| Wednesday, 28th August 2019, 12:27 pm

ഉരുള്‍പൊട്ടല്‍, പ്രളയം, മേല്‍മണ്ണ്: കുത്തിയൊലിച്ചു പോകുന്ന കേരളം

കെ. സഹദേവന്‍

കനത്ത ഒര മഴ പെയ്താല്‍ സംസ്ഥാനത്തെ പല മേഖലകളും ഉരുള്‍പൊട്ടല്‍ ഭീഷണിയിലാവുമെന്നതിനാല്‍ വളരെ പ്രധാന്യത്തോടെ ചെയ്യേണ്ട കാര്യമാണ് മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നത്. സംസ്ഥാനത്തെ മണ്ണിന്റെ ജൈവാംശമടക്കം കുറഞ്ഞു വരുന്ന അവസ്ഥയാണുള്ളത്. മണ്ണിലെ ജൈവാംശത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുമ്പോള്‍ മാത്രമേ ജലം സംഭരിച്ചുവെക്കാനുള്ള ശേഷി അത് കൈവരിക്കുകയുള്ളൂ.

ഉരുള്‍പൊട്ടലിനും മണ്ണൊലിപ്പിനും കാരണമാകുന്ന മനുഷ്യ ഇടപെടലുകളെക്കുറിച്ചും വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചും ചിന്തിക്കാന്‍ ഇനിയെങ്കിലും നാം തയ്യാറാകേണ്ടതുണ്ട്. ഒട്ടും വൈകിക്കാതെ ഈ വിഷയത്തിലെല്ലാം അടിയന്തര ശ്രദ്ധ പതിപ്പിക്കേണ്ടത് അത്യന്താപേക്ഷികമാണ്. ഇതിനായി സര്‍ക്കാരും പൊതുസമൂഹവും ഒന്നിച്ച് നിന്നുകൊണ്ട് പരിഹാര നടപടികള്‍ സ്വീകരിക്കണം.

ഈയൊരു വിഷയത്തില്‍ എഴുത്തുകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ കെ. സഹദേവന്‍ തയ്യാറാക്കിയ കൈപ്പുസ്തകം ‘മേല്‍മണ്ണ് ഒലിച്ചു പോയ കേരളം’ ഉരുള്‍പൊട്ടലിനെ കുറിച്ചും സാധ്യമായ പ്രതിവിധികള്‍ സംബന്ധിച്ചുള്ള നിര്‍ദേശങ്ങളും മുന്നോട്ടു വെക്കുന്നു. പുസ്തകത്തിലെ ഉരുള്‍പൊട്ടലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം ചുവടെ ചേര്‍ക്കുന്നു.

ഉരുള്‍പൊട്ടല്‍ (Landslide)

മണ്ണും പാറകളും ചേര്‍ന്ന മിശ്രിതം ജലപൂരിതാവസ്ഥയില്‍ കുന്നിന്‍ചെരിവുകളില്‍ നിന്നും ദ്രുതവേഗത്തില്‍ അതിശക്തമായി താഴേക്ക് പതിക്കുന്നതാണ് ഉരുള്‍പൊട്ടല്‍. അടര്‍ന്ന് തെന്നിനില്‍ക്കുന്ന ദ്രവിച്ച പാറകളും ജലസാന്ദ്രീകൃതമായ മേല്‍മണ്ണും ദൃഢമായ പാറപ്രതലത്തില്‍ നിന്നും തെന്നിമാറി അതിവേഗത്തില്‍ താഴ്ചകളിലേക്ക് പതിക്കുന്നു.

