Advertisement
Daily News
'അനസേ നിനക്കൊപ്പം ആ ചെളിയിലേക്ക് എനിക്കും ഇറങ്ങണം'; അനസിനൊപ്പം മുണ്ടപ്പലത്തെ ചെളിയില്‍ ഫുട്‌ബോള്‍ തട്ടാനുള്ള ആഗ്രഹം അറിയിച്ച് മെലൂദ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Jul 09, 12:13 pm
Sunday, 9th July 2017, 5:43 pm

മലപ്പുറം: പ്രശസ്തിയുടേയും നേട്ടങ്ങളുടേയും കൊടുമുടി കയറുമ്പോള്‍ പിന്നിട്ട വഴികളേയും അവിടെ കൂട്ടായി നിന്നവരേയും മറക്കുന്നവനാണ് മനുഷ്യന്‍. നാലാള്‍ അറിയുന്ന താരമായി മാറിക്കഴിഞ്ഞാല്‍ പഴയതുപോലെ അങ്ങാടിയിലെ കടയിലെ ബഞ്ചിലിരുന്ന് കഥ പറയാനോ ചങ്ങാതിമാര്‍ക്കൊപ്പം കൂട്ടുകൂടി നടക്കാനോ മടിക്കുന്ന ഒരുപാട് പേരെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ അത്തരക്കാരില്‍ പെട്ടവനല്ല അനസ് എടത്തൊട്ടിക എന്ന മലപ്പുറംകാരന്‍.

കേരളത്തിലെത്തിയാല്‍ തനി നാട്ടിന്‍പുറത്തുകാരനാണ് ഇന്ത്യന്‍ ഫുട്ബോള്‍ താരം അനസ് എടത്തൊടിക. ഇന്ത്യയുടെ പ്രതിരോധം കാക്കുന്ന ഈ താരത്തിന്റെ പുതിയ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണിപ്പോള്‍. ചെളിയില്‍ കുളിച്ച് നില്‍ക്കുന്ന അനസിന്റെ ഫോട്ടോയാണ് ഫുട്ബോള്‍ പ്രേമികള്‍ക്കിടയില്‍ സംസാര വിഷയം.

എന്നാല്‍ അനസിന്റെ ഈ ചിത്രം കണ്ട് മുണ്ടപ്പലം അറീനയില്‍ വന്ന് കളിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് ഫ്രഞ്ച് താരം ഫ്‌ലോറെന്റെ മെലൂദ. ഇന്‍സ്റ്റഗ്രാമില്‍ അനസിന്റെ കൂട്ടികാരുടെയും ഫോട്ടോ പങ്കുവെച്ച മെലൂദ മുണ്ടപ്പലം അരീനയില്‍ കളിക്കുന്നത് തന്റെ ആഗ്രഹങ്ങളുടെ പട്ടികയിലേക്ക് ചേര്‍ത്തിരിക്കുകയാണെന്നും കളിയില്‍ തോല്‍ക്കുന്നവര്‍ ചേറില്‍ കുളിച്ച വസ്ത്രങ്ങള്‍ അലക്കണമെന്നും മെലൂദ ഫോട്ടോയൊടൊപ്പം കുറിച്ചു.

അനസും മെലൂദയും ഐ.എസ്.എല്ലില്‍ ഡെല്‍ഹി ഡൈനാമോസില്‍ ഒരുമിച്ച് കളിച്ചവരാണ്. താന്‍ ഒപ്പം കളിച്ചവരില്‍ ഏറ്റവും വലിയ താരം മലൂദയാണെന്ന് അനസ് മുമ്പ് പറഞ്ഞിരുന്നു. ഐ.എസ്.എല്‍ പുതിയ സീസണില്‍ ഒരു ടീമിന്റെയും ഭാഗമായിട്ടില്ല അനസ്. ഡല്‍ഹി ആരെയും നിലനിര്‍ത്തുന്നുവെന്ന വ്യക്തമാക്കിയതോടെ അനസിനെ ഡ്രാഫ്റ്റിലൂടെ സ്വന്തമാക്കാനാകും മറ്റു ടീമുകളുടെ ശ്രമം. അനസ് കേരള ബ്ലാസ്റ്റേഴ്സിലെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.