പഴയ ഓര്‍മ്മയാണ്. ഏകദേശം പത്തു വര്‍ഷം അപ്പുറമുള്ളത്. കാലം ഇക്കരെ ആയി എന്നോര്‍ക്കണം ഇക്കാലം മാറിപ്പോയി എന്ന അര്‍ത്ഥത്തിലാണ് ഇതൊരു പഴയ ഓര്‍മ്മയാവുന്നത്. കലയും സാഹിത്യവും ക്ഷേത്ര ഉത്സവങ്ങളും കൊടി തോരണങ്ങളും ഗാനമേളകളും തേടി വീടുകളില്‍ നിന്ന് ഇറങ്ങിപുറപ്പെടുന്ന ആള്‍ക്കൂട്ട സഞ്ചയത്തിന്റെ ഭാഗമായിരുന്ന കാലം!.
കോഴിക്കോട് ജില്ലയിലെ ഉള്‍നാടായ കിഴുക്കോടുകടവ് മന്ദങ്കാവില്‍ ഒരു പെരുന്നാള്‍ പരിപാടി. എരഞ്ഞോളി മൂസയുടെ ഗാനമേളയാണ് ഹൈലൈറ്റ്. കോഴിക്കോട് കടപ്പുറത്ത് മലബാര്‍ മഹോത്സവത്തിന് യേശുദാസ് പാടാന്‍ വന്നപ്പോള്‍ ഉള്ളത്ര ആള്‍ക്കൂട്ടമുണ്ട് ആ ഉള്‍നാടന്‍ പരിപാടിക്ക് [ശരിക്കും ഉള്ളതാണ്.തള്ളല്‍ അല്ല കേട്ടോ,സത്യം!] എരഞ്ഞോളി മൂസയുടെ പാട്ടു തുടങ്ങിയതും അടി പൊട്ടി.പോലീസുകാരുമായാണ് പ്രശ്‌നം.ആകെ ഒരു വണ്ടി പോലീസുകാര്‍.
പ്രശ്‌നമുണ്ടാക്കിയ ഒന്ന് രണ്ടു പേരെ പൊക്കി അവര്‍ ജീപ്പിലിട്ടു .പ്രശ്‌നക്കാരുടെ കൂടെ ഉണ്ടായിരുന്ന ചിലരും ആള്‍ക്കൂട്ടവും പോലീസുകാര്‍ക്ക് എതിരെ തിരിഞ്ഞു.അധികാരബലം പൊളിഞ്ഞു പാളീസായി. പോലീസുവണ്ടി കുറെ പേര്‍ ചേര്‍ന്ന് വലിയ പാറക്കല്ല് കൊണ്ട് പൊളിച്ചു കളഞ്ഞു.പോലീസുകാര്‍ നിക്കക്കള്ളിയില്ലാതെ ഓടി.ആകെ ബഹളമയം.കുറെ പേര്‍ ഓടുന്നു.ജനസാഗരം
പ്രക്ഷുബ്ധം!.അലയടിക്കുന്നു,തിരമാലകള്‍ ഇളകുന്നു, മുരളുന്നു ആര്‍ത്തലക്കുന്നു! എരഞ്ഞോളി മൂസ പാട്ടു നിര്‍ത്തി മൈക്കുമായി വേദിയില്‍ നിന്നിറങ്ങി. ജനക്കൂട്ടത്തിനോട് ശാന്തരാവാന്‍ പറയുന്നു. ക്ഷുബ്ധനാവുന്നു.ജനക്കൂട്ടം ഇതത്ര കാര്യമാക്കുന്നില്ല.അവര്‍ പൊലീസുകാരെ തിരയുകയാണ്! എരഞ്ഞോളി മൂസ അവസാനം ആ വജ്രായുധം പ്രയോഗിക്കുന്നു! അതെ അത് തന്നെ! ‘ഇനിയും ബഹളം തുടര്‍ന്നാല്‍ താന്‍ പാട്ടു നിര്‍ത്തും!’ അലയടികള്‍ ഒടുങ്ങി തിരമാലകള്‍ നിന്നു. സാഗരം ശാന്തം.എരഞ്ഞോളി മൂസ തന്റെ ദൈവശബ്ദത്തില്‍ പാടുന്നതിനു മുമ്പ് തന്നെ ഇശലുകള്‍ക്കുമുമ്പുള്ള ഈണം അലയടിച്ചു.,,’മാണിക്യമലരായ പൂവി …..മഹനിയാം ഖദീജ ബീവി…മക്കയെന്ന പുണ്യ നാട്ടില്‍ വിലസിടും നാരീ …..’അപ്പോഴേക്കും ആള്‍ക്കൂട്ട സഞ്ചയത്തിലെ പാതിപേരും പലയിടത്തേക്കായി പിരിഞ്ഞു പോയിരുന്നു.എന്നാല്‍ ബാക്കിയായവര്‍ക്കുവേണ്ടി അലയൊലികള്‍ ശാന്തമായ കടല്‍ക്കരയിലിരുന്നു മാണിക്യമുതിര്‍ക്കുന്ന കുട്ടിയെ പോലെ മൂസക്കയുടെ കൗമാരശബ്ദം കുറെ നേരം കൂടി ഈണമിട്ടു.
