|

ആന്ധ്രപ്രദേശില്‍ ചരിത്രം വഴിമാറി; ദളിത് വനിത ആന്ധ്രപ്രദേശിന്റെ ആഭ്യന്തര മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചതിന് പിന്നാലെ ദളിത് വനിതയെ സംസ്ഥാനത്തിന്റെ ആദ്യ ആഭ്യന്തര മന്ത്രിയായി തെരഞ്ഞെടുത്ത് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി. മേഘതൊട്ടി സുചരിതയെയാണ് ആഭ്യന്തര മന്ത്രിയായി നിര്‍ദേശിച്ചത്.

പ്രതിപടു നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് മേഘതൊട്ടി സുപരിചിത. ഉപമുഖ്യമന്ത്രിമാരടങ്ങുന്ന മന്ത്രിസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് കാലത്ത് നടന്നു.

തെലങ്കാന സംസ്ഥാനം രൂപീകരിച്ചതിന് ശേഷമുള്ള നിലവിലെ ആന്ധ്രപ്രദേശ് സംസ്ഥാനത്തെ ആദ്യ ദളിത് വനിതാ ആഭ്യന്തര മന്ത്രിയാണ് സുചാരിത. ജഗന്‍മോഹന്‍ റെഡ്ഡിയുടെ പിതാവ് വൈ.എസ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് സംസ്ഥാനത്ത് ആദ്യമായി വനിതാ ആഭ്യന്തര മന്ത്രിയുണ്ടാവുന്നത്.

അഞ്ച് ഉപമുഖ്യമന്ത്രിമാരെ ഉള്‍പ്പെടുത്തി 25 അംഗ മന്ത്രിസഭയ്ക്കാണ് ജഗന്‍ രൂപം നല്‍കിയിരിക്കുന്നത്. ഇത് ആദ്യമായാണ് രാജ്യത്ത് ഒരു മുഖ്യമന്ത്രി അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നത്. പട്ടികജാതി, പട്ടികവര്‍ഗം, ഒ.ബി.സി, കാപു സമുദായം, ന്യൂനപക്ഷം എന്നീ വിഭാഗങ്ങളില്‍ നിന്നാണ് ഉപമുഖ്യമന്ത്രിമാര്‍.

‘എല്ലാ വിഭാഗത്തില്‍നിന്നും മതത്തില്‍നിന്നുമുള്ള ആളുകള്‍ അവരുടെ വിശ്വാസവും പ്രതീക്ഷയും ജഗനില്‍ അര്‍പ്പിച്ചിരിക്കുകയാണ്. എല്ലാവരുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇത് സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും തൃപ്തിപ്പെടുമെന്ന് തീര്‍ച്ചയാണ്’, ഒരു പാര്‍ട്ടി നേതാവ് പറഞ്ഞു.

ജനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആരും അഴിമതി നടത്തരുതെന്നും ജഗന്‍ എം.എല്‍.എമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. വലിയ ഉത്തരവാദിത്വമാണ് ഓരോരുത്തര്‍ക്കും ഉള്ളതെന്നും ജനങ്ങളോടുള്ള ഇടപെടലുകളില്‍ സുതാര്യത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടര വര്‍ഷത്തിന് ശേഷം മന്ത്രിസഭ പുനഃസംഘടിപ്പിക്കും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി അതിന്റെ അടിസ്ഥാനത്തിലായിരിക്കും പുന:സംഘടനയെന്നും അദ്ദേഹം വ്യക്തമാക്കി.

Latest Stories

Video Stories