Sports News
നേടിയത് പൂജ്യം റണ്‍സ്, എന്നാലോ 81 റണ്‍സ് കൂട്ടുകെട്ട്!! മെല്‍ബണിന്റെ ചെമ്പടയെ കത്തിച്ച മാക്‌സ്‌വെല്‍ മാജിക്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 12, 01:20 pm
Sunday, 12th January 2025, 6:50 pm

ബിഗ് ബാഷ് ലീഗിലെ മെല്‍ബണ്‍ നാട്ടങ്കത്തില്‍ വെടിക്കെട്ടുമായി ഗ്ലെന്‍ മാക്‌സ്‌വെല്‍. മെല്‍ബണിലെ മാര്‍വെല്‍ സ്റ്റേഡിയത്തില്‍ നടന്ന മെല്‍ബണ്‍ സ്റ്റാര്‍സ് vs മെല്‍ണ്‍ റെനെഗെഡ്‌സ് മത്സരത്തിലാണ് സ്റ്റാര്‍സിനായി മാക്‌സ്‌വെല്‍ വെടിക്കെട്ട് നടത്തിയത്. അര്‍ധ സെഞ്ച്വറിയടിച്ച മാക്‌സിയുടെ ബലത്തില്‍ സ്റ്റാര്‍സ് 42 റണ്‍സിന്റെ മികച്ച വിജയം സ്വന്തമാക്കുകയും ചെയ്തു.

52 പന്ത് നേരിട്ട് 90 റണ്‍സ് നേടിയാണ് താരം പുറത്തായത്. ആകാശം തൊട്ട പത്ത് സിക്‌സറും നാല് ഫോറും അടക്കം 173.08 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്. ക്യാപ്റ്റന്‍ മാര്‍കസ് സ്റ്റോയ്‌നിസും സൂപ്പര്‍ താരങ്ങളായ ബെന്‍ ഡക്കറ്റും സാം ഹാര്‍പ്പറും അടക്കമുള്ളവര്‍ പരാജയപ്പെട്ട മത്സരത്തിലാണ് മാക്‌സ്‌വെല്‍ ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റിയത്.

2023 ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ പാറ്റ് കമ്മിന്‍സിനെ ഒരറ്റത്ത് നിര്‍ത്തി ചരിത്ര വിജയം സ്വന്തമാക്കിയതിന്റെ മറ്റൊരു പതിപ്പാണ് മാര്‍വെല്‍ സ്റ്റേഡിയത്തില്‍ ആരാധകര്‍ കണ്ടത്.

ഒരു വശത്ത് വിക്കറ്റുകള്‍ നഷ്ടപ്പെടുമ്പോഴും മറുവശത്ത് സ്‌ട്രൈക്ക് നിലനിര്‍ത്തിയും കൂടുതല്‍ പന്തുകള്‍ നേരിട്ടും മാക്‌സ്‌വെല്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.

55/5 എന്ന നിലയില്‍ നിന്നും ടീമിനെ 165 റണ്‍സിലെത്തിച്ചത് മാക്‌സ്‌വെല്ലിന്റെ ഒറ്റയാള്‍ പോരാട്ടമാണ്. മാക്‌സ്‌വെല്ലിന് ശേഷമിറങ്ങിയ ഒരാള്‍ പോലും പത്ത് പന്ത് പോലും നേരിടുകയോ പത്ത് റണ്‍സ് തികച്ച് നേടുകയോ ചെയ്തിട്ടില്ല എന്നറിയുമ്പോഴാണ് മാക്‌സി എത്രത്തോളം ചെറുത്തുനിന്നു എന്ന് വ്യക്തമാവുക.

എട്ടാം വിക്കറ്റിലാണ് സ്റ്റാര്‍സിന് തുണയായ കൂട്ടുകെട്ട് പിറന്നത്. ഒരു വശത്ത് മാക്‌സ്‌വെല്ലും മറുവശത്ത് പാകിസ്ഥാന്‍ ലെഗ് ബ്രേക്കര്‍ ഒസാമ മിറുമാണ് ഉണ്ടായിരുന്നത്.