ദൈവത്തിന്റെ ശബ്ദം എന്ന് വിശേഷിപ്പിക്കപ്പെട്ടത് മെഹ്ദി ഹസ്സന്റെ ശബ്ദമാണ്.സ്‌ത്രൈണതയും പൗരുഷവും തൊട്ട് ഇണചേരുന്ന ഏതോ കോശ സന്ധികളില്‍ നിന്ന് പുറപ്പെടുന്ന മാധുര്യമാര്‍ന്ന ആ ശബ്ദത്തോട് എവിടെയൊക്കെയോ സാമ്യമുണ്ടായിരുന്നു മൂസക്കയുടെ ആ ഈണത്തിന്. സംഗീതം പാരമ്പര്യമായി കിട്ടി ചിട്ടയോടെ അഭ്യസിച്ചു വളര്‍ന്നു വന്ന അക്കാദമിക് ആയതോ കുല ലക്ഷണങ്ങള്‍ ഒപ്പിച്ചെടുത്തതോ ആയ ആളായിരുന്നില്ല എരഞ്ഞോളി മൂസ എന്ന അര്‍ത്ഥത്തില്‍ ആ ഈണത്തിനും ഭാവത്തിനും ജീവിതത്തിനുമെല്ലാം കുന്ദര്‍ലാല്‍ സൈഗാളിനോട് എവിടെയൊക്കെയോ സാമ്യപൊരുത്തങ്ങള്‍ ഉണ്ടായിരുന്നോ?
ശരത്ചന്ദ്ര മറാഠേ
അദ്ദേഹത്തിന് ഗുരുക്കന്മാര്‍ എന്ന് പറയാന്‍ ആകെ ഉണ്ടായിരുന്നത് ശരത്ചന്ദ്ര മറാഠേ മാത്രമായിരുന്നു. [കോഴിക്കോട് ചിന്താവളപ്പില്‍ ഒരിക്കല്‍ അത്തോളിയിലുള്ള ഗസല്‍ ഗായകന്‍ ഫസലിനൊപ്പം മറാത്തെയുടെ വാടക വീട്ടില്‍ പോയ ഓര്‍മ്മ എനിക്കുണ്ട്.അദ്ദേഹവും ഭാര്യയും താമസിച്ചിരുന്ന ആ ഒറ്റമുറി ക്വോര്‍ട്ടേഴ്സ് അന്ന് വെള്ളത്തില്‍ മുങ്ങിയിരുന്നു.അകത്തേക്ക് ഞങ്ങള്‍ ചാടിക്കടക്കുകയായിരുന്നു. വീടിനകവും നിറയെ വെള്ളമായിരുന്നു!ഭാര്യ ഒരു പാത്രത്തില്‍ വെള്ളം മുക്കി പുറത്തേക്കു ഒഴുക്കുന്നുണ്ടായിരുന്നു, ആ ഹിന്ദുസ്ഥാനി ഉസ്താദ് വയ്യാതെ ആകെയുള്ള കട്ടിലില്‍ വിശ്രമിക്കുകയായിരുന്നു.ഹിന്ദുസ്ഥാനി സൂഫി ഉസ്താദുമാരെ സ്‌നേഹനിര്‍ഭരമായി സ്വീകരിച്ച കോഴിക്കോടിന്റെ ഒരു ബാക്കിപത്രം പോലെ മറാത്തെയും ഭാര്യയും കാലത്തിന്റെ വിങ്ങലായി ഇന്നും എന്റെ ഉള്ളിലുണ്ട്. പിന്നീട് സര്‍ക്കാര്‍ ഇടപെട്ട് അദ്ദേഹത്തിന് വീട് നല്‍കിയിരുന്നു.]
