒരാളെ ഞാന്‍ കണ്ടിട്ടില്ല. കുഞ്ഞിരാമന്‍ നായര്‍ക്കും കഴിഞ്ഞിട്ടില്ല എന്നാണ് തോന്നുന്നത്. സാധാരണക്കാര്‍ക്കിടയില്‍ ഈ വേഷം കെട്ടുന്നത് പോലും ഞാന്‍ കവിയായത് കൊണ്ടാണ് . മറ്റു സാഹിത്യകാരന്മാര്‍ എന്നെ കട്ടിട്ടെയുള്ളൂ. ഞാന്‍ ആരെയും കട്ടിട്ടില്ല.

ഞാന്‍ ദിക്കുകള്‍ തെറ്റി നടന്നവന്‍, കവിതയിലേക്ക് എപ്പോഴും തിരിച്ചു വരുന്നവന്‍. സ്വന്തം അച്ചുതണ്ടില്‍ തിരിയുന്ന ഒരു കവി, മനുഷ്യന്‍, കാമുകന്‍. അസ്തമയങ്ങളില്‍ ഞാന്‍ എന്റെ കൂട്ടുകാരോടൊത്ത് ഉണ്ടാകാന്‍ എപ്പോഴും ആഗ്രഹിക്കുന്നു. ഏതു ലോകത്തുനിന്നും ഒരു കാല്‍്‌നടക്കാരനായി അവരിലേക്ക് തിരിച്ചുവരാനും.” -അയ്യപ്പന്‍

അവലംബം: കണ്ണീരിന്റെ കണക്കു പുസ്തകം
അയ്യപ്പന്റെ കവിതകള്‍