ഗിരീഷ് കര്‍ണാടിന്റെ മരണത്തോടെ നഷ്ടമായത് ബഹുമുഖപ്രതിഭയായ വലിയൊരു കലാകാരനെ മാത്രമല്ല; നിര്‍ഭയനായ ഒരു പൊതുബുദ്ധിജീവിയെയുമാണ്. ഇന്ത്യന്‍ നാടകവേദിയിലെ ഒരതികായനെന്ന നിലയിലാണ് കര്‍ണാടിന്റെ രാജ്യാന്തരപ്രശസ്തിയെങ്കിലും, കന്നട സിനിമയിലെ നവധാരയുടെ മുഖ്യപ്രയോക്താക്കളില്‍ പ്രമുഖനായ തിരക്കഥാകൃത്തും സംവിധായകനും വിവിധ ഭാഷാസിനിമകളിലെ മികച്ച അഭിനേതാവും അക്കാദമിക് പണ്ഡിതനും പൊതുബുദ്ധിജീവിയുമെല്ലാമായാണ് ഇന്ത്യക്കാര്‍ അദ്ദേഹത്തെ ആദരിക്കുന്നത്.
ഇന്ത്യയില്‍ ഒരു കലാകാരന് ലഭിക്കാവുന്ന എല്ലാ വലിയ ഔദ്യോഗികബഹുമതികളും കര്‍ണാടിനെ തേടിയെത്തിയിരുന്നുവെങ്കിലും, ഭരണകൂടവിധേയത്വമല്ല, ഭരണകൂട വിമര്‍ശനമാണ് തന്റെ ദൗത്യമെന്നാണ് അദ്ദേഹം ജീവിതാന്ത്യംവരെയും വിശ്വസിച്ചിരുന്നത്.
തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറുന്ന ഭരണകൂടങ്ങള്‍തന്നെ ജനാധിപത്യധ്വംസനങ്ങളിലൂടെ ഫാസിസത്തിലേക്ക് നീങ്ങുമ്പോള്‍ കലയുടെ ദന്തഗോപുരത്തില്‍ സുരക്ഷിതരായിരിക്കുന്ന കലാകാരന്മാര്‍ അധികാരരാഷ്ട്രീയത്തിന്റെ വെറും നോക്കുകുത്തികളാണെന്ന്് വിശ്വസിച്ചിരുന്ന ഉന്നതശീര്‍ഷനായ കലാകാരനായിരുന്നു ഗിരീഷ് കര്‍ണാട്. സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന യു. ആര്‍. അനന്തമൂര്‍ത്തിയെപ്പോലെ സര്‍ഗ്ഗാത്മകരചനകളിലൂടെയും സാമൂഹികസമസ്യകളോടുള്ള ബൗദ്ധികപ്രതികരണങ്ങളിലൂടെയും പഴയതും പുതിയതുമായ എല്ലാ യാഥാസ്ഥിതികതകളോടും ജനാധിപത്യധ്വംസനങ്ങളോടും നിരന്തരം കലഹിച്ച ഗിരീഷ് കര്‍ണാടിന്റെ ഏറ്റവും വലിയ ശത്രു സംഘപരിവാരമായിരുന്നുവെന്നതും സ്വാഭാവികം.
2014-ല്‍ ആദ്യത്തെ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മുതല്‍ ബി.ജെ.പി ഭരണകൂടവും സംഘപരിവാരസംഘടനകളും കാവിവല്‍ക്കരണത്തിന്റെ ഭാഗമായി തുടങ്ങിയ അസഹിഷ്ണുതാപ്രകടനങ്ങളോടും അതിക്രമങ്ങളോടും രൂക്ഷമായി പ്രതികരിച്ച കര്‍ണാട് തെരുവില്‍ നടന്ന പ്രതിരോധപ്രക്ഷോഭങ്ങളില്‍ നേരിട്ടു പങ്കെടുക്കുവാനും സന്നദ്ധനായിരുന്നു. ഗൗരീ ലങ്കേഷിന്റെ വധത്തിനെതിരെയും, വിയോജിപ്പിന്റെ സ്വരമുയര്‍ത്തുന്ന അക്കാദമിക്കുകളെ അര്‍ബന്‍ നക്‌സലുകളായി മുദ്രകുത്തുന്നതിനെതിരെയുമെല്ലാം തെരുവിലിറങ്ങി പ്രതിഷേധിച്ച കര്‍ണാടിന്റെ ഉന്നതമായ നീതിബോധം ഒരുപക്ഷെ, സമകാലിക ഇന്ത്യയിലെ പൊതുമണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുന്ന സെലിബ്രിറ്റികള്‍ക്കിടയില്‍ അപൂര്‍വ്വവുമാണ്.
