| Sunday, 24th April 2022, 2:59 pm

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് ചോര്‍ത്തിയ സംഭവത്തില്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി അന്വേഷണ സംഘം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് ചോര്‍ത്തിയ സംഭവത്തില്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി അന്വേഷണ സംഘം. മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കി. എന്നാല്‍ അപേക്ഷയില്‍ രണ്ട് വട്ടം വിശദീകരണം തേടിയെങ്കിലും അന്വഷണത്തില്‍ ഇതുവരെ തീരുമാനമായില്ല.

2017 ഫെബ്രുവരി 18നാണ് കോടതി ആവശ്യപ്രകാരം അവസാനമായി ദൃശ്യം പരിശോധിച്ചത്. എന്നാല്‍ 2018 ഡിസംബര്‍ 13ന് ഈ ദൃശ്യം വീണ്ടും കണ്ടതായാണ് ഫോറന്‍സിക് സംഘം വ്യക്തമാക്കിയിട്ടുള്ളത്.

കോടതി ആവശ്യത്തിന് ഈ ഫയല്‍ ഓപ്പണ്‍ ആക്കിയാല്‍ ഹാഷ് വാല്യു മാറുകയും അത് രേഖപ്പെടുത്തുകയും ചെയ്യും. ഇങ്ങനെ അവസാനമായി ഹാഷ് വാല്യു രേഖപ്പെടുത്തിയത് 2017 ഫെബ്രുവരിയിലാണ്. ഇതാണ് ഒരു വര്‍ഷത്തിന് ശേഷം വീണ്ടും മാറിയതായി കണ്ടെത്തിയത്.

കേസുമായി ബന്ധപ്പെട്ടുള്ള കോടതി രേഖകള്‍ ദിലീപിന്റെ ഫോണില്‍ നിന്ന് കണ്ടെടുത്ത സംഭവത്തില്‍, കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന അപേക്ഷ മാധ്യമങ്ങള്‍ക്ക് എങ്ങിനെ ലഭിച്ചന്ന് പ്രോസിക്യൂഷന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി ബൈജു പൗലോസും ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തും നല്‍കിയ വിശദീകരണങ്ങള്‍ തൃപ്തികരമല്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി എസ്. ശ്രീജിത്തിന്റെ സ്ഥാനമാറ്റത്തിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

എസ്. ശ്രീജിത്തിനെ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ പ്രതിഷേധിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ശ്രീജിത്തിനെ സ്ഥാനത്ത് നിന്ന് മാറ്റിയത് പെണ്‍വേട്ടക്കാരെ സഹായിക്കാനാണെന്ന് കെ.കെ. രമ എം.എല്‍.എ പറഞ്ഞത്. കേസന്വേഷണത്തിന്റെ ഗതിവേഗത്തെ ദുര്‍ബലമാക്കാനുള്ള അങ്ങേയറ്റം കുറ്റകരമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് കെ.കെ. രമ പറഞ്ഞു.

പ്രതിഭാഗത്തെ പ്രമുഖ അഭിഭാഷകന്‍ പ്രോസിക്യൂഷന്‍ സാക്ഷിയെ നേരിട്ട് സ്വാധീനിക്കാന്‍ ശ്രമിച്ച അത്യന്തം ഗൗരവമേറിയ സംഭവം ഓഡിയോ തെളിവുസഹിതം പുറത്തുവന്നതിനെ കുറിച്ചുള്ള അന്വേഷണം കൂടി അട്ടിമറിക്കാന്‍, ആഭ്യന്തരവകുപ്പിന്റെ ഭരണനേതൃത്വം നടത്തുന്ന നഗ്നമായ ഇടപെടലിന്റെ കൃത്യമായ സാക്ഷ്യപത്രമാണ് അന്വേഷണ സംഘത്തലവനായിരുന്ന എ.ഡി.ജി.പിയുടെ സ്ഥാനമാറ്റമെന്നും കെ.കെ. രമ അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ നടപടി കേസില്‍ തിരിച്ചടിയാവുമെന്ന് സി.പി.ഐ.എം നേതാവ് ആനി രാജയും കുറ്റപ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ നടപടി നിരാശജനകമാണ്, നടപടി അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നതിന് കാരണമാകുമെന്നും ആനി രാജ ചൂണ്ടിക്കാട്ടി. കോടതി പോലും ഈ കേസ് ഗൗരവമായി കാണുന്നില്ലെന്നും ആനി രാജ അഭിപ്രായപ്പെട്ടു.

എസ്. ശ്രീജിത്തിനെ നീക്കിയത് നടിയെ ആക്രമിച്ച കേസിലെ അന്വേഷണം അട്ടിമറിക്കുന്നതിനാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ്. നുസൂര്‍ പറഞ്ഞിരുന്നു. സിനിമാകഥ തയ്യാറാക്കുന്നതുപോലെ ഏതോ ഒരാള് ഇരുന്നെഴുതിയ തിരക്കഥയാണ് നടിയെ ആക്രമിച്ച കേസെന്നും അതില്‍ സര്‍ക്കാരിന്റെ ഭാഗം ആര് അഭിനയിക്കുമെന്ന കാര്യത്തിലാണ് സംശയമുണ്ടായിരുന്നതെന്നും നുസൂര്‍ ആരോപിച്ചു.

Content Highlights: Memmory card leaked issue crime branch going to approach High Court

We use cookies to give you the best possible experience. Learn more