ടീം സ്‌കോര്‍ 75ല്‍ നില്‍ക്കവെ ഒന്നുചേര്‍ന്ന ഈ കൂട്ടുകെട്ട് പിരിയുന്നത് 156ല്‍ നില്‍ക്കവെയാണ്. 81 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് എട്ടാം വിക്കറ്റില്‍ പിറന്നത്.

79 റണ്‍സാണ് മാക്‌സ്‌വെല്‍ ഈ കൂട്ടുകെട്ടിലേക്ക് ചേര്‍ത്തുവെച്ചത്. രണ്ട് റണ്‍സ് എക്‌സ്ട്രാ ഇനത്തില്‍ ലഭിച്ചപ്പോള്‍ പൂജ്യത്തിനാണ് മിര്‍ പുറത്തായത്.

എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേരിട്ടത് 45 പന്തുകളാണ്. ഇതില്‍ 40 പന്തും മാക്‌സ്‌വെല്‍ ഒറ്റയ്ക്ക് നേരിട്ടു. ഒസാമ മിര്‍ അഞ്ച് പന്ത് നേരിട്ടെങ്കിലും റണ്‍സൊന്നും നേടാന്‍ സാധിച്ചില്ല.

മാക്‌സ്‌വെല്ലിന്റെ കരുത്തില്‍ സ്റ്റാര്‍സ് നിശ്ചിത ഓവറില്‍ 165 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ റെനെഗെഡ്‌സിന് തുടക്കത്തിലേ കൈപൊള്ളി. ടോപ് ഓര്‍ഡറിലെ മൂന്ന് താരങ്ങളും ഒറ്റയക്കത്തിനാണ് പുറത്തായത്. ജേക് ഫ്രേസര്‍ മക്ഗൂര്‍ക് അടക്കമുള്ള വെടിക്കെട്ട് വീരന്‍മാര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ പോയി.

26 പന്തില്‍ 26 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ടിം സീഫെര്‍ട്ടാണ് റെനെഗെഡ്‌സിന്റെ ടോപ് സ്‌കോറര്‍. മക്ഗൂര്‍ക് 17 പന്തില്‍ 19 റണ്‍സിന് മടങ്ങിയപ്പോള്‍ 15 പന്തില്‍ 15 റണ്‍സാണ് ക്യാപ്റ്റന്‍ വില്‍ സതര്‍ലാന്‍ഡിന് നേടാന്‍ സാധിച്ചത്.

ഒടുവില്‍ 19.5 ഓവറില്‍ റെനെഗെഡ്‌സ് 123ന് പുറത്തായി. മാര്‍ക് സ്റ്റെക്റ്റീ ഫൈഫര്‍ നേടിയപ്പോള്‍ മൂന്ന് വിക്കറ്റുമായി ജോയല്‍ പാരിസും മികച്ച പിന്തുണ നല്‍കി. പീറ്റര്‍ സിഡിലും ബ്യൂ വെബ്സ്റ്ററുമാണ് ശേഷിച്ച വിക്കറ്റുകള്‍ നേടിയത്.

ഈ വിജയത്തിന് പിന്നാലെ സ്റ്റാര്‍സ് നാലാം സ്ഥാനത്തേക്ക് കയറി. ഒമ്പത് മത്സരത്തില്‍ നിന്നും നാല് ജയവുമായി എട്ട് പോയിന്റാണ് ടീമിനുള്ളത്.

ജനുവരി 19നാണ് ലീഗ് ഘട്ടത്തില്‍ സ്റ്റാര്‍സിന്റെ അവസാന മത്സരം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ഹൊബാര്‍ട്ട് ഹറികെയ്ന്‍സാണ് എതിരാളികള്‍.

 

Content Highlight: Melbourne Stars v Melbourne Renegades:  Glenn Maxwell’s explosive knock