ബിഗ് ബാഷ് ലീഗിന്റെ പുതിയ ചാമ്പ്യന്‍മാരായ ഹൊബാര്‍ട്ട് ഹറികെയ്ന്‍സ് കിരീടമണിഞ്ഞിരുന്നു. കലാശപ്പോരാട്ടത്തില്‍ സിഡ്‌നി തണ്ടറിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഹറികെയ്ന്‍സ് കിരീടം ചൂടിയത്. ബിഗ് ബാഷ് ലീഗ് ചരിത്രത്തില്‍ ഹറികെയ്ന്‍സിന്റെ ആദ്യ കിരീമാണിത്.
ഹറികെയ്ന്‍സും ബി.ബി.എല്‍ കിരീടം ശിരസിലണിഞ്ഞതോടെ ലീഗിന്റെ ചരിത്രത്തില്‍ ഒരിക്കല്‍പ്പോലും കിരീടം നേടാന്‍ സാധിക്കാത്ത ടീമായി ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ മെല്‍ബണ്‍ സ്റ്റാര്‍സ് മാറിയിരിക്കുകയാണ്.
ബി.ബി.എല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമായിരുന്നിട്ടും 14 സീസണുകള്‍ക്കിപ്പുറവും കിരീടമെന്നത് സ്റ്റാര്‍സിന് അന്യമായി തുടരുകയാണ്. നാട്ടുകാരായ മെല്‍ബണ്‍ റെനെഗെഡ്‌സ് നേരത്തെ തന്നെ കിരീടമണിഞ്ഞിരുന്നു.
ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിങ്‌സ്, ദല്‍ഹി ക്യാപ്പിറ്റല്‍സ് എന്നീ ടീമുകളുടെ അതേ അവസ്ഥയാണ് ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനുള്ളത്. ടൂര്‍ണമെന്റിലെ മിക്ക ടീമുകളും മള്‍ട്ടിപ്പിള്‍ ടൈംസ് ചാമ്പ്യന്‍മാരായിട്ടും ഒറ്റ തവണ പോലും കിരീടമണിയാന്‍ സാധിക്കാതെ പോയ ഹതഭാഗ്യരായി ഇവര്‍ മാറി.
ഈ ഐ.പി.എല്‍ ടീമുകളെ പോലെ പലപ്പോഴായി ഫൈനലില്‍ പ്രവേശിച്ചെങ്കിലും കിരീടം മാത്രം നേടാന്‍ സാധിച്ചില്ല.
(സീസണ്‍ – വിജയികള്‍ – റണ്ണേഴ്‌സ് അപ് എന്നീ ക്രമത്തില്‍)
2011-12 – സിഡ്‌നി സിക്‌സേഴ്‌സ് – പെര്‍ത്ത് സ്‌ക്രോച്ചേഴ്‌സ്
2012-13 – ബ്രിസ്‌ബെയ്ന്‍ ഹീറ്റ് – പെര്‍ത്ത് സ്‌ക്രോച്ചേഴ്‌സ്
2013-14 – പെര്‍ത്ത് സ്‌ക്രോച്ചേഴ്‌സ് – ഹൊബാര്‍ട്ട് ഹറികെയ്ന്‍സ്
2014-15 – പെര്‍ത്ത് സ്‌ക്രോച്ചേഴ്‌സ് – സിഡ്‌നി സിക്‌സേഴ്‌സ്
2015-16 – സിഡ്‌നി തണ്ടര്‍ – മെല്‍ബണ്‍ സ്റ്റാര്‍സ്
2016-17 – പെര്‍ത്ത് സ്‌ക്രോച്ചേഴ്‌സ് – സിഡ്‌നി സിക്‌സേഴ്‌സ്
2017-18 – അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് – ഹൊബാര്‍ട്ട് ഹറികെയ്ന്‍സ്
2018-19 – മെല്‍ബണ്‍ റെനെഗ്ഡ്‌സ് – മെല്‍ബണ്‍ സ്റ്റാര്‍സ്
2019-20 – സിഡ്‌നി സിക്‌സേഴ്‌സ് – മെല്‍ബണ്‍ സ്റ്റാര്‍സ്
2020-21 – സിഡ്‌നി സിക്‌സേഴ്‌സ് – പെര്‍ത്ത് സ്‌ക്രോച്ചേഴ്‌സ്
2021-22 – പെര്‍ത്ത് സ്‌ക്രോച്ചേഴ്‌സ് – സിഡ്‌നി സിക്‌സേഴ്‌സ്
2022-23 – പെര്‍ത്ത് സ്‌ക്രോച്ചേഴ്‌സ് – ബ്രിസ്‌ബെയ്ന്‍ ഹീറ്റ്
2023-24 – ബ്രിസ്‌ബെയ്ന്‍ ഹീറ്റ് – സിഡ്‌നി സിക്‌സേഴ്‌സ്
2024-25 – ഹൊബാര്‍ട്ട് ഹറികെയ്ന്‍സ് – സിഡ്‌നി തണ്ടര്‍
ഈ സീസണില്‍ സ്റ്റാര്‍സ് പ്ലേ ഓഫിന് യോഗ്യത നേടിയിരുന്നു. ആദ്യ ഘട്ടത്തില്‍ കളിച്ച പത്ത് മത്സരത്തില്‍ അഞ്ച് വീതം ജയവും പരാജയവുമായി പത്ത് പോയിന്റോടെ നാലാം സ്ഥാനക്കാരായാണ് സ്റ്റാര്‍സ് മുമ്പോട്ട് കുതിച്ചത്.
സീസണിലെ ആദ്യ അഞ്ച് മത്സരത്തില്‍ ഒറ്റ കളിയില്‍ പോലും വിജയിക്കാന്‍ സ്റ്റാര്‍സിന് സാധിച്ചില്ല. എല്ലാം അവസാനിച്ചെന്ന് ആരാധകര്‍ പോലും വിധിയെഴുതിപ്പോള്‍ തുടര്‍ന്ന് കളിച്ച അഞ്ച് മത്സരത്തിലും ഒന്നൊഴിയാതെ വിജയിച്ചാണ് സ്റ്റാര്‍സ് പ്ലേ ഓഫിന് യോഗ്യത നേടിയത്.
എന്നാല്‍ പ്ലേ ഓഫില്‍ സിഡ്‌നി തണ്ടറിന് മുമ്പില്‍ സ്റ്റാര്‍സിന് അടി തെറ്റി. സിഡ്‌നി ഷോഗ്രൗണ്ടില്‍ 21 റണ്‍സിന്റെ പരാജയം വഴങ്ങിയ സ്റ്റാര്‍സ് കിരീടമോഹം വീണ്ടും എട്ടായി മടക്കി കീശയിലിട്ട് തിരിച്ചുനടന്നു.
അടുത്ത സീസണിലെങ്കിലും തങ്ങളുടെ ടീം കിരീടമണിയുമെന്നാണ് സ്റ്റാര്‍സ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. ‘അടുത്ത സാലാ കപ്പ് നംദേ’യെന്ന് തന്നെയായിരിക്കണം ഓരോ മെല്‍ബണ്‍ സ്റ്റാര്‍സ് ആരാധകനും മനസില്‍ പറയുന്നത്.
Content Highlight: Melbourne Stars is the only team never won BBL Title