മൂസക്കയുടെ ആകെയുള്ള സംഗീത അഭ്യസനം ഒരു പക്ഷെ മറാത്തേയുടെ കൂടെ പഠിച്ച ആ രണ്ടു വര്‍ഷമായിരിക്കും.സിംഹങ്ങളുടെ മടകളൊന്നും തേടി ചെന്ന് തന്റെ നൈസര്‍ഗ്ഗികവും സര്‍ഗാത്മകവുമായ ഈണത്തെയും എടുപ്പിനെയും ചെത്തിമിനുക്കാനും ചിന്തേരിടാനും അദ്ദേഹം തയ്യാറാവാതിരുന്നതാണ് മൂസക്കയുടെ ഒരു വിശേഷവും അനന്വയവുമായി എടുത്തുപറയാനാവുക.മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ചിന്തേരിടാനും മിനുക്കാനും പറ്റാത്തവിധം സഹജാവബോധമായിരുന്നു അദ്ദേഹത്തിന് സംഗീതം.
സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് ആ പാട്ടുകള്‍ ആദ്യം കേട്ടത്.ഗള്‍ഫ്കാരായ മൂത്തുമ്മയുടെ വീട്ടില്‍ പുതിയ ടേപ്‌റിക്കോര്‍ഡര്‍ വന്നപ്പോള്‍ അവര്‍ കനിഞ്ഞു നല്‍കിയ ഒരു സോണി ടേപ് റെക്കോര്‍ഡര്‍ വീട്ടില്‍ ഉണ്ടായിരുന്നു.സെല്‍ സ്റ്റോറേജ് ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിച്ചിരുന്ന ആ സെറ്റില്‍ ഞാന്‍ ചലച്ചിത്രഗാനങ്ങള്‍ തിരഞ്ഞെടുത്തു റെക്കോര്‍ഡ് ചെയ്ത് കേട്ട് കൊണ്ടിരുന്നു.എന്നാല്‍ മിക്കപ്പോഴും പൊതു താല്പര്യാര്‍ത്ഥം അതില്‍ പാടിയിരുന്ന ഒരു കാസറ്റ് ഉണ്ടായിരുന്നു.പടപ്പ്പടപ്പോട് പിരിശത്തില് നിന്നോളീന്‍ പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളീന്‍ എന്ന പാട്ടാണ് ആദ്യം വരിക.
