മേളത്തിന്റെ റൈറ്റ് സോണി ഗ്രൂപ്പിന്  വിറ്റ സംഭവം; രേഖകള്‍ ലഭിച്ചാല്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പാറമേക്കാവ്  ദേവസ്വം
Kerala News
മേളത്തിന്റെ റൈറ്റ് സോണി ഗ്രൂപ്പിന്  വിറ്റ സംഭവം; രേഖകള്‍ ലഭിച്ചാല്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പാറമേക്കാവ്  ദേവസ്വം
അശ്വിന്‍ രാജ്
Thursday, 16th May 2019, 12:40 pm

തൃശ്ശൂര്‍: കേരളത്തിന്റെ പാരമ്പര്യ വാദ്യകലകളായ ഇലഞ്ഞിത്തറ മേളം, പഞ്ചാരി മേളം, പഞ്ചവാദ്യം എന്നിവയുടെ കോപ്പി റൈറ്റ്  സോണി ഗ്രൂപ്പിന്  ലഭിച്ച സംഭവത്തില്‍ ആവശ്യമായ രേഖകള്‍ ലഭിച്ചാല്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പാറമേക്കാവ് ദേവസ്വം.

സംഭവത്തില്‍ വ്യക്തത അവശ്യമാണെന്നും പാറമേക്കാവ്  ദേവസ്വം സെക്രട്ടറി രാജേഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. രണ്ട് വര്‍ഷം മുമ്പാണ് സിനിമക്കായി പൂരം റസൂല്‍ പൂക്കുട്ടി റെക്കോര്‍ഡ് ചെയ്തത്. ലോകം മുഴുവന്‍ പൂരത്തിന്റെ മഹത്വം എത്തുമെന്നാണ് അന്ന് കരുതിയത്. എന്നാല്‍ ഇപ്പോള്‍ സോണി ഗ്രൂപ്പിന് ഈ മേളത്തിന്റെ റൈറ്റ് നല്‍കി എന്നത് ഗൗരവമുള്ള വിഷയമാണെന്നും രാജേഷ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

വിഷയത്തില്‍ ഡൂള്‍ന്യൂസിന്റെ വാര്‍ത്ത കണ്ടതിനെ തുടര്‍ന്ന് റസൂല്‍ പൂക്കുട്ടിയുടെ അനുയായി വിളിച്ചിരുന്നെന്നും എന്നാല്‍ വിഷയത്തില്‍ ബന്ധമില്ലന്നാണ് പ്രതികരിച്ചതെന്നും രാജേഷ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുണ്ടായവര്‍ കൃത്യവിവരങ്ങള്‍ നല്‍കുകയാണെങ്കില്‍ നിയമനടപടികളുമായി എന്തായാലും മുന്നോട്ട് പോകുമെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

റസൂല്‍ പൂക്കുട്ടി നായകനായ ചിത്രത്തിന് വേണ്ടി ഇലഞ്ഞിത്തറ മേളം, പഞ്ചാരി മേളം, പഞ്ചവാദ്യം എന്നിവ നേരത്തെ റെക്കോര്‍ഡ് ചെയ്തിരുന്നു. ഈ മേളങ്ങള്‍ ചിത്രത്തിന്റെ മറ്റ് ഗാനങ്ങളുടെ കൂടെ ഓഡിയോ ആയി സോണി ഗ്രൂപ്പിന് റൈറ്റ് ചിത്രത്തിന്റെ ചിത്രത്തിന്റെ നിര്‍മ്മാതാവ് പ്രശാന്ത് പ്രഭാകറും പാംസ്റ്റോണ്‍ മീഡിയയും വില്‍ക്കുകയായിരുന്നെന്നാണ് ആരോപണം.

ഇതോടെ ഫേസ്ബുക്ക്, യൂട്യൂബ് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമില്‍ മേളങ്ങളുടെ വീഡിയോ പങ്കുവെയ്ക്കാന്‍ സാധിക്കാതെയായി. മേളങ്ങള്‍ പോസ്റ്റ് ചെയ്താല്‍ കോപ്പി റൈറ്റ് വയലേഷന്‍ എന്നുകാണിച്ച് സോണി ഗ്രൂപ്പില്‍ നിന്ന് മുന്നറിയിപ്പ് വന്നതോടെയാണ് ഈക്കാര്യം ആളുകള്‍ ശ്രദ്ധിച്ച് തുടങ്ങുന്നത്.

ഇതോടെ പൂരങ്ങളും മേളങ്ങളും വീഡിയോ ആയി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന പേജുകള്‍ക്കും പ്രൊഫൈലുകള്‍ക്കും പണികിട്ടിക്കൊണ്ടിരിക്കുകയാണ്. തൃശ്ശൂര്‍ പൂരത്തിന്റെ മേളങ്ങളുടെ വീഡിയോയ്ക്ക് മാത്രമല്ല. മറ്റ് സ്ഥലങ്ങളിലെ മേളങ്ങള്‍ക്കും സമാനമായ അനുഭവം ഉണ്ടാകുന്നുണ്ടെന്ന് തൃശ്ശൂരിലെ എ.ആര്‍.എന്‍ മീഡിയ ഉടമസ്ഥനായ വിനു മോഹന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

 

 

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.