ചെങ്കുത്തായ പ്രതലത്തിന്റെ അവസ്ഥയ്ക്കനുസരിച്ച് ജലവും പാറകളും സൃഷ്ടിക്കുന്ന ആഘാതത്തില്‍ അവയുടെ സഞ്ചാരപഥത്തില്‍ എത്തുന്ന എന്തിനെയും കുത്തിയൊലിപ്പിച്ച് കൂടെ കൊണ്ടുപോകാനുള്ള ശേഷി ആര്‍ജ്ജിക്കുന്നു. മേല്‍മണ്ണും അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന ജൈവവ്യവസ്ഥകളെയും വാസസ്ഥലങ്ങളെയും അത് സമ്പൂര്‍ണ്ണമായി പിഴുതുകളയുന്നു. കേരളത്തിന്റെ പശ്ചിമഘട്ടത്തില്‍ ഈയൊരു പ്രതിഭാസം വളരെ ശക്തമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് നിരവധി പഠനങ്ങള്‍ മുന്നെതന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2018 മണ്‍സൂണ്‍ കാലയളവില്‍, ജൂണ്‍-ജൂലൈ-ആഗസ്ത് മാസങ്ങളില്‍, കണ്ണൂര്‍ തൊട്ട് പത്തനംതിട്ട വരെയുള്ള പത്ത് ജില്ലകളില്‍ ഏതാണ്ട് 260ല്‍പരം സ്ഥലങ്ങളിലായി ആയിരത്തോളം ഉരുള്‍പൊട്ടലുകള്‍ സംഭവിക്കുകയുണ്ടായി. അതിതീവ്ര, തീവ്ര സ്വഭാവമുള്ള ഉരുള്‍പൊട്ടലുകളുടെ എണ്ണമാണ് മുകളില്‍ സൂചിപ്പിച്ചിരിക്കുന്നത്. നൂറുകണക്കിന് പേരുടെ ജീവനാശത്തിനും ഏക്കര്‍ കണക്കിന് കൃഷിഭൂമി അപ്രത്യക്ഷമാകുന്നതിനും നിരവധി വീടുകളുടെ തകര്‍ച്ചയ്ക്കും കാരണമായവയാണ് ഇവയില്‍ പലതും.

വനമേഖലയില്‍ സംഭവിച്ച ഉരുള്‍പൊട്ടലുകളുടെ യഥാര്‍ത്ഥ സ്വഭാവവും കണക്കെടുപ്പും ഇനിയും നടക്കേണ്ടതുണ്ട്. ഇടുക്കി (218), പത്തനംതിട്ട (175), കോഴിക്കോട്(200), വയനാട് (250)ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടല്‍ സംഭവിച്ചിരിക്കുന്നത്. പ്രാഥമിക അന്വേഷണങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചത്, ഇവയില്‍ 100ഓളം ഉരുള്‍പൊട്ടല്‍ തീവ്രത കൂടിയ (extremely vulnerable) വിഭാഗത്തില്‍ പെടുന്നവയാണ് എന്നാണ്. മണ്ണിടിച്ചില്‍ (Landslip), മണ്ണമരല്‍ (Land Subsidence) എന്നിവ കൂടാതെയുള്ള കണക്കുകളാണിവ.

കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ മേഖല, വയനാട് ജില്ലയിലെ ആഢ്യന്‍പാറ, കുറിച്യാര്‍ കുന്ന്, അമ്പലവയല്‍, മക്കിമല, മട്ടിക്കുന്ന്, കോഴിക്കോട് ജില്ലയിലെ കണ്ണപ്പന്‍കുണ്ട്, പുല്ലൂരാന്‍പാറ, കരിഞ്ചോല, കക്കാടംപൊയില്‍, മലപ്പുറം ജില്ലയിലെ അകമ്പാടം, മണലിയാംപാടം, ചെട്ടിയാംപാറ, കേരളാംകുണ്ട്, കരുവാരക്കുണ്ട്, ചേനപ്പാടി 2005 റീപ്ലാന്റേഷന്‍ ഏരിയ, പാലക്കാട് ജില്ലയിലെ അലുവാശ്ശേരി(മണ്ണാര്‍ക്കാട്), ആനമൂളി (മണ്ണാര്‍ക്കാട്), കരടിയോട് (തിരുവിഴാംകുന്ന്), തൃശൂര്‍ ജില്ലയില്‍ കുറാഞ്ചേരി, വെട്ടിക്കുഴി (അതിരപ്പള്ളി), കോട്ടയം ജില്ലയില്‍ തീക്കോയി, ഇളംകാട് വല്യന്ത, ഞര്‍ക്കാട്, കട്ടുപ്പാറ (മംഗളഗിരി-കട്ടുപ്പാറ), പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, കുട്ടിക്കല്‍, ഇടുക്കി ജില്ലയിലെ ചെറുതോണി, നെടുങ്കണ്ടം, സീതത്തോട്, അടിമാലി, കമ്പിളിക്കണ്ടം, വാഴത്തോപ്പ്, വെള്ളത്തൂവല്‍, രാജാക്കാട്, കുഞ്ചിത്തണ്ണി, തൊമ്മന്‍കുത്ത് (തൊടുപുഴ), കീരിത്തോട് എന്നിവിടങ്ങളിലും അതിശക്തവും തുടര്‍ച്ചയായതുമായ ഉരുള്‍പൊട്ടലുകള്‍ സംഭവിക്കുകയുണ്ടായി.