പടപ്പ് പടപ്പോട് പിരിശത്തില്‍ നിന്നോളി
പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളി
അന്യോന്യം പോരാടി പോരാടി നില്‍ക്കേണ്ട
പൊന്നാലെ ഷേത്രങ്ങള്‍ പള്ളികള്‍ തീര്‍ക്കേണ്ട
മനുഷ്യന്‍ മനുഷ്യനെ സ്‌നേഹിച്ച് നോക്ക്
മനസ്സിനകത്തൊരു പള്ളിയുണ്ടാക്ക്
മനുഷ്യന്‍ മനുഷ്യനെ സ്‌നേഹിച്ച് നോക്ക്
മനസ്സിനകത്തൊരു പള്ളിയുണ്ടാക്ക്
അതിലേത് ജാതിക്കും കേറാമെന്നാക്ക്
അതിവേഗം നിസ്‌കാര പായ വിരിക്
പടപ്പ് പടപ്പോട് പിരിശത്തില്‍ നിന്നോളി
പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളി
അന്യോന്യം പോരാടി പോരാടി നില്‍ക്കേണ്ട
പൊന്നാലെ ഷേത്രങ്ങള്‍ പള്ളികള്‍ തീര്‍ക്കേണ്ട
അമ്പലവും പുണ്യ മസ്ജിദുമെല്ലാം
അന്‍പിന്റെ കാഹളമോതുകയല്ലോ
എന്നിട്ടും വില്ലമ്പെടുക്കുന്നു നമ്മള്‍
പിന്നിട്ട കാട്ടിലൊളിക്കുന്നു നമ്മള്‍
ശംഖ് വിളിച്ചു നാം ബാങ്ക് വിളിച്ചു
ശബ്ദത്താല്‍ ദൈവത്തെ പ
എന്നിട്ടും വാളൂരി നില്‍ക്കുന്നു നമ്മള്‍
ഒന്ന് ജയിക്കുവാന്‍ നോക്കുന്നു നമ്മള്‍
ഈ പാട്ടു കഴിഞ്ഞു രണ്ടെണ്ണം കഴിയുമ്പോള്‍ മരുഭൂമിയെ ഓര്‍മ്മപ്പെടുത്തുന്ന ഒരു കാറ്റിന്റെ ശബ്ദം വരും.അതിന്റെ തുടര്‍ച്ചയായാണ് മിഹ്‌റാജ് രാവിലെ കാറ്റേ …മരുഭൂ തണുപ്പിച്ച കാറ്റേ …..വരുന്നത്.ഒരു ദിവസം തന്നെ അഞ്ചും പത്തും പ്രദര്‍ശനം ഈ കേസറ്റിന്റെതായി ഉണ്ടായിരുന്നത് കൊണ്ട് തന്നെ എന്റെ ചെറുപ്പം കേട്ട് കേട്ട് മതിവന്ന പാട്ടുകളായിരുന്നു എരഞ്ഞോളി മൂസയുടെ ഈ പാട്ടുകളൊക്കെ.
പയ്യോളി ഉള്ള മൂത്തമ്മയുടെ മകളുടെ കല്യാണത്തിന് തലേ ദിവസം എരഞ്ഞോളി മൂസക്കയുടെ മാപ്പിളപ്പാട്ട് ഗാനമേള ഒരു വലിയ സംഭവമായിരുന്നു.മൂത്തുമ്മയുടെ മകന്റെ പ്രത്യേക സ്വാധീനവും ആരാധനയും ഉപയോഗിച്ചാണ് മൂസക്ക വന്നത്, അല്ലാതെ പണം കൊടുക്കുന്നത് കൊണ്ടുമാത്രമല്ല എന്നൊക്കെ മൂപ്പര്‍ ഞങ്ങളോട് വമ്പു പറഞ്ഞിരുന്നു. കുറെയൊക്കെ ശരിയായിരുന്നു താനും.അപ്പോഴേക്കും മൂസക്ക മാപ്പിളപ്പാട്ടുരംഗത്തെ താരം തന്നെ ആയി മാറിയിരുന്നു എന്ന് തോന്നുന്നു.
ഗ്രാമീണ കലാസമിതിക്കാരും മറ്റു മാപ്പിളപ്പാട്ടു ട്രൂപ്പുകാരുമൊക്കെ മൂസക്കയുടെ ഗാനമേളകള്‍ സംഘടിപ്പിച്ചിരുന്നു. പലയിടങ്ങളിലും. മൂസക്ക ഒരു താര പരിവേഷം സൂക്ഷിച്ചുവെക്കാറില്ലായിരുന്നു ഒരിടത്തും എന്നതായിരുന്നു അദ്ദേഹത്തിന്റെ വലിയ സവിശേഷത.എല്ലായിടത്തും അദ്ദേഹം ഏറ്റവും സാധാരണക്കാരായ മനുഷ്യരോടൊപ്പം പാട്ടുപാടിയും കളിചിരികളില്‍ ഏര്‍പ്പെട്ടും മറ്റു മനുഷ്യാനന്ദങ്ങളില്‍ മുഴുകിയും കഴിഞ്ഞു. ഇടക്ക് ബോംബെ പോലുള്ള നഗരങ്ങളില്‍ ബൊഹീമിയന്‍ ജീവിതത്തില്‍ ഒഴുകിയും മധുപാനത്തിന്റെ മഹോത്സവങ്ങളില്‍ പങ്കാളിയായും ജീവിതത്തിന്റെ സര്‍ഗാത്മകവും സൗന്ദര്യാത്മകവുമായ ആനന്ദ മാര്‍ഗങ്ങളില്‍ കുറച്ചു കാലം കഴിഞ്ഞ ഓളങ്ങളുടെ ഒഴുക്കും കൂടിയായിരുന്നു എരഞ്ഞോളി മൂസ എന്ന ജീവിതം.