രാജ്യത്ത് കാന്‍സര്‍പോലെ പടരുന്ന ഹിന്ദുത്വ പ്രത്യശാസ്ത്രത്തിനെതിരെ തുടക്കംമുതലേ പ്രതിരോധമുയര്‍ത്തിയ അനന്തമൂര്‍ത്തിയും കര്‍ണാടും മരണംവരെയും അതിനോട് സമരംചെയ്യുകയായിരുന്നു. ഗൗരീ ലങ്കേഷിന്റെ ദുര്‍വ്വിധിയില്‍നിന്ന് അവര്‍ രക്ഷപ്പെട്ടുവെന്നതുമാത്രമാണ് ആശ്വാസം.
കന്നടഭാഷയുടെ പരിമിതവൃത്തത്തിലൊതുങ്ങുന്നതല്ല കര്‍ണാടിന്റെ സംഭാവനകളെങ്കിലും, എഴുപതുകളില്‍ കര്‍ണ്ണാടകത്തിലെ കലാ-സാംസ്‌കാരിക മണ്ഡലങ്ങളില്‍ പ്രത്യക്ഷപ്പെട്ട നവധാരയുടെ പ്രോദ്ഘാടകരിലൊരാളായിരുന്നു ഈ കലാകരന്‍. സോഷ്യലിസ്റ്റുകളായിരുന്ന പ്രശസ്ത സംവിധായകന്‍ പട്ടാഭിരാമ റെഡ്ഡിയുടെയും, അഭിനേത്രിയും ആക്ടിവിസ്റ്റുമായിരുന്ന പത്‌നി സ്‌നേഹലതാ റെഡ്ഡിയുടെയും നേതൃത്വത്തിലാണ് എഴുപതുകളില്‍ കലാപ്രവര്‍ത്തകരുടെയും ബുദ്ധിജീവികളുടെയും ഒരു പുതിയ കൂട്ടായ്മ കര്‍ണ്ണാടകത്തില്‍ രൂപപ്പെടുന്നത്.
ആ പ്രസ്ഥാനത്തിന് തുടക്കംകുറിച്ച ‘സംസ്‌കാര’യിലൂടെയാണ്, പിന്നീട് ഇന്ത്യന്‍ സിനിമയിലെയും നാടകവേദിയിലെയും അതികായന്മാരായിത്തീര്‍ന്ന കര്‍ണാടിന്റെയും ബി.വി. കാരന്തിന്റെയും രംഗപ്രവേശം. കന്നട സിനിമയില്‍ ആധുനികതയ്ക്ക് തുടക്കമിട്ട പട്ടാഭിരാമ റെഡ്ഡിയുടെ സംസ്‌കാര എന്ന ചിത്രത്തിന്റെ തിരക്കഥാ രചയിതാവും നായകനടനുമെന്ന നിലയിലാണ് കര്‍ണാട് സിനിമയില്‍ ചുവടുറപ്പിക്കുന്നത്. ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുന്ന ബ്രാഹ്മണ്യത്തിന്റെ സ്ത്രീവിരുദ്ധതയെയും മനുഷ്യവിരുദ്ധതയെയും പ്രമേയമാക്കുന്ന യു.ആര്‍. അനന്തമൂര്‍ത്തിയുടെ നോവലിനെ ഉപജീവിക്കുന്ന സംസ്‌കാരയുടെ തിരക്കഥയിലൂടെ കന്നട സിനിമയെ ആദ്യമായി ചലച്ചിത്രഭാഷയിലേക്ക് വീണ്ടെടുത്ത കര്‍ണാടിന്റെ മികച്ച രചനകളിലൊന്നാണ് ശ്രീകൃഷ്ണ ആലനഹള്ളിയുടെ കാട് എന്ന പ്രശസ്ത നോവലിന് തിരക്കഥയെഴുതി അദ്ദേഹം രചിച്ച ചലച്ചിത്രഭാഷ്യം.
