നിഖില വിമല്‍, മാത്യു തോമസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ജോ ആന്‍ഡ് ജോയിലൂടെയാണ് മെല്‍വിന്‍ ജി. ബാബു പ്രേക്ഷകര്‍ക്ക് സുപരിചിതനാവുന്നത്. മാത്യുവിനും നസ്‌ലിനുമൊപ്പം എബി കുരുവിള എന്ന കഥാപാത്രത്തിലൂടെ മെല്‍വിനും ശ്രദ്ധ നേടിയിരുന്നു. ജോ ആന്‍ഡ് ജോയ്ക്ക് മുമ്പേ തന്നെ എഫ്.ടി. ഗയ്‌സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ മെല്‍വിന്‍ വൈറല്‍ താരമായിരുന്നു.
പേജിലെ വീഡിയോകള്‍ കണ്ട് തന്നെ കരിക്കിലേക്ക് വിളിച്ചിരുന്നു എന്ന് പറയുകയാണ് മെല്‍വിന്‍. കൃഷ്ണ ചന്ദ്രന്‍ തന്റെ അസിസ്റ്റന്റായിരുന്നുവെന്നും തങ്ങളെ ഒരുമിച്ചാണ് കരിക്കിലേക്ക് വിളിച്ചതെന്നും മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മെല്‍വിന്‍ പറഞ്ഞു.
‘കൃഷ്ണ ചന്ദ്രന്‍ നമ്മുടെ നാട്ടുകാരനാണ്. ഞങ്ങളുടെ ഏരിയയില്‍ ഞാന്‍ മാത്രമാണ് ഇങ്ങനെ ഷോട്ട് ഫിലിമൊക്കെ എടുത്തുനടക്കുന്നത്. ഇവനും അങ്ങനെ ആഗ്രഹമുണ്ടായിരുന്നു. അവന്‍ എന്റെ അസിസ്റ്റന്റ് ആയി കൂടെ നിന്നു. എഫ്.ടി. ഗയ്‌സ് വന്നപ്പോള്‍ ഞാന്‍ അവനെ വിളിച്ചു.
എഫ്.ടി. ഗയ്‌സിലെ വീഡിയോകള്‍ കണ്ട് ഞങ്ങളെ രണ്ട് പേരേയും കൂടെയാണ് കരിക്കിലേക്ക് വിളിക്കുന്നത്. എനിക്ക് എന്റെ എഫ്.ടി. ഗയ്‌സ് മതിയായിരുന്നു. എഫ്.ടി. ഗയ്‌സിലൂടെ സിനിമയില്‍ കേറിയാല്‍ മതിയെന്ന ആഗ്രഹമുണ്ടായിരുന്നു. ആയില്ലേലും പ്രശ്‌നമില്ല. തുടര്‍ന്നോണ്ടിരിക്കുമ്പോള്‍ എന്തായാലും ആവുമല്ലോ.
കൃഷ്ണ ചന്ദ്രനുമായി വഴക്കോ അങ്ങനെ ഒന്നുമില്ല. കാണുമ്പോള്‍ സംസാരിക്കും. അത്രയേ ഉള്ളൂ. അവന്‍ എന്റെ സ്‌കൂളിലാണ് പഠിച്ചത്. ഒരേ പ്രായമാണ് ഞങ്ങള്‍,’ മെല്‍വിന്‍ പറഞ്ഞു.
ഓ മൈ ഡാര്‍ലിങ്ങാണ് ഉടന്‍ റിലീസിന് ഒരുങ്ങുന്ന മെല്‍വിന്റെ ചിത്രം. അനിഖ സുരേന്ദ്രന്‍ നായികയാവുന്ന ചിത്രം ആല്‍ഫ്രഡ് ഡി. സാമുവല്‍ ആണ് സംവിധാനം ചെയ്യുന്നത്. ഫെബ്രുവരി 24ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: melvin g babu about krishna chandran and karikk