മഴക്കാലത്തിന്റെ ആരംഭകാലത്ത് തന്നെ ഉരുള്‍പൊട്ടുണ്ടായ പല പ്രദേശങ്ങളും അതിവൃഷ്ടി നടന്ന ആഗസ്ത് മാസങ്ങളിലും തുടര്‍ച്ചയായ ഉരുള്‍പൊട്ടലുകള്‍ക്ക് സാക്ഷ്യംവഹിക്കേണ്ടി വന്നു.

ഉരുള്‍പൊട്ടല്‍ നടന്ന പ്രദേശങ്ങളിലെ ആള്‍നാശം, വീടുകളുടെ തകര്‍ച്ച, കാര്‍ഷിക നഷ്ടം എന്നിവ സംബന്ധിച്ച കണക്കെടുപ്പുകള്‍ എളുപ്പത്തില്‍ സാധിക്കുമെങ്കിലും ആ പ്രദേശങ്ങളിലെ ജൈവവ്യവസ്ഥയ്ക്കും പരിസ്ഥിതി സംതുലനത്തിനും അവ സൃഷ്ടിക്കാവുന്ന പ്രത്യാഘാതങ്ങളെ സംബന്ധിച്ച വിവരശേഖരണം എത്രകണ്ട് നടക്കും എന്ന് കണ്ടറിയേണ്ടതുണ്ട്.

കേരളത്തിന്റെ കിഴക്കന്‍ മേഖലകളെ കോട്ടപോലെ സംരക്ഷിച്ചുനിര്‍ത്തുന്ന പശ്ചിമഘട്ടം രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശമായിട്ടാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.

പാറയിടിച്ചില്‍(Rock falls), പാറ തെന്നല്‍ (Rock slips), ഉരുള്‍പൊട്ടല്‍ (Landslides, debris flows), മണ്ണിടിച്ചില്‍ (Landslips), മണ്ണമരല്‍ (Land subsidence) തുടങ്ങിയ പ്രതിഭാസങ്ങളാണ് ഈ മേഖലയില്‍ സാധാരണയായി കണ്ടുവരുന്നത്. പടിഞ്ഞാറന്‍ താഴ്വര കുന്നുകളടക്കം (foot hills) കേരളത്തിന്റെ ഭൂവിസ്തൃതിയില്‍ ഏതാണ്ട് നാല്പത് ശതമാനത്തോളം (15545 ചതുരശ്ര കിലോമീറ്റര്‍) വരും പശ്ചിമഘട്ട മേഖല.

25 ഡിഗ്രിയിലും കൂടുതല്‍ ചെരിവുള്ള ഈ മലമ്പ്രദേശങ്ങളില്‍ ഏതാണ്ട് 1700-1900 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം തീവ്ര ഉരുള്‍പൊട്ടല്‍ ഭീഷണിയുടെ നിഴലില്‍ കഴിയുന്നവയും 3750 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം തീവ്രത കുറഞ്ഞ മേഖലകളുമാണെന്ന് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ പത്തനംതിട്ട (170 ച.കി.മീ), ഇടുക്കി (388ച.കി.മീ), പാലക്കാട് (324 ച.കി.മീ), മലപ്പുറം (198ച.കി.മീ), കണ്ണൂര്‍ (168ച.കി.മീ), വയനാട് (102ച.കി.മീ) എന്നിവ തീവ്ര ഉരുള്‍പൊട്ടല്‍ സ്വഭാവമുള്ള മേഖലകളായും തിരിച്ചിട്ടുണ്ട് (KSDMA, 2010).