സാഹിത്യത്തിന്റെയോ നാടകത്തിന്റെയോ വെറും പരാവര്‍ത്തനമല്ല സിനിമയെന്ന് കന്നട പ്രേക്ഷകരെ ആദ്യമായി ബോദ്ധ്യപ്പെടുത്തിയ ഈ രണ്ട് സിനിമകളുടെയും തിരക്കഥാകൃത്ത് നാടകരചയിതാവായ കര്‍ണാടാണെന്നതാണ് ശ്രദ്ധേയം. വംശവൃക്ഷ, ഒന്തനൊന്തു കാലദല്ലി, ഉത്സവ് തുടങ്ങിയ സിനിമകളിലൂടെ തന്റെതന്നെ ചലച്ചിത്രഭാഷയെ നവീരിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു.
എഴുപതുകളില്‍ സാഹിത്യത്തിലും സിനിമയിലും നാടകവേദിയിലുമുണ്ടായ ആധുനികപ്രവണതകളുമായി താദാത്മ്യംപ്രാപിക്കുവാനിടയായ ആസ്വാദകരുടെ ഭാവുകത്വത്തെ നിര്‍ണ്ണയിച്ചവരിലൊരാളായിരുന്നു ഗിരീഷ് കര്‍ണാട്. ഒരുപക്ഷെ, എഴുപതുകളില്‍ മലയാള സിനിയില്‍ ആവിര്‍ഭവിച്ച സമാന്തര സിനിമയേക്കാള്‍ യാഥാര്‍ത്ഥ്യത്തോട് കൂറ് പുലര്‍ത്തുന്ന സിനിമകളായിരുന്നു അതേ കാലത്ത് പട്ടാഭിരാമ റെഡ്ഡിയും ഗിരീഷ് കര്‍ണാടും ബി.വി.കാരന്തും പി.ലങ്കേഷും ഗിരീഷ് കാസരവള്ളിയും ടി.എസ്. നാഗാഭരണയും മറ്റും സൃഷ്ടിച്ച ഒന്നിനൊന്നു വ്യത്യസ്തമായ കന്നടച്ചിത്രങ്ങള്‍.
ഭൂമിശാസ്ത്രപരമായ സാമീപ്യത്താല്‍ എന്നെപ്പോലുള്ളവര്‍ക്ക് ആ കന്നടഭാഷാ സിനിമകളോട് മലയാളത്തിലെ സമാന്തര സിനിമയോളം തന്നെ വൈകാരികാഭിമുഖ്യവുമുണ്ടായിരുന്നു. അവരിലൊരാളായ ഗിരീഷ് കാസരവള്ളിയാണ്, എക്കാലത്തെയും മഹാചലച്ചിത്രകാരന്മാരായ സത്യജിത് റായിക്കും ഋത്വിക് ഘട്ടക്കിനും മൃണാള്‍ സെന്നിനും ശേഷം ഇന്ത്യന്‍ സിനിമയിലെ സമാന്തരധാരയെ അര്‍ത്ഥവത്തായ രചനകളിലൂടെ മുന്നോട്ടുനയിക്കുന്നതെന്നും സാന്ദര്‍ഭികമായിപ്പറയട്ടെ.
നാടകവേദിയുടെ ഭാരതീയവത്കരണം എന്ന സങ്കല്‍പ്പത്തിന്റെ ഭാഗമായി പ്രാദേശികഭാഷകളില്‍ ഉയര്‍ന്നുവന്ന തനതുനാടകവേദി ഫലത്തില്‍ റിവൈവലിസമായി സങ്കോചിച്ചുകൊണ്ടിരുന്നപ്പോള്‍ ആ പ്രതിലോമ പ്രവണതയെ പ്രതിരോധിച്ച നാടകപ്രയോക്താക്കളിലൊരാളെന്ന നിലയിലാണ് കര്‍ണാടിന്റെ നാടകരംഗത്തെ പ്രസക്തിയെന്നാണ് ഞാന്‍ കരുതുന്നത്. ഹയവദന മുതല്‍ ബലിയും ടിപ്പു സുല്‍ത്താന്റെ സ്വപ്‌നങ്ങളും വരെയുള്ള നാടകങ്ങള്‍ അതിന്റെ സാക്ഷ്യങ്ങളാണ്.
