| Sunday, 19th April 2020, 4:36 pm

പിണറായി വിജയനും മോഹന്‍ലാലും സന്തോഷ് പണ്ഡിറ്റും ജി.എന്‍.പി.സി.യും; മെല്‍ബണ്‍ നഗരത്തില്‍ മലയാളിത്തിളക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മെല്‍ബണ്‍: ആസ്‌ത്രേലിയയിലെ മെല്‍ബണ്‍ നഗരത്തിലെ ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനിയായ ടെല്‍സ്ട്രയുടെ ഓഫീസിന് മുന്നിലുള്ള ഇലക്ട്രോണിക് ബോര്‍ഡില്‍ ഇപ്പോള്‍ മിന്നിത്തിളങ്ങുന്നത് മലയാളികളുടെ പേരുകളാണ്. അതില്‍ മോഹന്‍ലാലും സന്തോഷ് പണ്ഡിറ്റും ജി.എന്‍.പി.സി ഗ്രൂപ്പും സാധാരണക്കാരായ മനുഷ്യരുടെ പേരുകളും ഒക്കെയുണ്ട്.

ഞായറാഴ്ച കാലത്ത് മുതലാണ് മെല്‍ബണ്‍ നഗരത്തിലെ ബോര്‍ഡ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായത്. കൊവിഡിനെ പ്രതിരോധിക്കാന്‍ മുന്നില്‍ നിന്ന് നയിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനെ ആദരമര്‍പ്പിച്ച് മെല്‍ബണ്‍ നഗരത്തില്‍ ബോര്‍ഡ് സ്ഥാപിച്ചു എന്ന വിവരണത്തോടെ ദേശാഭിമാനി ദിനപത്രത്തില്‍ ‘താങ്ക്‌സ് പിണറായി’ എന്നെഴുതിയിരുക്കുന്ന ബോര്‍ഡ് പ്രസിദ്ധീകരിച്ചിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായതിനെ തുടര്‍ന്നാണ് ഇതാരംഭിച്ചത്.

ടെല്‍ട്ര തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയ സേവനത്തിന്റെ ഭാഗമായിരുന്നു പിണറായി വിജയന്റെ പേര് ബോര്‍ഡില്‍ തെളിഞ്ഞത്. കൊവിഡ് കാലത്ത് നമ്മളെ പല തരത്തില്‍ സഹായിച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്താന്‍ കഴിയുന്നതായിരുന്നു ടെല്‍സ്ട്രയുടെ പദ്ധതി. സഹായിച്ച വ്യക്തിയുടെ പേര് എസ്.എം.എസ് അയച്ചാല്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും അത് ഫോട്ടോയെടുത്ത് ടെല്‍ട്ര തിരിച്ചയക്കുകയും ചെയ്യും. അങ്ങനെയാരോ എസ്.എം.എസ് അയച്ചതിന്റെ ഭാഗമായിട്ടായിരുന്നു പിണറായി വിജയന്റെ പേരും ബോര്‍ഡില്‍ തെളിഞ്ഞത്.

ടെല്‍ട്രയുടെ ഈ പദ്ധതിയെ കുറിച്ച് അറിഞ്ഞ പല മലയാളികളും ഈ സംവിധാനം ഉപയോഗിക്കുകയായിരുന്നു. മോഹന്‍ലാലിനും സന്തോഷ് പണ്ഡിറ്റിനും ജി.എന്‍.പി.സിയ്ക്കും കെ.എം.സി.സിയ്ക്കുമൊക്കെ പലരും നന്ദി പറഞ്ഞു. അതൊക്കെ ആ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more