| Sunday, 25th November 2012, 9:53 am

2 ജി സ്‌പെക്ട്രം: സി.എ.ജി റിപ്പോര്‍ട്ടില്‍ ഇടപെട്ടത് മുരളി മനോഹര്‍ ജോഷിയല്ലെന്ന് ആര്‍.പി സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2 ജി സ്‌പെക്ട്രം കേസിലെ സി.എ.ജി റിപ്പോര്‍ട്ടില്‍ ബി.ജെ.പി നേതാവും പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി(പി.എ.സി) ചെയര്‍മാനുമായ മുരളി മനോഹര്‍ ജോഷി ഇടപെട്ടന്ന ആരോപണത്തില്‍ നിന്ന് സി.എ.ജി മുന്‍ ടെലികമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ജനറല്‍ ആര്‍.പി സിങ് മലക്കം മറിയുന്നു.

സി.എന്‍.എന്‍-ഐ.ബി.എന്നില്‍ “ഡെവിള്‍സ് അഡ്വകേറ്റ്” ല്‍ കരണ്‍ ഥാപ്പറുമായുള്ള അഭിമുഖത്തിലാണ് ആര്‍.പി സിങ് തന്റെ വാദത്തില്‍ നിന്ന് പുറകോട്ട് പോയത്. []

തന്റെ പാരമാര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും താന്‍ മുരളിയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നും ആര്‍.പി സിങ് പറയുന്നു. പി.എ.സിയിലെ ഒരു അംഗം ഇടപെട്ടെന്നാണ് താന്‍ പറഞ്ഞതെന്നും ആരുടേയും പേരല്ല മറിച്ച് വിവരം മാത്രമാണ് താന്‍ പറഞ്ഞതെന്നുമാണ് ആര്‍.പി. സിങ് പറയുന്നത്.

ഇന്ത്യന്‍ എക്‌സ്പ്രസിനോട് മുരളി മനോഹര്‍ ജോഷി റിപ്പോര്‍ട്ടില്‍ ഇടപെട്ടെന്ന് പറഞ്ഞതായി പത്രം പറഞ്ഞിരുന്നു. എന്നാല്‍ ഒരു പി.എ.സി അംഗം റിപ്പോര്‍ട്ടില്‍ ഇടപെട്ടെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്ന നിലപാടിലാണ് ഇപ്പോള്‍ ആര്‍.പി സിങ്.

തന്റെ പരാമര്‍ശം സത്യമാണെന്നും പി.എ.സിയുടെ ഇരുപതംഗങ്ങളില്‍ ഒരാള്‍ മാത്രമാണ് റിപ്പോര്‍ട്ടില്‍ ഇടപെട്ടെന്നുമാണ് താന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞതെന്നും ആര്‍.പി സിങ് പറയുന്നു. ജോഷിക്കെതിരെ അങ്ങനെയൊരു തെളിവ് താന്‍ കണ്ടിട്ടില്ലെന്നും ആര്‍.പി സിങ് വ്യക്തമാക്കി.

2 ജി സ്‌പെക്ട്രത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുമ്പായി സി.എ.ജിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ മനോഹര്‍ ജോഷിയുടെ വസതിയിലെത്തി ചര്‍ച്ച ചെയ്തതായി കഴിഞ്ഞ ദിവസം ആര്‍.പി. സിങ് ആരോപിച്ചിരുന്നു.

” 2 ജി സ്‌പെക്ട്രം സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ട് ഞാന്‍ തയ്യാറാക്കിയതല്ല. ഞാന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നഷ്ടം 37,000 കോടി രൂപയാണ്. 1.76 ലക്ഷം കോടിയുടെ നഷ്ടം കാണിക്കുന്ന റിപ്പോര്‍ട്ട് കൃത്രിമമായി ഉണ്ടാക്കിയതാണ്. ഞാന്‍ കണക്കാക്കിയതില്‍ ഭൂരിഭാഗവും വീണ്ടെടുക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ.”ആര്‍.പി സിങ് കഴിഞ്ഞ ദിവസം പറഞ്ഞു.

താന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് 2010 മെയ് 31 ന് സമര്‍പ്പിച്ചെങ്കിലും അത് അംഗീകരിക്കാന്‍ മേലാധികാരികള്‍ തയ്യാറായില്ലെന്നും അന്തിമ റിപ്പോര്‍ട്ട് താന്‍ തയ്യാറാക്കിയതല്ലെന്നും തന്നെ നിര്‍ബന്ധിച്ച് റിപ്പോര്‍ട്ടില്‍ ഒപ്പിടുവിക്കുകയായിരുന്നെന്നും ആര്‍.പി സിങ് പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more