യക്ഷഗാനം പോലുള്ള ഫോക് പ്രകടനകലകളെ സ്വാംശീകരിച്ചുകൊണ്ടുതന്നെ സമകാലിക നാടകവേദിയെ ആധുനികവത്കരിക്കാനാവുമെന്ന് വിശ്വസിച്ച കര്‍ണാട് എക്കാലത്തും ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങാത്ത ഒരാധുനികനായിരുന്നു. യാഥാസ്ഥിതികതകള്‍ക്കെതിരെയുള്ള കലാപമായിരുന്നു കര്‍ണാടിന്റെ കലാപ്രവര്‍ത്തനം. അക്രമാസക്തമായ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒരു പരീക്ഷണവേദിയായി മാറിയ കര്‍ണാടകത്തില്‍ ടിപ്പു സുല്‍ത്താനെക്കുറിച്ചുള്ള ചരിത്ര പരാമര്‍ശംപോലും പ്രതിഷേധത്തിന് കാരണമാവുന്ന സന്ദര്‍ഭത്തിലാണ് ഗിരീഷ് കര്‍ണാട് ടിപ്പു സുല്‍ത്താന്റെ സ്വപ്‌നങ്ങള്‍ എന്ന നാടകമെഴുതുന്നത്.
ടിപ്പു വധിക്കപ്പെട്ടതിനുശേഷം ബ്രിട്ടീഷുകാര്‍ കണ്ടെടുത്ത സുല്‍ത്താന്റെ സ്വകാര്യ ഡയറിയില്‍ രേഖപ്പെടുത്തിയിരുന്ന നിശാസ്വപ്‌നങ്ങളിലൊന്നിനെ സ്വന്തം നിലയ്ക്ക് വ്യാഖ്യാനിക്കുവാനാണ് ബി.ബി.സി റേഡിയോക്കുവേണ്ടി എഴുതിയ ഈ നാടകത്തില്‍ ഗിരീഷ് കര്‍ണാട് ഉദ്യമിക്കുന്നത്. ആ നാടകത്തിന്റെ മലയാള പരിഭാഷ മാതൃഭൂമിയിലൂടെ പ്രസിദ്ധീകരിക്കുവാനുള്ള അനുവാദത്തിനായി വിളിച്ചപ്പോള്‍ അദ്ദേഹം പാതി കളിയായി പറഞ്ഞു:
‘കേരളത്തിലായതിനാല്‍ പേടിക്കാനില്ലെന്നു തോന്നുന്നു. അതോ, അതൊരു തോന്നല്‍ മാത്രമാണോ!’
പിന്നീട് ടിപ്പു ജയന്തിയാഘോഷത്തിനെതിരെ സംഘപരിവാരത്തിന്റെ പ്രതിഷേധങ്ങളെ വിമര്‍ശിക്കുകകൂടി ചെയ്തതോടെ കര്‍ണാടിനെ രാജ്യദ്രോഹിയായി മുദ്രകുത്തുകയായിരുന്നു അവര്‍. ഏറ്റവുമൊടുവില്‍, ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ അര്‍ബന്‍ നക്‌സലൈറ്റുകളെന്ന് ആക്ഷേപിക്കാന്‍ ശ്രമമുണ്ടായപ്പോള്‍ ‘ ഞാനും ഒരു അര്‍ബന്‍ നക്‌സലൈറ്റാണ്’ എന്ന ബാനറുമായി തെരുവിലിറങ്ങിയ ക്ഷുഭിതനായ ഗിരീഷ് കര്‍ണാടിനെയും നമ്മള്‍ കണ്ടു.
അനീതിക്കും അസഹിഷ്ണുതക്കുമെതിരെ ശബ്ദിച്ചിരുന്ന കലാകാരന്മാരായ ആ രണ്ട് വലിയ പൊതുജീവികളുടെ – അനന്തമൂര്‍ത്തിയുടെയും ഗിരീഷ് കര്‍ണാടിന്റെയും- തിരോധാനം കര്‍ണാടകത്തിന്റെ മാത്രം നഷ്ടമല്ല. ഇന്ത്യന്‍ പൊതുസമൂഹത്തിന്റെ നഷ്ടമാണത്. വിദ്യാര്‍ത്ഥിയായിരിക്കെ ‘സംസ്‌കാര’യും കാടും കാണുകയും ഫിലിം സൊസൈറ്റിയിലൂടെ ആ ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും, അവയുടെ തിരക്കഥാകൃത്തും സംവിധായകനുമായ കര്‍ണാടിനെ വിടാതെ പിന്തുടരുകയുംചെയ്ത സഹൃദയനായ ഒരു മലയാളിയുടെ തോന്നലാണിത്.
ഗിരീഷ് കര്‍ണാടിന്, വിട!