കേരളത്തില്‍ പശ്ചിമഘട്ട മലനിരകളിലെ ഉരുള്‍പൊട്ടല്‍ സംബന്ധിച്ച കാലനിര്‍ണ്ണയ പഠനം സൂചിപ്പിക്കുന്നത്, ഈ മേഖലയിലെ ഉരുള്‍പൊട്ടല്‍ തുടര്‍ച്ചയായ സംഭവങ്ങളായി മാറുന്നത് 90കളോടെയാണെന്നാണ് (Kuriakose, 2010). 1961 മുതല്‍ 2009 വരെ നടന്ന ഉരുള്‍പൊട്ടലുകളെ സംബന്ധിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. 90കള്‍ക്ക് ശേഷമുള്ള ഉരുള്‍പൊട്ടലുകളുടെ തുടര്‍ച്ച ശക്തിപ്പെടുന്നതും അവയുടെ വിനാശസ്വഭാവം വര്‍ദ്ധിക്കുന്നതായും കാണാന്‍ സാധിക്കും.

2017, 2018, 2019 കാലയളവില്‍ നടന്ന ഉരുള്‍പൊട്ടലുകളിലും സമാന സ്ഥിതിവിശേഷം കാണാവുന്നതാണ്. ഉരുള്‍പൊട്ടല്‍ മറ്റ് പ്രകൃതി ദുരന്തങ്ങളെപ്പോലെ പ്രവചിക്കാന്‍ സാധ്യമല്ലെങ്കിലും ഇതുസംബന്ധിച്ച അപകട മേഖലാ ഭൂപടം (Hazards Zonation Map) തയ്യാറാക്കിയത് ഭൂവിനിയോഗ രംഗത്ത് ഉപയോഗപ്പെടുത്തിക്കൊണ്ട് ഉരുള്‍പൊട്ടലുകള്‍ സംഭവിക്കുന്നത് ഒരുപരിധിവരെ കുറയ്ക്കാന്‍ സാധിക്കുന്നതാണ്.

ഉരുള്‍പൊട്ടലിന്റെ കാരണങ്ങള്‍

ഉരുള്‍പൊട്ടലിനുള്ള കാരണം അതിവൃഷ്ടിയാണെന്നത് പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്. അതേസമയം മനുഷ്യ ഇടപെടല്‍ അവയുടെ തോത് വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അശാസ്ത്രീയമായ ഭൂവിനിയോഗം, ജലനിര്‍ഗ്ഗമന മാര്‍ഗ്ഗങ്ങള്‍ തടസ്സപ്പെടുത്തല്‍, 20 ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ള മലമേഖലകളില്‍ മഴവെള്ള സംഭരണി നിര്‍മ്മിക്കല്‍, കെട്ടിടനിര്‍മ്മാണം തുടങ്ങിയ മനുഷ്യ ഇടപെടല്‍ കൂടുന്നതോടുകൂടി ഉരുള്‍പൊട്ടലുകളുടെ എണ്ണത്തിലും തീവ്രതയിലും വര്‍ദ്ധനവ് സംഭവിക്കുന്നു. അതിവൃഷ്ടി നിയന്ത്രിക്കുക എന്നത് മനുഷ്യന് സാധിക്കാത്ത കാര്യമാണെങ്കിലും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ മനുഷ്യ ഇടപെടല്‍ പരമാവധി കുറയ്ക്കുക എന്നത് സംഭാവ്യമായ സംഗതിയാണ്.

കേരളത്തില്‍ അടുത്തകാലത്തായി സംഭവിച്ച ഉരുള്‍പൊട്ടലുകളില്‍ ചെറുതല്ലാത്ത സംഖ്യ വനമേഖലയില്‍ നടന്നതായിരുന്നു. ഇത് ചൂണ്ടിക്കാട്ടി മനുഷ്യ ഇടപെടലുമായി ഉരുള്‍പൊട്ടലിന് ബന്ധമില്ലെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രത ചില കോണുകളില്‍ നിന്നെങ്കിലും ഉയരുകയുണ്ടായി.

മണ്ണിലെ ജലസാന്ദ്രീകരണം വളരെ വേഗത്തില്‍ സംഭവിക്കുന്നതിന്റെ പ്രധാന കാരണം ജലാംശം സംഭരിക്കാനുള്ള മണ്ണിന്റെ ശേഷി കുറയുന്നതാണ് എന്ന വസ്തുത ഇവിടെ മനസിലാക്കേണ്ടതുണ്ട്. ജലം കിനിഞ്ഞിറങ്ങാനുള്ള മണ്ണിന്റെ ശേഷിയും (Soil permeability) മണ്ണിന്റെ സ്ഥിരതയും തമ്മിലുള്ള ബന്ധം സുവ്യക്തമാണ് (Vergani & Graf, 2015). അതുപോലെ തന്നെ മണ്ണിന്റെ ജലവാഹകത്വശേഷിയും(Hydraulic Conductivity) ഉരുള്‍പൊട്ടല്‍ സംവേദകത്വവും (Landslide Susceptibility) തമ്മിലുള്ള ബന്ധവും സുപ്രധാനമാണ്.