മുകളില്‍ എടുത്തെഴുതിയ പടപ്പു പടപ്പോടു പിരിശത്തില് നിന്നോളീ എന്ന പാട്ടിലെ സാഹിത്യവും എരഞ്ഞോളി മൂസയുടെ ജീവിതവും പ്യുരിറ്റന്‍ ഇസ്‌ലാമിന് എതിരായി അഭിമുഖം നില്‍ക്കുന്ന ഒരു സാംസ്‌കാരികസഞ്ചയം കൂടിയായിരുന്നു എന്നും എടുത്തു പറയണം.അദ്ദേഹത്തെ തേടി എത്തിയിരുന്ന ആള്‍ക്കൂട്ട സഞ്ചയം പ്രാദേശിക മുസ്‌ലിം ജീവിതത്തിലെ കലാ സംഗീത സംസ്‌കാര വാഹകരായിരുന്നു.
ഗ്രാമഫോണ്‍ സിനിമയില്‍ നിന്നുള്ള ദൃശ്യം
മുസ്‌ലിം ഫോക്ലോര്‍ അക്കാദമികമായും ഗവേഷണ പ്രാധാന്യത്തോടെയും അധികം അന്വേഷണ വിധേയമായിട്ടില്ലാത്ത ഒരു മേഖലയാണ് ഇന്നും. അറബി മലയാളവും സുറിയാനിയും മറ്റനേകം ഗോത്രഭാഷകളും ഇന്നും നമുക്ക് മാതൃഭാഷകളായി കാണാന്‍ സാധിച്ചിട്ടില്ല. ആ ഭാഷകളില്‍ ജീവിതമുണ്ടായിരുന്നു എന്ന് ഇന്നും നമുക്ക് തോന്നിയിട്ടില്ല. മലയാളമാണ് നമ്മുടെ മാതൃഭാഷ എന്ന ബലാത്കൃതമായ ഏകതാ മൗലികവാദം പൂര്‍ണമായി ഉപേക്ഷിക്കുകയും ആ ഭാഷകളിലെ ജീവിതവും സാഹിത്യവും സംസ്‌കാരപഠനവും ഗൗരവപൂര്‍വം നിര്‍വഹിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ആ ഭാഷയോട് നമ്മള്‍ നീതികാണിച്ചു എന്ന് വരുള്ളൂ.അത് കാല നീതി മാത്രമാണ്.
എരഞ്ഞോളി മൂസ പാടിയിരുന്ന പല പാട്ടുകളും ആരാണ് എഴുതിയത് എന്നുപോലും കൃത്യമായി നിശ്ചയമില്ലാത്ത വിധം പഴയ പാട്ടുകളാണ്.അതിനു വാമൊഴി പാരമ്പര്യമാണുള്ളത്. മാപ്പിളപ്പാട്ട് അടിസ്ഥാനപരമായി അറബിമലയാള സാഹിത്യത്തില്‍ ഉള്‍പ്പെടുന്ന വിഭാഗമാണ്.അതിലെ പ്രാസങ്ങളായ കമ്പി വാലിന്മേല്‍ കമ്പി തുടങ്ങിയ വ്യാകരണ കാര്യങ്ങള്‍ ഒന്നും പഠിച്ചെടുക്കാതെതന്നെ ഈണത്തിലും താളത്തിലും പ്രാസത്തിലുമൊക്കെ ഇത് എരഞ്ഞോളി മൂസക്ക് പാടാന്‍ സാധിച്ചിരുന്നത് അദ്ദേഹത്തിന്റെ അബോധത്തില്‍ ആ ഭാഷയും ജീവിതവും അടിപടവായി ഉള്ളത് കൊണ്ടായിരുന്നു എന്ന് തോന്നുന്നു.
