| Tuesday, 14th May 2019, 12:42 pm

മോര്‍ഫിങ്; യുവമോര്‍ച്ച നേതാവിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച കേസില്‍ യുവമോര്‍ച്ച ഹൗറ കണ്‍വീനര്‍ പ്രിയങ്ക ശര്‍മയ്ക്ക് ഉപാധികളോടെ ജാമ്യം. സുപ്രീം കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

മമത ബാനര്‍ജിയോട് പ്രിയങ്ക ശര്‍മ മാപ്പ് പറയണമെന്നും പ്രിയങ്ക നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ട് സുപ്രീംകോടതി പറഞ്ഞു. എന്നാല്‍ പിന്നീട് മാപ്പ് പറയണമെന്ന ഉപാധി സുപ്രീം കോടതി പിന്‍വലിച്ചു.

” ഇവര്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ അംഗമാണ്. തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ഈ ഘട്ടത്തില്‍ ഞങ്ങള്‍ ക്രിമിനല്‍ നിയമങ്ങള്‍ ഉപയോഗിക്കുന്നില്ല. തെരഞ്ഞെടുപ്പ് സമയമായതിനാല്‍ തന്നെ മാപ്പുപറയാന്‍ നിര്‍ദേശിക്കുകയാണ്. ” സുപ്രീം കോടതി ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.

അഭിപ്രായ സ്വാതന്ത്ര്യം എന്നത് ഒരു മറ്റുള്ളവരുടെ അവകാശത്തെ ഹനിക്കുന്നതാവരുതെന്നും സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞു. ”ഞങ്ങള്‍ ഇപ്പോള്‍ ക്രിമിനല്‍ കുറ്റത്തിന്റെ വശം പരിശോധിക്കുന്നില്ല. എന്നിരുന്നാലും ഇവിടെ ചിലരുടെ വികാരത്തിന് മുറിവേറ്റിട്ടുണ്ട്. മാപ്പ് പറയേണ്ടതായുണ്ട്”- എന്നായിരുന്നു സുപ്രീം കോടതി ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് അഭിഭാഷകനോട് മാപ്പ് പറയേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

മെയ് 9 ാം തിയതിയാണ് പ്രിയങ്ക ശര്‍മ്മ മോര്‍ഫു ചെയ്ത മമതാ ബാനര്‍ജിയുടെ ചിത്രം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്.

സിനിമാ താരം പ്രിയങ്ക ചോപ്രയുടെ ചിത്രത്തില്‍ മമതയുടെ മുഖം മോര്‍ഫ് ചെയ്തായിരുന്നു പ്രചരിപ്പിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന് കാട്ടി തൃണമൂല്‍ നേതാവ് വിഭാസ് ഹസ്ര നല്‍കിയ പരാതിയില്‍ പൊലീസ് പ്രിയങ്ക ശര്‍മയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇത് ചോദ്യം ചെയ്താണ് പ്രിയങ്ക ശര്‍മ സുപ്രീംകോടതിയെ സമീപിച്ചത്. ഫാഷന്‍ ഉത്സവമായ മെറ്റ് ഗാലയില്‍ പ്രിയങ്ക ചോപ്ര അവതരിപ്പിച്ച വേഷത്തിലാണ് മോര്‍ഫിംഗ് നടത്തിയത്. സംഭവത്തില്‍ ബി.ജെ.പി മമതയെ മാത്രമല്ല ബംഗാളിന്റെ സംസ്‌കാരത്തെ തന്നെയാണ് അപമാനിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more