| Tuesday, 19th June 2018, 10:32 am

കുടിയേറ്റക്കാരുടെ കുട്ടികളെ കുടുംബത്തില്‍ നിന്നും വേര്‍പ്പെടുത്തല്‍: പ്രതിഷേധവുമായി മെലാനിയ ട്രംപും ലോറ ബുഷും

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: കുടിയേറ്റക്കാരുടെ കുട്ടികളെ കുടുംബത്തില്‍ നിന്ന് വേര്‍പ്പെടുത്തുന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയത്തിനെതിരെ വിമര്‍ശനവുമായി പ്രഥമവനിത മെലാനിയ ട്രംപും മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ ബുഷിന്റെ ഭാര്യ ലോറ ബുഷും രംഗത്ത്.

കുടുംബത്തില്‍ നിന്നും കുട്ടികളെ വേര്‍പ്പെടുത്തുന്നത് വെറുപ്പോടെയാണ് കാണുന്നതെന്ന് മെലാനി ട്രംപ് പ്രസ്താവനയിറക്കി. നിലവിലുള്ള അവസ്ഥ പരിഹരിക്കുന്നതിന് യോജിച്ച പരിഷ്‌ക്കരണവും നടപടിയും സ്വീകരിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.

യു.എസ് പ്രഥമവനിത സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ അപൂര്‍വമായി മാത്രമാണ് പ്രസ്താവനയിറക്കാറുള്ളത്.

വാഷിംഗ്ടണ്‍ പോസ്റ്റ് പത്രത്തില്‍ എഴുതിയ കുറിപ്പിലാണ് ലോറ ബുഷ് നിലപാട് വ്യക്തമാക്കിയത്. രാജ്യത്തെ കുടിയേറ്റക്കാരുടെ കുട്ടികളെ മാതാപിതാക്കളില്‍ നിന്നും വേര്‍പ്പെടുത്തുന്ന രീതി ക്രൂരവും അധാര്‍മികവും ആണെന്ന് അവര്‍ കുറിപ്പില്‍ പറയുന്നു.


Also Read  രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം; ഇന്ത്യയുടെ വലിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹത്തിനേ കഴിയൂ: അദ്വാനിയുടെ അനുയായി


നമ്മുടെ സര്‍ക്കാര്‍ കുട്ടികളെ ഒറ്റപ്പെടുത്തുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇത് രണ്ടാം ലോക യുദ്ധകാലത്ത് ജാപ്പനീസ് അമേരിക്കന്‍ ക്യാമ്പുകളെ ഓര്‍മിപ്പിക്കുന്നതാണ്. യു.എസ് ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ സാഹചര്യത്തിലൂടെയാണ് നം കടന്നുപോകുന്നത്- ലോറ കുറിച്ചു.

അതേസമയം, കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പ്പെടുത്തുന്ന യു.എസ് സര്‍ക്കാരിന്റെ നടപടി ഉടന്‍ നിര്‍ത്തിവെക്കണമെന്ന് യു.എന്‍ മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു.

കുട്ടികളെ കുടുംബത്തില്‍ നിന്നും വേര്‍പ്പെടുത്തുന്നത് മനസ്സാക്ഷിക്ക് യോജിക്കാനാകാത്ത നടപടിയാണെന്ന് മനുഷ്യാവകാശ കൗണ്‍സില്‍ അധ്യക്ഷന്‍ സൈദ് റഅദ് അല്‍ ഹുസൈന്‍ പറഞ്ഞു.

കഴിഞ്ഞ ആറാഴ്ചകളില്‍ യു.എസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ നിന്നും 2000 കുട്ടികളെ കുടുംബത്തില്‍ നിന്നും വേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട് വന്നിരുന്നു.

We use cookies to give you the best possible experience. Learn more