ഗ്രാമഫോണ്‍ സിനിമയില്‍ നിന്നുള്ള ദൃശ്യം
എരഞ്ഞോളി മൂസ വേഷമിട്ട ആദാമിന്റെ അബുവിലെയും ഗ്രാമഫോണിലെയും കഥാപാത്രങ്ങള്‍ രണ്ടും അദ്ദേഹത്തിന്റെ ആത്മഛായ കലര്‍ന്നവരെപോലെ തോന്നിപ്പിക്കും. ബാബുരാജിന്റെ ബയോപിക് ആയ ഗ്രാമഫോണില്‍ സാക്‌സോ ഫോണ്‍ പോലുള്ള ഒരു സംഗീതോപകരണവും പിടിച്ച് പലപ്പോഴും മൗനത്തിലൊളിച്ചു കഴിയുന്ന ഒരു സംഗീതകാലത്തിന്റെ അവശിഷ്ടമായിരുന്നു ആ കഥാപാത്രം. ബാബുക്കയുടെ സൂഫി സംഘത്തിലെ അവധൂതനെ പോലെ ആയിരുന്നു ആ വാദ്യോപകരണ ഗായകന്‍. ആദാമിന്റെ മകനിലാകട്ടെ ഹജ്ജ് എന്ന ആത്മ നിര്‍വൃതി സ്വപ്നം കണ്ടു കഴിയുന്ന സെറീന വഹാബിന്റെ കഥാപാത്രത്തിനടുത്ത് പാട്ടു പാടി എത്തുന്ന (മക്ക മദീനായില്‍ എത്തുവാനല്ലാതെ……) അവധൂത സംഘത്തിലെ ഒരംഗമായിരുന്നു എരഞ്ഞോളി മൂസ്സ .
ആദാമിന്റെ മകന്‍ അബുവില്‍ നിന്നുള്ള ദൃശ്യം
എരഞ്ഞോളി മൂസ എന്നത് പലവിധത്തില്‍ പരിക്കേറ്റുകൊണ്ടിരിക്കുന്ന ഒരു കാലത്തിന്റെയും ജീവിതത്തിന്റെയും പേര് കൂടിയാണ്.മനുഷ്യര്‍ തന്താങ്ങളിലേക്കും ഇടുങ്ങിയ ഇടങ്ങളിലേക്കും പിന്‍വാങ്ങികൊണ്ടിരിക്കുന്ന ഒരുകാലം എന്ന നിലക്ക് കൂടിയാണ് ഇങ്ങിനെ തോന്നുന്നത്. എരഞ്ഞോളിമൂസ എന്ന കാലം അക്കരെനിന്ന് നമ്മളെ കൊതിപ്പിക്കുന്നൊരു കാലം കൂടിയായിരുന്നു.ഫോക് ലോര്‍ എന്നത് ജനസഞ്ചത്തിന്റെ ഉല്‍പ്പന്നമാണ് എങ്കില്‍ ആ ജനസഞ്ചയം ഒരിടത്തേക്ക് ഒഴുകിയിരുന്ന കാലം കൂടിയായിരുന്നു മൂസക്ക.മാധ്യമങ്ങളുടെ മലവെള്ളപ്പാച്ചിലും പ്രതീതിലോകത്തെ മനുഷ്യബന്ധങ്ങളുടെ ഡിജിറ്റല്‍ പൂവുകളും ആയിരുന്നില്ല അക്കാലത്തുണ്ടായിരുന്ന മനുഷ്യബന്ധങ്ങളുടെ പ്രമാണം.അത് ഇപ്പോഴും എവിടെയോ കൈവിട്ട സൗരഭ്യം പരത്തുന്ന ഗന്ധമുള്ള പൂക്കളുടെ കാലമാണ്.ആ കൈവിട്ട കാലംകൂടിയാണ് എരഞ്ഞോളി മൂസക്കൊപ്പം കടന്നു പോയത്.