മണ്ണിലെ ജൈവാംശത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചും ചപ്പുചവറുകള്‍ കൊണ്ടുള്ള പുതപ്പുകളുടെ കനം വര്‍ദ്ധിപ്പിച്ചും മാത്രമേ ഈയൊരു പ്രശ്നം പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ.

മണ്ണില്‍ ഉണ്ടായിരിക്കേണ്ട ജൈവാംശത്തിന്റെ (Organic matter) അഭിലഷണീയ അളവ് 6-8 കിലോഗ്രാം പ്രതി ടണ്‍ ആണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ കേരളത്തിലെ പശ്ചിമഘട്ട മലനിരകളിലെ മണ്ണിലെ ജൈവാംശത്തിന്റെ അളവ് 800-900 ഗ്രാം പ്രതി ടണ്‍ എന്ന നിലയിലേക്ക് ചുരുങ്ങിയിരിക്കുന്നതായും വിദഗ്ദ്ധന്മാര്‍ ചൂണ്ടിക്കാട്ടുന്നു. വനമേഖലയിലെ മനുഷ്യ ഇടപെടല്‍ വര്‍ദ്ധിക്കുന്നതിന്റെയും അടിക്കാടുകളുടെയും വനത്തിന്റെ തന്നെയും നാശവും ഇതിന് പ്രധാനകാരണമായി ചൂണ്ടിക്കാട്ടാവുന്നതാണ്. അതുകൊണ്ടുതന്നെ വനമേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന ഉരുള്‍പൊട്ടലിന്റെ കാരണം മനുഷ്യ ഇടപെടല്‍ മൂലമുണ്ടായ വനനാശം തന്നെയാണെന്ന് കണ്ടെത്താന്‍ വലിയ വിഷമമില്ല.

ഉരുള്‍പൊട്ടലിനുള്ള മറ്റൊരു സുപ്രധാന ഘടകം സ്വാഭാവിക ജലനിര്‍ഗ്ഗമന മാര്‍ഗ്ഗങ്ങളുടെ നാശമാണ്. മലമ്പ്രദേശങ്ങളിലെ തോട്ടംമേഖലകളിലും മറ്റും അശാസ്ത്രീയമായി കോണ്ടൂര്‍ ബണ്ടുകള്‍ നിര്‍മ്മിക്കുന്നത് സ്വാഭാവിക നീരൊഴുക്കിന് തടസ്സം സൃഷ്ടിക്കുന്നതായി കാണാം. കാര്‍ഷിക മേഖലയില്‍ നടക്കുന്ന ഉരുള്‍പൊട്ടലുകളുടെ പിന്നിലെ ഒരു പ്രധാന കാരണം ഇത്തരം ബണ്ടുകളാണ്.

36 പേരുടെ മരണത്തിനിടയാക്കിയ, കേരളത്തില്‍ നാളിതുവരെ സംഭവിച്ചതില്‍ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കുന്ന, അമ്പൂരി ഉരുള്‍പൊട്ടല്‍ (തിരുവനന്തപുരംജില്ല) നടന്നത് ഒരു റബ്ബര്‍ എസ്റ്റേറ്റിലാണ്. ഇവിടെ നിര്‍മ്മിച്ച ബണ്ടുകളാണ് ഈ ഉരുള്‍പൊട്ടലിന് കാരണമായിത്തീര്‍ന്നതെന്ന് കണ്ടെത്തിയിരുന്നു. ഈ രീതിയില്‍ ഓരോ ഉരുള്‍പൊട്ടലുകളെയും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ നീര്‍ച്ചാലുകളുടെ നാശം പ്രധാന കാരണമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും.

