കാന്‍ബെറ: ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സര്‍വകലാശാലയിലെ ആര്‍ട്ട് ഫെസ്റ്റ് കെട്ടിടത്തിന്റെ പേര് മഹ്‌മൂദ് ഹാള്‍ എന്ന് പുനര്‍നാമകരണം ചെയ്ത് ഫലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥികള്‍.
ഈ വര്‍ഷം മെല്‍ബണ്‍ സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ പഠനം ആരംഭിക്കാനിരുന്ന ഫലസ്തീന്‍ വിദ്യാര്‍ത്ഥിയാണ് മഹ്‌മൂദ് അല്‍നൗഖ്.
എന്നാല്‍ ഒക്ടോബറില്‍ ഗസയില്‍ ഉണ്ടായ ഇസ്രഈല്‍ ഷെല്ലാക്രമണത്തില്‍ മഹ്‌മൂദും കുടുംബവും കൊല്ലപ്പെടുകയായിരുന്നു. മഹ്‌മൂദിന്റെ മരണത്തില്‍ അപലപിച്ചുകൊണ്ടാണ് ഫലസ്തീന്‍ അനുകൂലികളായ വിദ്യാര്‍ത്ഥികള്‍ ആര്‍ട്ട് ഫെസ്റ്റ് കെട്ടിടത്തിന്റെ പേര് മാറ്റുന്നത്.
വിദ്യാര്‍ത്ഥികളുടെ നടപടിയില്‍ പ്രകോപിതരായ ക്യാമ്പസ് അധികൃതര്‍ പൊലീസിന്റെ സഹായം തേടിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Hundreds of staff have come out to support students barricaded inside Mahmoud’s Hall, University of Melbourne after the administration called the police on students. pic.twitter.com/KPVgb2xj39
കെട്ടിടത്തിന് മുന്നില്‍ തടിച്ചുകൂടിയ വിദ്യാര്‍ത്ഥികള്‍ ഒരു മണിക്കൂറിനുള്ളില്‍ ക്യാമ്പസിന് പുറത്തുപോയില്ലെങ്കില്‍ പൊലീസിനെ വിളിക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം അവസാനിപ്പിക്കാത്തതിനെ തുടര്‍ന്ന് അധികൃതര്‍ പൊലീസിനെ വിളിക്കുകയായിരുന്നു.
ഇതിനുമുമ്പ് ഇസ്രഈല്‍ ടാങ്കറുകളാല്‍ കൊല്ലപ്പെട്ട ഫലസ്തീന്‍ ബാലികയായ റജബ് ഹിന്ദിന്റെ മരണത്തെ അപലപിച്ച്, യു.എസിലെ കൊളംബിയ സര്‍വകലാശാലയിലെ ഫലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിലെ ഹാമില്‍ട്ടണ്‍ ഹാള്‍ പിടിച്ചെടുത്ത് കെട്ടിടത്തിന്റെ പേര് ‘ഹിന്ദ് ഹാള്‍’ എന്നാക്കി മാറ്റിയിരുന്നു.
നിലവില്‍ ഗസയിലെ ഫലസ്തീനികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഇസ്രഈലിനെതിരെ ശബ്ദമുയര്‍ത്തുന്ന 2500ലധികം വരുന്ന വിദ്യാര്‍ത്ഥികളെയും പ്രൊഫസര്‍മാരെയും യു.എസ് പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
യു.എസിന് പിന്നാലെ പടിഞ്ഞാറന്‍ യൂറോപ്പിലേക്കും ഇസ്രഈല്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ വ്യാപിക്കുന്നതായി ഇപ്പോഴത്തെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഫ്രാന്‍സിലെ സയന്‍സ് പോ യൂണിവേഴ്‌സിറ്റില്‍ ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ വ്യാപകമായതോടെ വിദ്യാര്‍ത്ഥികളെ ക്യാമ്പസില്‍ നിന്ന് നീക്കം ചെയ്യാന്‍ അധികൃതര്‍ പൊലീസ് സഹായം ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജര്‍മനിയിലെ സര്‍വകലാശാലകളിലും സമാനമായി നടന്ന പ്രതിഷേധങ്ങളില്‍ ഫലസ്തീന്‍ അനുകൂലികളായ വിദ്യാര്‍ത്ഥികള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇസ്രഈല്‍ വിരുദ്ധ പ്രക്ഷോഭങ്ങളിലെ ബൈഡന്റെയും നെതന്യാഹുവിന്റേയും പ്രതികരണങ്ങളാണ് വിദ്യാര്‍ത്ഥികളെ കൂടുതല്‍ പ്രകോപിതരാക്കുന്നത്.
Content Highlight: Melbourne University’s Art Fest building renamed by pro-Palestinians