'മലപ്പുറം കാക്കയായി സുരേഷ് ഗോപി'; ജിബു ജേക്കബിന്റെ 'മേ ഹൂം മൂസ' പ്രഖ്യാപിച്ചു
Movie Day
'മലപ്പുറം കാക്കയായി സുരേഷ് ഗോപി'; ജിബു ജേക്കബിന്റെ 'മേ ഹൂം മൂസ' പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 21st April 2022, 2:47 pm

 

ജിബു ജേക്കബ് സംവിധാനത്തില്‍ സുരേഷ് ഗോപിയെ നായകനാക്കുന്ന പാന്‍ ഇന്ത്യന്‍, ബിഗ് ബജറ്റ് സിനിമ പ്രഖ്യാപിച്ചു. ‘മേ ഹൂം മൂസ’ എന്നാണ് ചിത്രത്തിന്റെ പേരിട്ടിരിക്കുന്നത്.

സുരേഷ് ഗോപിയുടെ 253ാം സിനിമയായാകും ചിത്രം ഒരുങ്ങുന്നത്. വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി, എല്ലാം ശരിയാകും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

സിനിമയുടെ ചിത്രീകരണം കൊടുങ്ങല്ലൂരില്‍ ആരംഭിച്ചതായും, വാഗ ബോര്‍ഡര്‍ തുടങ്ങി പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും ലൊക്കേഷനാകുന്ന ചിത്രം പാന്‍ ഇന്ത്യന്‍ സിനിമ കൂടിയാണെന്ന് സംവിധായകന്‍ ജിബു ജേക്കബ് അറിയിച്ചു.

1998ല്‍ തുടങ്ങി 2018ല്‍ അവസാനിക്കുന്ന തരത്തിലാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. നടന്ന സംഭവങ്ങളും ചിത്രത്തില്‍ ആവിഷ്‌കരിക്കുന്നുണ്ട്.

മലപ്പുറം കാരനായി സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നത്. റുബീഷ് റെയ്ന്‍ ആണ് കഥ, തിരക്കഥ, സംഭാഷണം. വിഷ്ണു നാരായണന്‍ ഛായാഗ്രഹണം. ശ്രീനാഥ് ശിവശങ്കരന്‍ സംഗീതം.

തോമസ് തിരുവല്ല പ്രൊഡക്ഷന്‍സും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, പൂനം ബജ്‌വ തുടങ്ങി ഒട്ടനവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

അതേസമയം, ജോഷി-സുരേഷ് ഗോപി കൂട്ടുക്കെട്ടിലൊരുങ്ങുന്ന ‘പാപ്പന്‍’ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

‘എബ്രഹാം മാത്യൂസ് പാപ്പന്‍ ഐ.പി.എസ്’ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കിംഗ് ആന്റ് ദി കമ്മീഷണര്‍ ചിത്രത്തിന് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് പാപ്പന്‍.