അതുപോലെത്തന്നെ സ്ഥിരതയില്ലാത്ത പാറകളില്‍ നിര്‍മ്മിക്കുന്ന തടയണകളും മറ്റ് ജലസംഭണികളും ഇതേരീതിയില്‍ ഉരുള്‍ പൊട്ടലിന് കാരണമായി മാറുന്നു. ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലെ കട്ടിപ്പാറയില്‍ നടന്ന ഉരുള്‍പൊട്ടലിന് കാരണമായത് മലമുകളില്‍ നിയമവിരുദ്ധമായി നിര്‍മ്മിച്ച തടയണയായിരുന്നുവെന്നും കണ്ടെത്തുകയുണ്ടായി.

ക്വാറികളും ഉരുള്‍പൊട്ടലും

കേരളത്തിലെമ്പാടുമായി 5924 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. ഇവയില്‍ 2557 ക്വാറികള്‍ ജലനിര്‍ഗമന പ്രദേശങ്ങളില്‍ നിന്ന് കേവലം 100 മീറ്റര്‍ മാത്രം അകലത്തിലുള്ളതാണെന്നും 1457 ക്വാറികള്‍ വനമേഖലയില്‍ നിന്ന് 1 കിലോമീറ്റര്‍ ദൂരത്തിലുള്ളതാണെന്നും 1486 എണ്ണം പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നവയാണെന്നും കണ്ടെത്തിയിട്ടുണ്ട് (T.V. Sajeev & C.J.Alex, 2017).

കേരളത്തിലെ ക്വാറികളില്‍ 96%വും ജലനിര്‍ഗ്ഗമന പ്രദേശങ്ങളുടെ സംരക്ഷിത ദൂരത്തിന്റെ (Buffer distance) 500 മീറ്റര്‍ പരിധിക്കുള്ളില്‍ പെടുന്നതാണെന്നും ഇതേ പഠനം സൂചിപ്പിക്കുന്നുണ്ട്. ക്വാറികളും ഉരുള്‍പൊട്ടലുകളും തമ്മിലുള്ള ബന്ധം എത്രമാത്രം ശക്തമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഉരുള്‍പൊട്ടലിന് ശേഷമുള്ള മണ്ണൊലിപ്പിന് ഉത്തേജകശക്തിയായി (triggering factor) ഖനനപ്രവര്‍ത്തനങ്ങള്‍ ഇടയാക്കുന്നുണ്ടെന്നതിനുള്ള തെളിവുകള്‍ ലഭ്യമാണ്.

ക്വാറികള്‍ സൃഷ്ടിക്കുന്ന സ്ഥാനീയ കമ്പനങ്ങള്‍ (localised vibrations) മലഞ്ചെരിവുകളുടെ ദൃഢതയെ (Slope Stability) പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നതായി ചൂണ്ടിക്കാട്ടുന്നുണ്ട് (K.S.Sajinkumar, et al 2014). ഉരുള്‍പൊട്ടല്‍ സാധ്യതാ മാപ്പില്‍ ‘ഉയര്‍ന്ന അപകടം’ (high hazards) അടയാളപ്പെടുത്തിയ ഇടങ്ങളില്‍ ക്വാറി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്, ദ്രവിച്ച പാറകള്‍ക്കിടയിലെ വിള്ളലുകള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുകയും മേല്‍മണ്ണും ഉരുളന്‍പാറകളും ചേര്‍ന്ന ഉപരിതലവും താഴെയുള്ള കരിങ്കല്‍പ്പാറകളുമായി ചേരുന്ന ദുര്‍ബല പ്രതലങ്ങളില്‍ അമിതമായി ജലം ശേഖരിക്കപ്പെടുകയും താഴോട്ട് കിനിഞ്ഞിറങ്ങാതെ അതിശക്തമായി കുത്തിയൊലിച്ച് പുറത്തേക്ക് നിര്‍ഗ്ഗമിക്കുകയും ചെയ്യും.

2019 ആഗസ്റ്റ് ആദ്യവാരത്തില്‍ മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ സംഭവിച്ച ഉരുള്‍പൊട്ടലിന് സമാനമായ മണ്ണിടിച്ചിലിന് പ്രദേശത്തെ ക്വാറികളുമായുള്ള ബന്ധത്തെക്കുറിച്ച് ഗൗരവമായ പഠനം നടക്കേണ്ടതുണ്ട്. കാരണം, കവളപ്പാറയ്ക്ക് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ 27ഓളം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ സോണ്‍ -1ല്‍ ഉള്‍പ്പെടുത്തിയ പ്രദേശമാണിതെന്ന് കൂടി ഓര്‍മ്മിക്കുക.

ഖനനപ്രവര്‍ത്തനങ്ങള്‍ മലഞ്ചെരിവുകളുടെ ദൃഢതയെ പ്രതികൂലമായി ബാധിക്കുന്നതെങ്ങനെയെന്നും അവ സ്ഥാനീയ കമ്പനങ്ങള്‍ക്ക് കാരണമാകുന്നതെങ്ങിനെയെന്നും സംബന്ധിച്ച് വയനാട്ടിലെ ബാണാസുരമലയിലെ നരിപ്പാറയില്‍ കെ.സജിന്‍കുമാറും സംഘവും നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

2007ല്‍ നരിപ്പാറയില്‍ നടന്ന 10ഓളം തുടര്‍ച്ചയായ ഉരുള്‍പൊട്ടലുകള്‍ക്ക് അവിടുള്ള ക്വാറികളും ഹിമഗിരി എസ്റ്റേറ്റിലെ സ്റ്റോണ്‍ ക്രഷറുകളും കാരണമായിട്ടുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. അതിവൃഷ്ടി, ഖനനപ്രവര്‍ത്തനങ്ങള്‍ അശാസ്ത്രീയമായ മഴക്കുഴി നിര്‍മ്മാണം തുടങ്ങിയ മനുഷ്യ ഇടപെടല്‍ ഭൂവിനിയോഗത്തില്‍ വരുത്തിയ മാറ്റങ്ങള്‍ മലഞ്ചെരിവുകളെ ദുര്‍ബലപ്പെടുത്തുന്നതായും അതുവഴി ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ദ്ധിക്കുന്നുവെന്നും ഉള്ള നിഗമനങ്ങളാണ് പഠനം മുന്നോട്ട് വെക്കുന്നത്.

കേരളത്തില്‍ ക്വാറി പ്രവര്‍ത്തനങ്ങള്‍ ശക്തമായി ആരംഭിച്ച 1980-90 കാലയളവ് തൊട്ട് തന്നെയാണ് പശ്ചിമഘട്ട മേഖലയിലെ ഉരുള്‍പൊട്ടലുകളുടെ എണ്ണത്തിലും വര്‍ദ്ധനവ് സംഭവിച്ചിരിക്കുന്നത് (ഉരുള്‍പൊട്ടലുകളുടെ എണ്ണം സംബന്ധിച്ച ചാര്‍ട്ട് ശ്രദ്ധിക്കുക) എന്നത് യാദൃശ്ചികമാണെന്ന് കരുതാന്‍ ന്യായമില്ല. പാറ പൊട്ടിക്കുമ്പോള്‍ സംഭവിക്കുന്ന ഇലാസ്തിക തരംഗ(Shear Wave)ങ്ങള്‍ മലഞ്ചെരിവുകളുടെ ഭൗതിക ഘടനയില്‍ വരുത്തുന്ന മാറ്റങ്ങളെ സംബന്ധിച്ച കൂടുതല്‍ ശാസ്ത്രീയമായ പഠനങ്ങള്‍ കേരളത്തില്‍ നടക്കേണ്ടതുണ്ട്. വളരെച്ചെറിയൊരു ഭൂപ്രദേശത്ത് ഇത്രയധികം ഖനനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നതുകൊണ്ടുതന്നെ ജനങ്ങളുടെ സുരക്ഷയെയും പരിസ്ഥിതി സന്തുലനത്തെയും മുന്‍നിര്‍ത്തി ഇക്കാര്യം ഗൗരവപൂര്‍വ്വം പരിഗണിക്കാന്‍ അധികൃതര്‍ തയ്യാറാകണം.

കെ. സഹദേവന്‍

പരിസ്ഥിതി ആണവ വിരുദ്ധ പ്രവര്‍ത്തകന്‍. എഴുത്തുകാരന്‍, ഇന്ത്യയിലെ വിവിധ ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി പ്രവര്‍ത്തിച്ചുവരുന്നു. പരിസ്ഥിതി, വികസനം, ഊര്‍ജ്ജം, പരിസ്ഥിതി സമ്പദ്ശാസ്ത്രം, കാര്‍ഷിക മേഖല, വര്‍ഗ്ഗീയത തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ആനുകാലികങ്ങളില്‍ എഴുതുന്നു.

We use cookies to give you the best possible experience. Learn more